ജറുസലം: ബെഞ്ചമിൻ നെതന്യാഹു സർക്കാരിനെ അധികാരത്തിൽനിന്ന് പുറത്താക്കാൻ ലക്ഷ്യമിട്ട് പ്രതിപക്ഷ നേതാവും യാഷാർ പാർട്ടി അധ്യക്ഷനുമായ ഗാഡി ഐസൻകോട്ട് നിർണായക രാഷ്ട്രീയ നീക്കങ്ങൾക്ക് തുടക്കമിട്ടു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇസ്രയേലി ജനത നെതന്യാഹു ഭരണത്തിനെതിരെ വ്യക്തമായ വിധി എഴുതിയെന്ന് പ്രഖ്യാപിച്ച ഐസൻകോട്ട്, അറബ്-ഇടത് പാർട്ടികളെ ഒപ്പംചേർത്ത് പുതിയ സർക്കാർ രൂപീകരിക്കാനുള്ള സന്നദ്ധത അറിയിച്ചു. എന്നാൽ, പുതിയ സർക്കാരിന്റെ ഭാഗമാകാൻ തന്നോടൊപ്പം ചേരുന്ന രാഷ്ട്രീയ കക്ഷികൾക്കായി അദ്ദേഹം കർശന നിബന്ധനകൾ മുന്നോട്ടുവെച്ചിട്ടുണ്ട്. ഇസ്രയേലിനെ ജൂത രാഷ്ട്രമായി അംഗീകരിക്കുക, ഹമാസിനെ ഭീകരസംഘടനയായി പ്രഖ്യാപിക്കുക, സാർവത്രിക സൈനിക സേവനം നടപ്പിലാക്കുക എന്നിവയാണ് പ്രധാന ഉപാധികൾ. 2023 ഒക്ടോബർ ഏഴിലെ സുരക്ഷാ വീഴ്ചകളെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക കമ്മീഷൻ രൂപീകരിക്കുമെന്നും ജുഡീഷ്യൽ പരിഷ്കാരങ്ങൾ റദ്ദാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
120 അംഗ നെസെറ്റിൽ കേവലഭൂരിപക്ഷത്തിന് 61 സീറ്റുകൾ ആവശ്യമാണെന്നിരിക്കെ, ബെഞ്ചമിൻ നെതന്യാഹുവിന്റെ സഖ്യത്തിന് 53 സീറ്റുകൾ മാത്രമേ നേടാനായുള്ളൂ. മറുവശത്ത് നെതന്യാഹുവിനെ എതിർക്കുന്ന പ്രതിപക്ഷ കക്ഷികൾക്ക് ആകെ 67 സീറ്റുകളുണ്ട്. എന്നാൽ, ഈ 67 സീറ്റുകളിൽ സയണിസ്റ്റ് പ്രതിപക്ഷ പാർട്ടികൾക്ക് 48 സീറ്റുകൾ മാത്രമാണുള്ളത്. ബാക്കി 19 സീറ്റുകൾ അറബ് പാർട്ടികളുടെതാണ് (ജോയിന്റ് ലിസ്റ്റ് – 11, റാം പാർട്ടി – 8). സയണിസ്റ്റ് പ്രതിപക്ഷത്തിന് സ്വന്തമായി കേവലഭൂരിപക്ഷം തികയ്ക്കാൻ കഴിയില്ലെന്നിരിക്കെ, പുതിയ സർക്കാരുണ്ടാക്കുന്നതിൽ അറബ് പാർട്ടികളുടെ നിലപാട് ഏറ്റവും നിർണായകമായി മാറിയിരിക്കുകയാണ്.
ഐസൻകോട്ടിന്റെ ആഹ്വാനത്തോട് ജാഗ്രതയോടെയാണെങ്കിലും അനുകൂലമായാണ് അറബ് പാർട്ടികൾ പ്രതികരിക്കുന്നത്. നെതന്യാഹു സർക്കാരിനെ അധികാരത്തിൽനിന്ന് താഴെയിറക്കാൻ സയണിസ്റ്റ് പ്രതിപക്ഷത്തെ പുറത്തുനിന്ന് പിന്തുണയ്ക്കാൻ തയ്യാറാണെന്ന് ജോയിന്റ് ലിസ്റ്റ് സഖ്യത്തിലെ മുതിർന്ന നേതാവ് അഹമ്മദ് തിബി വ്യക്തമാക്കി. എന്നാൽ തങ്ങൾ പുതിയ സർക്കാരിന്റെ ഭാഗമാകാൻ താല്പര്യപ്പെടുന്നില്ലെന്ന് അദ്ദേഹം എടുത്തുപറഞ്ഞു.
അറബ് പാർട്ടികളുടെ 19 സീറ്റുകൾക്ക് പുറമെ, അൾട്രാ ഒർത്തഡോക്സ് വിഭാഗത്തിൽപ്പെട്ട യുണൈറ്റഡ് തോറ ജൂഡായിസം (UTJ – 7 സീറ്റുകൾ) പാർട്ടിയും ഐസൻകോട്ട് നയിക്കുന്ന ന്യൂനപക്ഷ സർക്കാരിന് പുറത്തുനിന്ന് പിന്തുണ നൽകുന്ന കാര്യം സജീവമായി പരിഗണിക്കുന്നുണ്ട്. പുതിയ സർക്കാർ രൂപീകരണ ചർച്ചകൾക്കായി ഇസ്രയേൽ പ്രസിഡന്റ് ഐസക് ഹെർസോഗ് ബുധനാഴ്ചമുതൽ വിവിധ പാർട്ടി പ്രതിനിധികളുമായി കൂടിക്കാഴ്ച ആരംഭിക്കും. ഇതിനുശേഷം ഏറ്റവും കൂടുതൽ അംഗങ്ങളുടെ ശുപാർശ ലഭിക്കുന്ന നേതാവിന് സർക്കാർ രൂപവത്കരിക്കാൻ പ്രസിഡന്റ് 28 ദിവസത്തെ സമയം അനുവദിക്കും.

















