ബെയ്ജിങ്: ചൈന സന്ദർശനത്തിനെത്തിയ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനൊപ്പം റഷ്യയുടെ അതീവ രഹസ്യവും സുരക്ഷിതവുമായ ആണവ നിയന്ത്രണ സംവിധാനമായ ‘ന്യൂക്ലിയർ കമാൻഡ് ബ്രീഫ്‌കേസും’ എത്തിയത് അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയായി. പുട്ടിന്റെ ഔദ്യോഗിക സ്വീകരണത്തിന്റെയും സന്ദർശനത്തിന്റെയും ദൃശ്യങ്ങളിൽ, അദ്ദേഹത്തിന് തൊട്ടുപിന്നിലായി രണ്ട് റഷ്യൻ നാവികസേനാ ഉദ്യോഗസ്ഥർ പ്രത്യേക ബ്രീഫ്‌കേസുമായി നടക്കുന്നത് വ്യക്തമായി കാണാം. റഷ്യയുടെ ആണവ കമാൻഡ് ആൻഡ് കൺട്രോൾ സംവിധാനത്തിന്റെ ഭാഗമായ ‘ചെഗെറ്റ് ബ്രീഫ്‌കേസ്’ ആണ് ഉദ്യോഗസ്ഥരുടെ കൈവശമുള്ളതെന്നാണ് വിലയിരുത്തപ്പെടുന്നത്. അമേരിക്കൻ പ്രസിഡന്റിന്റെ കൈവശമുള്ള ‘ന്യൂക്ലിയർ ഫുട്ബോളിന്’ സമാനമാണ് റഷ്യയുടെ ഈ സംവിധാനം.
ഈ ബ്രീഫ്‌കേസ് ഉപയോഗിച്ച് നേരിട്ട് ആണവായുധങ്ങൾ വിക്ഷേപിക്കാൻ സാധിക്കില്ലെങ്കിലും, സൈനിക നേതൃത്വവുമായും ആണവ നിയന്ത്രണ കേന്ദ്രങ്ങളുമായും സുരക്ഷിതമായി ആശയവിനിമയം നടത്താനും ആണവായുധ പ്രയോഗത്തിന് അനുമതി നൽകാനും ഇത് പ്രസിഡന്റിനെ സഹായിക്കുന്നു. റഷ്യൻ ജനറൽ സ്റ്റാഫുമായും കര, നാവിക, വ്യോമ ആണവ സേനകളുമായും ബന്ധിപ്പിച്ചിട്ടുള്ള സംവിധാനമാണിത്. പുട്ടിൻ യാത്ര ചെയ്യുമ്പോഴെല്ലാം പ്രത്യേക പരിശീലനം ലഭിച്ച സൈനിക ഉദ്യോഗസ്ഥർ ഈ ബ്രീഫ്‌കേസ് അദ്ദേഹത്തോടൊപ്പം കൊണ്ടുനടക്കാറുണ്ട്.
റഷ്യയും ചൈനയും തമ്മിലുള്ള രാഷ്ട്രീയ, സാമ്പത്തിക, തന്ത്രപ്രധാന പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുട്ടിന്റെ ചൈന സന്ദർശനം. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള ത്രികക്ഷി ചർച്ചയ്ക്ക് മുന്നോടിയായി ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങുമായി പുട്ടിൻ നടത്തിയ ഉഭയകക്ഷി കൂടിക്കാഴ്ചകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധവും നിലവിലെ ആഗോള സാഹചര്യങ്ങളും പ്രധാന വിഷയങ്ങളായിരുന്നു.
Russia’s Nuclear Command Briefcase ‘Cheget’ Accompanies Putin During China Visit; Visuals Spark International Discussion
















