ഫ്‌ളോറിഡ വിമാനാപകടത്തില്‍ കൊല്ലപ്പെട്ട സഹപൈലറ്റിന് 20 വയസ് മാത്രം: പൈലറ്റ് ലൈസന്‍സ് നേടിയത് 17-ാം വയസില്‍

ഫ്‌ളോറിഡ വിമാനാപകടത്തില്‍ കൊല്ലപ്പെട്ട സഹപൈലറ്റിന് 20 വയസ് മാത്രം: പൈലറ്റ് ലൈസന്‍സ് നേടിയത് 17-ാം വയസില്‍

വാഷിംഗടണ്‍: ഫ്‌ളോറിഡയില്‍ വിമാനം തകര്‍ന്ന് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ട സഹപൈലറ്റ് നതാലിയ ഗഡെല്‍ഹ ഫില്‍ഗ്വെയ്റസിന്റെ പൈലറ്റായുളള കടന്നുവരവ് ചര്‍ച്ചയാകുന്നു. 17-ാം വയസില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനിയായിരിക്കെയാണ് നതാലിയ പൈലറ്റ് ലൈസന്‍സ് നേടിയത്. ഈ ആഴ്ച ആദ്യം ടെക്‌സസിലെ ഓസ്റ്റിനില്‍നിന്ന് ബഹാമസിലേക്ക് പോകുകയായിരുന്ന ചെറിയ ലിയര്‍ജെറ്റ് വിമാനം സൗത്ത് ഫ്‌ലോറിഡയില്‍ തകര്‍ന്നുവീഴുകയായിരുന്നു. അപകടത്തിന് തൊട്ടുമുമ്പ് വിമാനത്തില്‍നിന്നുള്ള അടിയന്തര സന്ദേശത്തില്‍ 20-കാരിയായ നതാലിയയുടെ സഹായത്തിനായുള്ള നിലവിളി എയര്‍ ട്രാഫിക് കണ്‍ട്രോള്‍ റെക്കോര്‍ഡിംഗില്‍ പതിഞ്ഞിരുന്നു. ‘മേയ്ഡേ, മേയ്ഡേ’ എന്നായിരുന്നു നതാലിയയുടെ സന്ദേശം.

അപകടത്തിന് തൊട്ടുമുമ്പ് വിമാനത്തില്‍ മഞ്ഞ് അടിഞ്ഞുകൂടുന്നതായും പുറത്തെ താപനില മൈനസ് 47 ഡിഗ്രി സെല്‍ഷ്യസാണെന്നും നതാലിയ എയര്‍ ട്രാഫിക് കണ്‍ട്രോളിനെ അറിയിച്ചിരുന്നു. ശക്തമായ കാറ്റും പ്രക്ഷുബ്ധമായ കാലാവസ്ഥയും കാരണം വിമാനം ഏകദേശം 700 അടി വരെ ഉയരുകയും താഴുകയും ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്. പിന്നാലെ വിമാനം മിനിറ്റില്‍ 10,000 അടി വേഗത്തില്‍ താഴേക്ക് പതിക്കുകയാണെന്ന് നതാലിയ മുന്നറിയിപ്പ് നല്‍കി.പിന്നീട് മിനിറ്റില്‍ 20,000 അടി വേഗത്തില്‍ താഴേക്ക് പതിക്കുകയാണെന്നും വിമാനം നിലത്തിടിക്കുമെന്നും അവര്‍ നിലവിളിച്ചു. വിമാനത്തിന്റെ വിവരങ്ങള്‍ രേഖപ്പെടുത്തുന്ന ADS-B Exchange ഡാറ്റ പ്രകാരം ഒരു മിനിറ്റിനുള്ളില്‍ 27,000 അടി താഴേക്ക് പതിച്ച ശേഷമാണ് ലിയര്‍ജെറ്റ് 60 തകര്‍ന്നത്.

