സർക്കാർ രേഖകൾ ചോർന്നു! കൊല്ലപ്പെട്ട റഷ്യൻ സൈനികരുടെ എണ്ണം അഞ്ച് ലക്ഷത്തോളമെന്ന് കണക്ക്; യഥാർത്ഥ മരണസംഖ്യ 7 ലക്ഷത്തിനടുത്തെത്താൻ സാധ്യത

സർക്കാർ രേഖകൾ ചോർന്നു! കൊല്ലപ്പെട്ട റഷ്യൻ സൈനികരുടെ എണ്ണം അഞ്ച് ലക്ഷത്തോളമെന്ന് കണക്ക്; യഥാർത്ഥ മരണസംഖ്യ 7 ലക്ഷത്തിനടുത്തെത്താൻ സാധ്യത

ലണ്ടൻ/മോസ്കോ: 2022 ഫെബ്രുവരിയിൽ പ്രസിഡന്‍റ് വ്ലാഡിമിർ പുടിൻ യുക്രെയ്നിൽ പൂർണ്ണതോതിലുള്ള അധിനിവേശം ആരംഭിച്ചതിനുശേഷം ഇതുവരെ 4,90,000-ത്തിലധികം റഷ്യൻ സൈനികർ കൊല്ലപ്പെട്ടതായി ചോർന്ന റഷ്യൻ സർക്കാർ രേഖകൾ വ്യക്തമാക്കുന്നു. ബി.ബി.സി ന്യൂസ് നടത്തിയ വിശകലനത്തിലാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. എന്നാൽ, മരണ രജിസ്ട്രേഷനിലെ കാലതാമസവും രേഖപ്പെടുത്താത്ത മരണങ്ങളും കണക്കിലെടുക്കുമ്പോൾ റഷ്യയുടെ ആകെ സൈനിക മരണസംഖ്യ ഏകദേശം 7 ലക്ഷത്തോളം (700,000) വരുമെന്നാണ് സ്വതന്ത്ര റഷ്യൻ മാധ്യമമായ ‘മീഡിയസോണ’യുടെ വിലയിരുത്തൽ.

യുക്രെയ്ൻ അനുകൂല ഹാക്കർ ഗ്രൂപ്പുകളായ ‘ബെലാറഷ്യൻ സൈബർ പാർട്ടിസാൻസ് ബി.വൈ’, യുക്രെയ്നിന്റെ ‘സൈലന്റ് ക്രോ’ എന്നിവർ അടുത്തിടെ നടത്തിയ സൈബർ ആക്രമണത്തിലൂടെയാണ് ഈ രേഖകൾ ചോർന്നത്. 2021 മുതൽ 2026 സെപ്റ്റംബർ വരെയുള്ള 1.1 കോടിയിലധികം മരണരേഖകളാണ് ബി.ബി.സിയും മീഡിയസോണയും വിശകലനം ചെയ്തത്. ഇതിൽ 4,90,334 റഷ്യൻ സൈനികർ യുദ്ധത്തിൽ കൊല്ലപ്പെട്ടതായി ബി.ബി.സി സ്ഥിരീകരിച്ചു.

രേഖകളിലെ മറ്റ് പ്രധാന കണ്ടെത്തലുകൾ

യുവാക്കളുടെ മരണം: 2025-ൽ റഷ്യയിൽ മരിച്ച 18-നും 24-നും ഇടയിൽ പ്രായമുള്ള യുവാക്കളിൽ 65 ശതമാനവും യുദ്ധത്തിലാണ് കൊല്ലപ്പെട്ടത്. 25-34 പ്രായപരിധിയിലുള്ളവരുടെ മരണങ്ങളിൽ 59 ശതമാനവും യുദ്ധം മൂലമായിരുന്നു. കഴിഞ്ഞ വർഷം റഷ്യൻ യുവാക്കളുടെ പ്രധാന മരണകാരണം യുദ്ധമായിരുന്നുവെന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നു.

അന്താരാഷ്ട്ര വിലയിരുത്തലുകൾ: യുദ്ധത്തിൽ ഏകദേശം അഞ്ച് ലക്ഷത്തോളം റഷ്യൻ സൈനികർ കൊല്ലപ്പെട്ടതായി ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജൻസിയായ ജി.സി.എച്ച്.ക്യു ഡയറക്ടർ ആൻ കീസ്റ്റ്-ബട്ട്ലർ കഴിഞ്ഞ മെയ് മാസത്തിൽ വ്യക്തമാക്കിയിരുന്നു.

യുക്രെയ്നിന്റെ നഷ്ടം: തങ്ങളുടെ 55,000 സൈനികർ കൊല്ലപ്പെട്ടതായി യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്‌കി ഫെബ്രുവരിയിൽ ആദ്യമായി വെളിപ്പെടുത്തിയിരുന്നു. എന്നാൽ, 2026 ജൂൺ വരെ ഏകദേശം 1,50,000 യുക്രെയ്ൻ സൈനികർ കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്നാണ് ‘സെന്റർ ഫോർ സ്ട്രാറ്റജിക് ആൻഡ് ഇന്റർനാഷണൽ സ്റ്റഡീസ്’ കണക്കാക്കുന്നത്.

യുദ്ധത്തിലെ സൈനിക മരണസംഖ്യ റഷ്യ ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ചോർന്ന രേഖകളെക്കുറിച്ചുള്ള ചോദ്യത്തിന്, സൈനിക നഷ്ടങ്ങളുടെ കണക്കുകൾ ഔദ്യോഗികമായി പുറത്തുവിടാൻ റഷ്യൻ പ്രതിരോധ മന്ത്രാലയത്തിന് മാത്രമേ അധികാരമുള്ളൂ എന്നും മറ്റ് കണക്കുകളൊന്നും ശ്രദ്ധിക്കേണ്ടതില്ലെന്നുമായിരുന്നു ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവിന്‍റെ പ്രതികരണം.

Share Email
LATEST excelnclexrn
Top