വാഷിംഗ്ടണ്‍: രാഷ്ട്രീയ പ്രേരിതമായ ഫെഡറല്‍ റിസര്‍വിന്റെ നിലപാടുകളാണ് അമേരിക്കയില്‍ പലിശനിരക്ക് ഉയര്‍ന്നുനില്‍ക്കാന്‍ കാരണമെന്ന രൂക്ഷ വിമര്‍ശനവുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പലിശനിരക്ക് കുറയ്ക്കുകയാണെങ്കില്‍ അമേരിക്കയ്ക്ക് 15 മുതല്‍ 20 ശതമാനം വരെ ജിഡിപി വളര്‍ച്ച കൈവരിക്കാനാകുമെന്നും ഇന്ത്യയെ ഉദാഹരണമായി ചൂണ്ടിക്കാട്ടി ട്രംപ് പറഞ്ഞു. വെള്ളിയാഴ്ച വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയില്‍ കുറഞ്ഞ പലിശനിരക്കിനൊപ്പം ഏഴ് ശതമാനം സാമ്പത്തിക വളര്‍ച്ചയുണ്ടെന്നും സമാനമായ സമീപനം സ്വീകരിച്ചാല്‍ അമേരിക്കയ്ക്കും ഉയര്‍ന്ന വളര്‍ച്ച നേടാനാകുമെന്നും ട്രംപ് അവകാശപ്പെട്ടു.
രാഷ്ട്രീയ സ്വഭാവമുള്ള ഫെഡറല്‍ റിസര്‍വാണ് അമേരിക്കയില്‍ ഉയര്‍ന്ന പലിശനിരക്കിന് പിന്നിലെന്നായിരുന്നു ട്രംപിന്റെ ആരോപണം. മികച്ച സാമ്പത്തിക കണക്കുകള്‍ പുറത്തുവരുമ്പോഴെല്ലാം പലിശനിരക്ക് ഉയര്‍ത്തുകയാണ് ഫെഡറല്‍ റിസര്‍വ് ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സാമ്പത്തിക പ്രകടനം മെച്ചപ്പെടുമ്പോള്‍ പലിശനിരക്ക് ഉയര്‍ത്തുന്നതിന് പകരം കുറയ്ക്കുകയാണ് വേണ്ടതെന്നും ട്രംപ് പറഞ്ഞു. മികച്ച സാമ്പത്തിക വളര്‍ച്ചയും വായ്പ തിരിച്ചടവിനുള്ള ശേഷിയും പ്രകടമാകുമ്പോള്‍ കൂടുതല്‍ അനുകൂലമായ പലിശനിരക്കാണ് ലഭിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമേരിക്കയുടെ സാമ്പത്തിക വളര്‍ച്ചാ സാധ്യതകളെ ഉയര്‍ന്ന പലിശനിരക്ക് പ്രതികൂലമായി ബാധിക്കുകയാണെന്നും ട്രംപ് ആരോപിച്ചു.
ആഗോള സമ്പദ്വ്യവസ്ഥയില് അമേരിക്കയ്ക്കുള്ള സ്ഥാനവും മറ്റ് രാജ്യങ്ങളുടെ സാമ്പത്തിക മുന്നേറ്റത്തില്‍ അമേരിക്ക വഹിക്കുന്ന പങ്കും ചൂണ്ടിക്കാട്ടിയ ട്രംപ്, ചില രാജ്യങ്ങള്‍ സാമ്പത്തികമായി മുന്‍നിരയിലെത്തിയത് അമേരിക്കയുടെ പിന്തുണയിലൂടെയാണെന്നും പറഞ്ഞു. 2023നുശേഷം ആദ്യമായി സെപ്റ്റംബറില്‍ യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് 25 ബേസിസ് പോയിന്റ് ഉയര്‍ത്തിയതിന് പിന്നാലെയാണ് ട്രംപിന്റെ വിമര്‍ശനം. പണപ്പെരുപ്പം ഫെഡറലിന്റെ രണ്ട് ശതമാനം ലക്ഷ്യത്തേക്കാള്‍ ഉയര്‍ന്നുനില്‍ക്കുന്നതിനാല്‍ അത് നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകത ഫെഡറല്‍ ചെയര്മാന് കെവിന് വാര്‍ഷ് ചൂണ്ടിക്കാട്ടിയിരുന്നു. പലിശനിരക്ക് ഉയര്‍ത്താനുള്ള തീരുമാനത്തെ ട്രംപ് നേരത്തെയും ശക്തമായി എതിര്‍ത്തിരുന്നു.
‘Look at India’; Trump criticizes US central bank over high interest rates
















