തെരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നാലെ ട്രംപിന്റെ വിശ്വസ്ഥയും ഇന്ത്യന്‍ വംശജയുമായ ഹര്‍മീത് ധില്ലണ്‍ പൗരാവകാശ വിഭാഗം മേധാവി സ്ഥാനം ഒഴിഞ്ഞു

തെരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നാലെ ട്രംപിന്റെ വിശ്വസ്ഥയും ഇന്ത്യന്‍ വംശജയുമായ ഹര്‍മീത് ധില്ലണ്‍ പൗരാവകാശ വിഭാഗം മേധാവി സ്ഥാനം ഒഴിഞ്ഞു

വാഷിംഗ്ടണ്‍: യുഎസിലെ ഇടക്കാല തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ ട്രംപിന്റെ വിശ്വസ്തയും ഇന്ത്യന്‍ വംശജയുമായ ഹര്‍മീത് ധില്ലണ്‍ യുഎസ് നീതിന്യായ വകുപ്പിന്റെ പൗരാവകാശ വിഭാഗം മേധാവി സ്ഥാനം ഒഴിഞ്ഞു. മിഡ്ടേം തിരഞ്ഞെടുപ്പിന് പിന്നാലെ ട്രംപ് ഭരണകൂടത്തില്‍നിന്ന് രാജിവെക്കുന്ന ആദ്യ മുതിര്‍ന്ന ഉദ്യോഗസ്ഥയാണ് അസിസ്റ്റന്റ് അറ്റോര്‍ണി ജനറലായ ഹര്‍മീത് ധില്ലണ്‍. തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിക്കുണ്ടായ തിരിച്ചടിക്ക് പിന്നാലെയാണ് രാജി എന്നത് ശ്രദ്ധേയമാണ്.

അറ്റോര്‍ണി ജനറല്‍ ടോഡ് ബ്ലാഞ്ചെയാണ് സമൂഹമാധ്യമ പോസ്റ്റിലൂടെ രാജിക്കാര്യം അറിയിച്ചത്. പൗരാവകാശ വിഭാഗത്തെ ദൃഢനിശ്ചയത്തോടെ നയിച്ച വ്യക്തിയാണ് ധില്ലണെന്ന് അദ്ദേഹം കുറിച്ചു. അമേരിക്കക്കാരുടെ പൗരസ്വാതന്ത്ര്യങ്ങള്‍ സംരക്ഷിക്കുന്നതിലും ഭയമോ പക്ഷപാതമോ കൂടാതെ നിയമം നടപ്പാക്കുന്നതിലും അവര്‍ മികച്ച പ്രവര്‍ത്തനം നടത്തിയെന്നും ബ്ലാഞ്ചെ പറഞ്ഞു. പൊതുസേവനത്തിനായി നടത്തിയ സമര്‍പ്പിത പ്രവര്‍ത്തനങ്ങള്‍ക്ക് നീതിന്യായ വകുപ്പ് നന്ദി അറിയിക്കുന്നതായും ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് ആശംസകള്‍ നേരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചണ്ഡീഗഡില്‍ പഞ്ചാബി സിഖ് കുടുംബത്തിലാണ് ഹര്‍മീത് കൗര്‍ ധില്ലണ്‍ ജനിച്ചത്. കുടുംബം ആദ്യം ലണ്ടനിലേക്ക് കുടിയേറുകയും പിന്നീട് അമേരിക്കയില്‍ സ്ഥിരതാമസമാക്കുകയുമായിരുന്നു. നീതിന്യായ വകുപ്പില്‍ ചേരുന്നതിന് മുമ്പ് വര്‍ഷങ്ങളോളം സാന്‍ഫ്രാന്‍സിസ്‌കോയില്‍ സ്വന്തം നിയമസ്ഥാപനം നടത്തിയിരുന്നു. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉറച്ച പിന്തുണക്കാരിയായ ധില്ലണ്‍ യാഥാസ്ഥിതിക രാഷ്ട്രീയ നിലപാടുകളുള്ള പോഡ്കാസ്റ്റുകളില്‍ പതിവായി അതിഥിയായെത്താറുണ്ട്. സമൂഹമാധ്യമങ്ങളിലും അവര്‍ സജീവമാണ്.

മുന്‍ഗാമികളില്‍നിന്ന് വ്യത്യസ്തമായി പൗരാവകാശ വിഭാഗം ഏറ്റെടുത്ത പ്രവര്‍ത്തനങ്ങ ളെക്കുറിച്ചുള്ള വീഡിയോകള്‍ ധില്ലണ്‍ പതിവായി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. വിഭാഗത്തിന്റെ അന്വേഷണങ്ങളും നടപടികളും പൊതുജനങ്ങളിലേക്ക് നേരിട്ട് എത്തിക്കുന്നതിലും അവര്‍ ശ്രദ്ധിച്ചിരുന്നു. ഔദ്യോഗിക പ്രവര്‍ത്തനങ്ങള്‍ പരസ്യമായി അവതരിപ്പിക്കുന്നതില്‍ സമൂഹമാധ്യമങ്ങളെ വ്യാപകമായി ഉപയോഗിച്ച ഉദ്യോഗസ്ഥയെന്ന നിലയിലും അവര്‍ ശ്രദ്ധിക്കപ്പെട്ടു.സമൂഹമാധ്യമങ്ങളില്‍ കാണുന്ന വിവിധ പോസ്റ്റുകളില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് പലപ്പോഴും പൗരാവകാശ അന്വേഷണങ്ങള്‍ക്കുള്ള ആശയങ്ങള്‍ രൂപപ്പെടുത്തിയിരുന്നതെന്ന് മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖങ്ങളില്‍ ധില്ലണ്‍ വെളിപ്പെടുത്തിയിരുന്നു. അവരുടെ ഈ പ്രവര്‍ത്തനരീതിയും സമൂഹമാധ്യമങ്ങളിലെ സജീവ സാന്നിധ്യവും ഭരണകാലത്ത് ശ്രദ്ധ നേടിയിരുന്നു. രാജിയോടെ ട്രംപ് ഭരണകൂടത്തിലെ ഒരു പ്രധാന ഇന്ത്യന്‍ വംശജ ഉദ്യോഗസ്ഥയുടെ ഔദ്യോഗിക ചുമതലയ്ക്കാണ് അവസാനമാകുന്നത്.

Following the election setback, Harmeet Dhillon—a Trump loyalist of Indian origin—has stepped down as head of the civil rights division.

Share Email
Top