വെസ്റ്റ് ബോക റാറ്റണ്‍ കമ്മ്യൂണിറ്റി ഹൈസ്‌കൂളില്‍ അവസാന വര്‍ഷ വിദ്യാര്‍ഥിനിയായിരിക്കെ 2023-ലാണ് നതാലിയ പൈലറ്റ് ലൈസന്‍സ് നേടിയത്. 2020-ല്‍ തന്നെ പറക്കല്‍ പരിശീലനം ആരംഭിച്ചിരുന്ന അവര്‍ക്ക് പിതാവും പരിശീലനം നല്‍കിയിരുന്നു. ബ്രസീലിയന്‍ വംശജയായ നതാലിയയുടെ കുടുംബം ഫ്‌ലോറിഡയിലാണ് താമസിച്ചിരുന്നത്. സ്‌കൂളിലെ പ്രത്യേക ഏവിയേഷന്‍ അക്കാദമിയുടെ ഭാഗമായാണ് പരിശീലനം ലഭിച്ചത്. വിമാന സിമുലേറ്ററുകളിലും ഡ്രോണുകളിലും പരിശീലനം നല്‍കുന്ന പദ്ധതിയുടെ ഭാഗമായി പാം ബീച്ച് കൗണ്ടി സ്‌കൂള്‍ അധികൃതരാണ് ലൈസന്‍സ് നേടുന്നതിനുള്ള ചെലവ് വഹിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡ്രൈവിങ് ലൈസന്‍സ് ലഭിക്കുന്നതിന് മുമ്പുതന്നെ സ്വകാര്യ പൈലറ്റ് ലൈസന്‍സ് നേടിയ നതാലിയ പ്രാദേശിക മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു.

ഒമ്പത് മാസമായി വാണിജ്യ പൈലറ്റായി ജോലി ചെയ്തുവരികയായിരുന്നുവെന്ന് നതാലിയയുടെ അമ്മ കാമില ഗഡെല്‍ഹ കോര്‍ട്ടെലെറ്റി പറഞ്ഞു. ഉത്തരവാദിത്തബോധവും കഠിനാധ്വാനശീലവുമുള്ള മകളായിരുന്നു നതാലിയയെന്നും സഹപൈലറ്റ് എന്ന നിലയില്‍ വിമാനത്തിന്റെ നിയന്ത്രണവുമായി ബന്ധപ്പെട്ട അന്തിമ തീരുമാനങ്ങള്‍ എടുക്കാന്‍ അവള്‍ക്ക് അധികാരമില്ലായിരുന്നുവെന്നും അമ്മ വ്യക്തമാക്കി. വിമാനത്തില്‍ യാത്ര ചെയ്യാനുള്ള യോഗ്യത നതാലിയയുടെ ലൈസന്‍സിലുണ്ടായിരുന്നെങ്കിലും വിമാനത്തിന്റെ കമാന്‍ഡര്‍ പദവിയിലിരിക്കാനുള്ള അനുമതി ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. ഏകദേശം 1,300 മണിക്കൂര്‍ പറക്കല്‍ പരിചയം നതാലിയയ്ക്കുണ്ടായിരുന്നുവെന്ന് അച്ഛന്‍ തിയാഗോ കോര്‍ട്ടെലെറ്റിയും വെളിപ്പെടുത്തി.

അപകടത്തില്‍ നതാലിയ ഉള്‍പ്പെടെ ഒന്‍പതുപേര്‍ കൊല്ലപ്പെട്ടു. ആദം റോബിന്‍സണ്‍, ഭാര്യ ഹെലന്‍ ഷാര്‍പ്പ്, ഇവരുടെ നാല് വയസുകാരിയായ മകള്‍ എമ്മ, രണ്ട് വയസുകാരനായ മകന്‍ ചാര്‍ലി എന്നിവരും മരിച്ചു. കുട്ടികളെ പരിചരിച്ചിരുന്ന അനിത മരിയ സെറ്റിന, റേച്ചല്‍ റീഡ്, ചാര്‍മി ഫെര്‍ എന്നിവരാണ് മരണപ്പെട്ട മറ്റുളളവര്‍. . മറ്റൊരു പൈലറ്റിന്റെ പേര് ഉടന്‍ പുറത്തുവിട്ടിട്ടില്ല. ഇമെയില്‍ മാര്‍ക്കറ്റിംഗ് പ്ലാറ്റ്ഫോമായ റോബ്ലിയുടെ സഹസ്ഥാപകനും റിട്ടന്‍ഷന്‍ ഡോട്ട് കോമിന്റെ സ്ഥാപകനുമായിരുന്നു ആദം റോബിന്‍സണ്‍. ഓസ്റ്റിന്‍ നഗരത്തിലെ സാങ്കേതിക സംരംഭക മേഖലയിലെ ശ്രദ്ധേയ വ്യക്തിത്വമായിരുന്നു അദ്ദേഹം. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അനുശോചനം അറിയിച്ച് ഓസ്റ്റിന്‍ ടെക്‌നോളജി കൗണ്‍സില്‍ മേധാവി തോം സിംഗറും രംഗത്തെത്തി.

Co-pilot killed in Florida plane crash was only 20 years old; obtained pilot’s license at age 17.

Share Email
LATEST excelnclexrn
More Articles
Top