MANTRAH SHAKTHEYAM 2027′ മെക്‌സിക്കോ കിക്കോഫ് ശ്രദ്ധേയമായി; സൗഹൃദത്തിന്റെയും കൂട്ടായ്മയുടെയും പുതിയ തുടക്കം

MANTRAH SHAKTHEYAM 2027′ മെക്‌സിക്കോ കിക്കോഫ് ശ്രദ്ധേയമായി; സൗഹൃദത്തിന്റെയും കൂട്ടായ്മയുടെയും പുതിയ തുടക്കം

രഞ്ജിത് ചന്ദ്രശേഖര്‍

മോണ്ടെറേ, (മെക്‌സിക്കോ:); വടക്കേ അമേരിക്കയിലെ മലയാളി ഹൈന്ദവ സംഘടനയായ MANTRAH (Malayalee Association of North American Hindus) സംഘടിപ്പിക്കുന്ന SHAKTHEYAM 2027 ഗ്ലോബല്‍ ഹിന്ദു കണ്‍വെന്‍ഷന്റെ മെക്‌സിക്കോ കിക്കോഫ് നവംബര്‍ 14-ന് മോണ്ടെറേയില്‍ വിജയകരമായി നടന്നു.

അമേരിക്കയില്‍ നടക്കുന്ന ഒരു മലയാളി ഹൈന്ദവ കണ്‍വെന്‍ഷന്റെ കിക്കോഫ് ആദ്യമായി മെക്‌സിക്കോയില്‍ സംഘടിപ്പിച്ചതിലൂടെ MANTRAH പുതിയൊരു ചരിത്രനേട്ടത്തിന് തുടക്കം കുറിച്ചു. രാജ്യാന്തര തലത്തില്‍ മലയാളി ഹൈന്ദവ സമൂഹങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും ആത്മീയ, സാംസ്‌കാരിക കൂട്ടായ്മകള്‍ വിപുലീകരിക്കുന്നതിനുമുള്ള ശ്രദ്ധേയമായ ചുവടുവയ്പ്പായി പരിപാടി മാറി.

MANTRAH ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ *ഹരി ശിവരാമന്‍, ദേശീയ പ്രസിഡന്റ് **കൃഷ്ണരാജ് മോഹനന്‍, ജനറല്‍ സെക്രട്ടറി *ഉണ്ണി തൊയക്കാട്ട് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. അമേരിക്കയില്‍ നിന്നെത്തിയ MANTRAH അംഗങ്ങളുടെ സാന്നിധ്യവും പരിപാടിക്ക് കൂടുതല്‍ പ്രാധാന്യം നല്‍കി.

MANTRAH ട്രസ്റ്റി ബോര്‍ഡ് അംഗവും സംഘടനയുടെ സ്ഥാപക അംഗം എന്ന നിലയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ശ്രീ ഹരീന്ദ്രനാഥ് വെങ്ങിലാട്ട് മെക്‌സിക്കോ കിക്കോഫിന്റെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിച്ചു. പരിപാടിയുടെ ആസൂത്രണം മുതല്‍ വിജയകരമായ നടത്തിപ്പ് വരെയുള്ള അദ്ദേഹത്തിന്റെ നേതൃത്വവും ആത്മാര്‍ത്ഥമായ പരിശ്രമങ്ങളും പ്രത്യേകം ശ്രദ്ധേയമായി.

ദീര്‍ഘകാലമായി സാമൂഹിക, സാംസ്‌കാരിക രംഗങ്ങളില്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങളും സമൂഹത്തിന് നല്‍കിയ വിലപ്പെട്ട സംഭാവനകളും പരിഗണിച്ച് ശ്രീ ഹരീന്ദ്രനാഥ് വെങ്ങിലാട്ടിനെയും ശ്രീമതി അപര്‍ണയെയും MANTRAH പൊന്നാട അണിയിച്ച് ആദരിച്ചു. പ്രവാസി സമൂഹത്തില്‍ സൗഹൃദവും ഐക്യവും പരസ്പരസഹകരണവും വളര്‍ത്തുന്നതിനായി ഇരുവരും നടത്തിവരുന്ന പ്രവര്‍ത്തനങ്ങളെ ചടങ്ങില്‍ പ്രത്യേകം അഭിനന്ദിച്ചു.

