സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ കിങ് അബ്ദുള്ള ഫിനാൻഷ്യൽ ഡിസ്ട്രിക്റ്റിലുള്ള പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് (പിഐഎഫ്) ടവറിന് നേരെ ഹൂതികളുടെ മിസൈൽ ആക്രമണം. ആക്രമണത്തിൽ രണ്ട് ഇന്ത്യക്കാരുൾപ്പെടെ 11 പേർക്ക് പരിക്കേൽക്കുകയും കെട്ടിടത്തിന് വൻ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തതായാണ് റിപ്പോർട്ട്. നടന്നത് ഭീകരാക്രമണമാണെന്നും ഭീരുക്കളാണ് ആക്രമിച്ചതെന്നും പ്രതികരിച്ച സൗദി സഖ്യസേന, സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും വക്താവ് മേജർ ജനറൽ തുർക്കി അൽ മാലികി മുഖേന അറിയിച്ചു.
കെട്ടിടത്തിൽ പതിച്ചത് പ്രൊജക്ടൈൽ മിസൈൽ ആണെന്ന് സ്ഥിരീകരിച്ചതായി എഎഫ്പി റിപ്പോർട്ട് ചെയ്തു. എന്നാൽ, ആക്രമണത്തിന് പിന്നിൽ ആരാണെന്നോ ആളപായമുണ്ടായിട്ടുണ്ടോയെന്നോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
റിയാദ് നഗരത്തിലെ ഏറ്റവും ഉയരമേറിയ കെട്ടിടമായ പിഐഎഫ് ടവറിന് നേരെ ഒരാഴ്ചയ്ക്കിടെ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്. നവംബർ 19-ന് നടന്ന ആദ്യ ആക്രമണത്തിൽ ടവറിന്റെ ഏതാനും നിലകൾക്കും സമീപത്തെ കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിരുന്നെങ്കിലും ആർക്കും പരിക്കേറ്റിരുന്നില്ല.
















