‘അദ്ദേഹം ഒരു മാന്യനാണ്’, ചൈനീസ് ചാരബന്ധ ആരോപണം നേരിടുന്ന എൻവിഡിയ സിഇഓ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ട്രംപ്

‘അദ്ദേഹം ഒരു മാന്യനാണ്’, ചൈനീസ് ചാരബന്ധ ആരോപണം നേരിടുന്ന എൻവിഡിയ സിഇഓ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ട്രംപ്
Share Email

വാഷിങ്ടൺ: ചൈനീസ് ചാരയെന്ന് സംശയിക്കപ്പെടുന്ന യുവതിയുമായി പ്രണയത്തിലാണെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ വിവാദത്തിലായ എൻവിഡിയ (Nvidia) സി.ഇ.ഓ ജെൻസൻ ഹുവാങ്ങിന് പിന്തുണയുമായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഹുവാങ് വളരെ മാന്യനായ വ്യക്തിയാണെന്നും രാജ്യത്തിന് വേണ്ടി മികച്ച കാര്യങ്ങളാണ് അദ്ദേഹം ചെയ്തിട്ടുള്ളതെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. ഹുവാങ്ങിന്റെ ഭാഗത്തുനിന്നുള്ള ന്യായീകരണം കേൾക്കാൻ എല്ലാവരും തയ്യാറാകണമെന്നും ട്രംപ് കൂട്ടിച്ചേർത്തു.

സിംഗപ്പൂർ ആസ്ഥാനമായുള്ള മെഗാസ്പീഡ് കമ്പനിയുടെ എക്‌സിക്യൂട്ടീവ് ആലിസ് ഹുവാങ്ങുമായി ജെൻസൻ ഹുവാങ്ങിനുള്ള അടുപ്പമാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. യു.എസ് ഏർപ്പെടുത്തിയ കയറ്റുമതി നിയന്ത്രണങ്ങൾ മറികടന്ന് ചൈനയിലേക്ക് അത്യാധുനിക എ.ഐ ചിപ്പുകൾ കടത്താൻ ആലിസ് സഹായിച്ചതായും അവർ ചൈനീസ് രഹസ്യാന്വേഷണ വിഭാഗവുമായി ബന്ധപ്പെട്ടിരുന്നതായും യു.എസ് അധികൃതർ സംശയിക്കുന്നു. ആലിസ് ഹുവാങ്ങിനെ ഇലക്ട്രോണിക് നിരീക്ഷണത്തിന് വിധേയമാക്കിയതിൽ നിന്നാണ് രഹസ്യാന്വേഷണ വിവരങ്ങൾ ലഭിച്ചത്.

വിഷയത്തിൽ ട്രംപ് ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പ് നൽകുന്ന രഹസ്യാന്വേഷണ രേഖ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെ മേൽനോട്ടത്തിൽ തയാറാക്കിയിരുന്നതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. മെയ് മാസത്തിൽ ട്രംപ് നടത്തിയ ചൈനീസ് സന്ദർശനത്തിന് മുന്നോടിയായി ഈ രേഖ ദേശീയ സുരക്ഷാ വിഭാഗത്തിലെ മുതിർന്ന ഉദ്യോഗസ്ഥർക്കിടയിൽ പ്രചരിപ്പിച്ചിരുന്നു.

അതേസമയം, സംഭവത്തിൽ എൻവിഡിയയുടെ സ്വതന്ത്ര ഡയറക്ടർമാരുടെ നേതൃത്വത്തിൽ ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാൽ കമ്പനിയുടെ രഹസ്യങ്ങളോ രാജ്യസുരക്ഷയെ ബാധിക്കുന്ന വിവരങ്ങളോ ചോർന്നിട്ടില്ലെന്നാണ് ഡയറക്ടർ ബോർഡിന്റെ പ്രാഥമിക വിലയിരുത്തൽ. അന്വേഷണം തുടരുമ്പോഴും ജെൻസൻ ഹുവാങ് തന്നെ സി.ഇ.ഓ പദവിയിൽ തുടരുമെന്ന് കമ്പനി വക്താവ് വ്യക്തമാക്കി.

Share Email
LATEST excelnclexrn
Top