ന്യൂയോര്‍ക്ക്: ബ്രോങ്ക്‌സിലുള്ള കോ-ഓപ് സിറ്റി അപ്പാര്‍ട്ട്‌മെന്റ് സമുച്ചയത്തില്‍ ഉണ്ടായ വെടിവെപ്പില്‍ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു.തിങ്കളാഴ്ചയാണ് വെടിവെയ്പ് ഉണ്ടായത്. വെടിവെപ്പിന് പിന്നാലെ അപ്പാര്‍ട്ട്‌മെന്റിനുള്ളില്‍ അക്രമിയെ മരിച്ച നിലയില്‍ കണ്ടെത്തി. സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. പരിക്കേറ്റ രണ്ട് ഉദ്യോഗസ്ഥരുടെയും നില ഗുരുതരമല്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍.
കോ ഓപ് സിറ്റി സമുച്ചയത്തിലെ സ്വകാര്യ സുരക്ഷാ വിഭാഗമായ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പബ്ലിക് സേഫ്റ്റിയിലെ ഉദ്യോഗസ്ഥര്‍ക്കാണ് വെടിയേറ്റതെന്ന് ന്യൂയോര്‍ക്ക് പൊലീസ് സ്ഥിരീകരിച്ചു. ഇരുവരെയും ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി. അക്രമി അപ്പാര്‍ട്ട്‌മെന്റിനുള്ളില്‍ കയറി സ്വയം തടഞ്ഞുവെച്ചതിനെത്തുടര്‍ന്ന് പൊലീസ് പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിരുന്നു.
ബ്രോങ്ക്‌സിലെ വലിയ താമസസമുച്ചയങ്ങളിലൊന്നായ കോ-ഓപ് സിറ്റിയിലെ ഉയരം കൂടിയ കെട്ടിടങ്ങളിലൊന്നിലാണ് വെടിവെപ്പ് നടന്നത്. ഹൈറൈസ് കെട്ടിടങ്ങളും ടൗണ്‍ഹൗസുകളും ഉള്‍പ്പെടുന്ന ഇവിടെ ഏകദേശം 50,000 പേരാണ് താമസിക്കുന്നത്. വെടിവെപ്പിനെത്തുടര്‍ന്ന് കെട്ടിടത്തില്‍നിന്ന് ആളുകളെ ഒഴിപ്പിക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി.
സംഭവത്തിന്റെ കാരണത്തെക്കുറിച്ചോ അക്രമിയുടെ ലക്ഷ്യത്തെക്കുറിച്ചോ കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. സമുച്ചയത്തിലെ അടിയന്തര സേവന വിഭാഗത്തോട് വിവരങ്ങള്‍ തേടിയെങ്കിലും ലഭ്യമായിരുന്നില്ല. കെട്ടിടത്തിന്റെ നടത്തിപ്പ് ചുമതലയുള്ള അധികൃതര്‍ കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി ന്യൂയോര്‍ക്ക് പൊലീസിനെ സമീപിക്കാന്‍ നിര്‍ദേശിച്ചു. വെടിവെപ്പിലേക്ക് നയിച്ച സാഹചര്യം കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്.
Two security personnel shot at an apartment complex in New York; the assailant died after shooting himself.
