മെക്‌സിക്കോയിലെ മോണ്ടെറേയില്‍ താമസിക്കുന്ന പ്രാദേശിക ഹൈന്ദവ സമൂഹാംഗങ്ങളുമായും മലയാളികളുമായും MANTRAH പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തുകയും ആശയവിനിമയം നടത്തുകയും ചെയ്തു. SHAKTHEYAM 2027 കണ്‍വെന്‍ഷനെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെച്ചപ്പോള്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്. കൂടിക്കാഴ്ചയില്‍ പങ്കെടുത്തവര്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു.

മോണ്ടെറേയിലെ ഹൈന്ദവ സമൂഹം സംഘടിപ്പിക്കുന്ന പ്രാദേശിക ആത്മീയ, സാംസ്‌കാരിക, സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക് MANTRAHയുടെ പൂര്‍ണ പിന്തുണയും സഹകരണവും ദേശീയ പ്രസിഡന്റ് കൃഷ്ണരാജ് മോഹനന്‍ വാഗ്ദാനം ചെയ്തു.

”വ്യക്തികള്‍ തമ്മിലുള്ള ബന്ധങ്ങള്‍ ശക്തിപ്പെടുത്തുകയും പരസ്പരവിശ്വാസത്തിലും സൗഹൃദത്തിലും അധിഷ്ഠിതമായ കൂട്ടായ്മകള്‍ വളര്‍ത്തിയെടുക്കുകയും ചെയ്യേണ്ടത് ഏറെ പ്രധാനമാണ്. ജീവിതത്തിലെ വിവിധ സാഹചര്യങ്ങളില്‍ ഇത്തരം ബന്ധങ്ങള്‍ പരസ്പരസഹായത്തിനും സഹകരണത്തിനും വിലപ്പെട്ട അവസരങ്ങളൊരുക്കും. ഇത്തരം ബന്ധങ്ങള്‍ സ്ഥാപിക്കുന്നതിനും നിലനിര്‍ത്തുന്നതിനുമുള്ള വേദികളാണ് സംഘടനകള്‍. സംഘടനാപരമായ അതിര്‍വരമ്പുകള്‍ക്കപ്പുറം മനുഷ്യബന്ധങ്ങള്‍ക്കും പരസ്പരസഹകരണത്തിനും മുന്‍ഗണന നല്‍കുക എന്നതായിരിക്കണം നമ്മുടെ ലക്ഷ്യം,” എന്ന് മന്ത്ര ദേശീയ പ്രസിഡന്റ് കൃഷ്ണരാജ് മോഹനന്‍ അഭിപ്രായപ്പെട്ടു.

രാജ്യങ്ങളുടെയും ഭൂമിശാസ്ത്രപരമായ അതിര്‍ത്തികളുടെയും വ്യത്യാസങ്ങള്‍ക്കപ്പുറം പരസ്പരസഹകരണത്തിന്റെയും സൗഹൃദത്തിന്റെയും കൂട്ടായ്മകള്‍ വളര്‍ത്തിയെടുക്കുക എന്നതാണ് മന്ത്ര ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

2027 ജൂലൈ 2 മുതല്‍ 5 വരെ കണക്റ്റിക്കട്ടിലെ സ്റ്റാംഫോര്‍ഡിലുള്ള DoubleTree by Hilton ഹോട്ടലില്‍ നടക്കുന്ന SHAKTHEYAM 2027 ഗ്ലോബല്‍ ഹിന്ദു കണ്‍വെന്‍ഷന്‍, വടക്കേ അമേരിക്കയിലെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെയും മലയാളി ഹൈന്ദവ കുടുംബങ്ങളെ ഒരുമിപ്പിക്കുന്ന മഹാസംഗമമായിരിക്കും.

ആത്മീയത, സംസ്‌കാരം, പാരമ്പര്യം, കുടുംബബന്ധങ്ങള്‍, യുവജന പങ്കാളിത്തം എന്നിവയ്ക്ക് പ്രാധാന്യം നല്‍കുന്ന കണ്‍വെന്‍ഷന്റെ സന്ദേശം കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പായി മെക്‌സിക്കോ കിക്കോഫ് മാറി.

മെക്‌സിക്കോയിലെ മോണ്ടെറേയില്‍ നടന്ന ഈ ചരിത്രപരമായ തുടക്കം, MANTRAHയുടെ രാജ്യാന്തര സൗഹൃദബന്ധങ്ങള്‍ക്കും ഭാവിയിലെ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്കും പുതിയ സാധ്യതകള്‍ തുറന്നുകൊടുത്തു.

‘MANTRAH SHAKTHEYAM 2027’ Mexico Kickoff Makes an Impact; A New Beginning for Friendship and Togetherness

Share Email
LATEST excelnclexrn
Top