ടൊറാന്റോ : വ്യാജ കനേഡിയന്‍ പാസ്പോര്‍ട്ട് ഉപയോഗിച്ച് 16 തവണ കാനഡയില്‍ നിന്ന് പുറത്തുപോകുകയും തിരിച്ചെത്തുകയും ചെയ്ത ഘാന സ്വദേശിക്ക് രണ്ട് വര്‍ഷം തടവുശിക്ഷ. 22കാരനായ ജെഫേഴ്സണ്‍ സോര്മെലോയ്ക്കാണ് കാല്‍ഗറിയിലെ കോടതി ശിക്ഷ വിധിച്ചത്. കനേഡിയന്‍ പൗരത്വ നിയമം ലംഘിച്ചതായി കുറ്റസമ്മതം നടത്തിയതിനെ തുടര്‍ന്നാണ് നടപടി. കാനഡയുടെ പൗരത്വ സംവിധാനത്തിന്റെ വിശ്വാസ്യതയെ തകര്‍ക്കുന്ന കുറ്റകൃത്യമാണ് പ്രതി നടത്തിയതെന്ന് ജഡ്ജി കാരെന് മോളെ നിരീക്ഷിച്ചു.
2021ല്‍ പഠനത്തിനായായണ് സോര്മെലോ കാനഡയിലെത്തിയത്. എന്നാല്‍ 2024ല്‍ ഇയാള്‍ പഠനം തുടരുന്നില്ലെന്ന് അധികൃതര്‍ കണ്ടെത്തിയതോടെ രാജ്യത്തുനിന്ന് പുറത്താക്കുന്നതിനുള്ള ഉത്തരവ് പുറപ്പെടുവിച്ചു. ഇതിന് പിന്നാലെ വ്യാജ തിരിച്ചറിയല്‍ രേഖകളും പൗരത്വം തെളിയിക്കുന്ന രേഖകളും സംഘടിപ്പിച്ച ഇയാള്‍ മിച്ചല്‍ ലെബ്ലാങ്ക് എന്ന പേരില്‍ കനേഡിയന്‍ പാസ്പോര്‍ട്ട് സ്വന്തമാക്കി. 2024 ഡിസംബറിലാണ് പാസ്പോര്‍ട്ട് അനുവദിച്ചത്.
തുടര്‍ന്നുള്ള 15 മാസത്തിനിടെ മോണ്ട്രിയല്, ടൊറന്റോ, ഹാലിഫാക്സ് വിമാനത്താവളങ്ങള്‍ വഴി ഈ വ്യാജ പാസ്പോര്‍ട്ട് ഉപയോഗിച്ച് 16 തവണ കാനഡയില്‍ പ്രവേശിക്കുകയും പുറത്തുപോകുകയും ചെയ്തു. 2026 ഏപ്രിലില്‍ കാല്‍ഗറിയിലെ യുഎസ് കോണ്‍സുലേറ്റില്‍ വ്യാജ സ്ഥിരതാമസ രേഖ ഹാജരാക്കിയതോടെയാണ് ഇയാള്‍ പിടിയിലായത്. കാനഡ ബോര്‍ഡര്‍ സര്‍വീസസ് ഏജന്‍സി ഉദ്യോഗസ്ഥരാണ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഇയാള്‍ താമസിച്ചിരുന്ന ഹോട്ടല്‍ മുറിയില്‍ നടത്തിയ പരിശോധനയില്‍ വ്യാജ പാസ്പോര്‍ട്ടും മറ്റ് രേഖകളും കണ്ടെത്തി.
പ്രതിക്ക് അഞ്ച് വര്‍ഷം തടവ് നല്‍കണമെന്നായിരുന്നു പ്രോസിക്യൂട്ടര്‍ ടൈലര്‍ ലോര്‍ഡിന്റെ ആവശ്യം. എന്നാല്‍ ഘാനയിലെ ദാരിദ്ര്യവും ബാല്യകാലത്ത് നേരിട്ട ദുരനുഭവങ്ങളും പരിഗണിച്ച് ശിക്ഷ കുറയ്ക്കണമെന്ന് പ്രതിഭാഗം അഭിഭാഷകന് ഡെവിന് ഫ്രാങ്ക് കോടതിയോട് ആവശ്യപ്പെട്ടു. ഇതിനകം ജയിലില്‍ കഴിഞ്ഞ കാലയളവ് പരിഗണിച്ച് ഒന്‍പത് മാസത്തെ തടവുശിക്ഷ മതിയെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. കാനഡയില്‍ ജീവിക്കാനും ജോലി ചെയ്യാനും പ്രതി അതിയായി ആഗ്രഹിച്ചിരുന്നുവെന്ന് ജഡ്ജിയും നിരീക്ഷിച്ചു.
എന്നാല്‍ ആസൂത്രിതവും സങ്കീര്‍ണവുമായ രീതിയില്‍ തട്ടിപ്പ് നടത്തിയതും സ്വന്തം ബുദ്ധിശക്തി കുറ്റകൃത്യത്തിന് ഉപയോഗിച്ചതും ശിക്ഷ വര്‍ധിപ്പിക്കുന്ന ഘടകങ്ങളായി കോടതി ചൂണ്ടിക്കാട്ടി. ബുദ്ധിപൂര്‍വം കുറ്റകൃത്യങ്ങള്‍ നടത്തുന്നവര്‍ പൊതുസുരക്ഷയ്ക്ക് കൂടുതല്‍ ഭീഷണിയാണെന്ന് ജഡ്ജി വ്യക്തമാക്കി. നേരത്തെ അറസ്റ്റ് ചെയ്യപ്പെട്ട കാലയളവിന് ലഭിക്കുന്ന ഇളവ് പരിഗണിക്കുമ്പോള്‍ ഇനി ഏകദേശം 14 മാസം കൂടി ഇയാള്‍ക്ക് ജയിലില്‍ കഴിയേണ്ടിവരും.
Prison sentence for a Ghanaian national who entered and left the country 16 times using a fake Canadian passport.
















