വാഷിംഗടണ്‍: യുഎസ് -മെക്സിക്കോ അതിര്‍ത്തിയില്‍ മതില് ഉള്‍പ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങളുടെ നിര്‍മാണം പുനരാരംഭിക്കാന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭരണകൂടത്തിന് അമേരിക്കന്‍ സുപ്രീംകോടതിയുടെ അനുമതി. ടെക്സസിലെ ബിഗ് ബെന്‍ഡ് നാഷണല്‍ പാര്‍ക്ക് ഉള്‍പ്പെടുന്ന വിദൂര മേഖലയില്‍ അതിര്‍ത്തി സുരക്ഷാ നിര്‍മാണം തുടരാനാണ് കോടതി അനുമതി നല്‍കിയത്. തിങ്കളാഴ്ചയാണ് സര്‍ക്കാരിന്റെ അടിയന്തര അപേക്ഷ പരിഗണിച്ച സുപ്രീംകോടതി ഉത്തരവിറക്കിയത്.
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞുകൊണ്ട് ഫെഡറല്‍ കോടതി നേരത്തെ പുറപ്പെടുവിച്ച ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. പരിസ്ഥിതി സംഘടനകളും മറ്റ് പരാതിക്കാരും നല്കിയ ഹര്‍ജിയില്‍ അന്തിമ തീരുമാനം വരുന്നതുവരെ നിര്‍മാണം നിര്‍ത്തിവയ്ക്കണമെന്നായിരുന്നു നേരത്തെയുള്ള ഉത്തരവ്. എന്നാല്‍, അതിര്‍ത്തിയിലെ അനധികൃത കുടിയേറ്റവും മയക്കുമരുന്ന് കടത്തും തടയുന്നതിന് കൂടുതല്‍ സുരക്ഷാ സംവിധാനങ്ങള്‍ ആവശ്യമാണെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ നിലപാട്. അമേരിക്ക-മെക്സിക്കോ അതിര്‍ത്തിയില്‍ മതില് നിര്‍മിക്കുകയെന്നത് ട്രംപിന്റെ പ്രധാന കുടിയേറ്റ നിയന്ത്രണ നയങ്ങളിലൊന്നാണ്.
അതേസമയം, ബിഗ് ബെന്‍ഡ് മേഖലയില്‍ മതില് നിര്‍മാണം വ്യാപിപ്പിക്കുന്നതിനെതിരെ പ്രദേശവാസികളും പരിസ്ഥിതി പ്രവര്‍ത്തകരും ചില റിപ്പബ്ലിക്കന്‍ നേതാക്കളും രംഗത്തെത്തിയിരുന്നു. സെന്റര്‍ ഫോര്‍ ബയോളജിക്കല്‍ ഡൈവേഴ്സിറ്റി ഉള്‍പ്പെടെയുള്ള സംഘടനകളാണ് നിര്‍മാണത്തിനെതിരെ കോടതിയെ സമീപിച്ചത്. വന്യജീവികളുടെ ആവാസവ്യവസ്ഥയ്ക്കും പരിസ്ഥിതിക്കും ചരിത്രപ്രാധാന്യമുള്ള കെട്ടിടങ്ങള്‍ക്കും നിര്‍മാണം ഭീഷണിയാകുമെന്നാണ് ഹര്‍ജിക്കാരുടെ വാദം. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട വിവിധ നിയമങ്ങളില്‍ നിന്ന് പദ്ധതിക്ക് ഇളവ് നല്‍കാനുള്ള ആഭ്യന്തര സുരക്ഷാ വകുപ്പിന്റെ തീരുമാനത്തെയും ഇവര്‍ ചോദ്യം ചെയ്തിട്ടുണ്ട്.
ബിഗ് ബെന്‍ഡ് മേഖലയിലെ 300 മൈലിലധികം വരുന്ന അതിര്‍ത്തി പ്രദേശത്താണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിടുന്നത്. ഇതില്‍ ദേശീയോദ്യാനത്തിനുള്ളില്‍ ഏകദേശം 17 മൈല്‍ ദൂരത്തില്‍ വാഹനങ്ങള്‍ തടയുന്നതിനുള്ള സുരക്ഷാ സംവിധാനം സ്ഥാപിക്കാനാണ് ഭരണകൂടത്തിന്റെ പദ്ധതി. മറ്റ് മേഖലകളില്‍ നിര്മിക്കുന്നതുപോലുള്ള 30 അടി ഉയരമുള്ള കാല്‍നടയാത്രക്കാര്‍ക്കായുള്ള തടസ്സമതില് ഇവിടെ നിര്‍മിക്കില്ലെന്നാണ് ഭരണകൂടം വ്യക്തമാക്കിയിരിക്കുന്നത്. അതിര്‍ത്തിയിലെ അനധികൃത പ്രവേശനം കൂടുതലുള്ള മേഖലയാണിതെന്നും മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട കാര്‍ട്ടല്‍ സംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കേണ്ടതുണ്ടെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.
നിര്‍മാണത്തിന് പരിസ്ഥിതി നിയമങ്ങളില്‍ ഇളവ് നല്കാന് ഭരണകൂടത്തിന് അധികാരമില്ലെന്നായിരുന്നു എല്‍ പാസോയിലെ ഫെഡറല്‍ ജഡ്ജി കാത്ലീന് കാര്ഡോണിന്റെ നേരത്തെയുള്ള നിരീക്ഷണം. എന്നാല്‍, കോണ്‍ഗ്രസ് നല്കിയ നിയമപരമായ അധികാരത്തിന്റെ അടിസ്ഥാനത്തിലാണ് ഇളവുകള്‍ അനുവദിച്ചതെന്ന് ട്രംപ് ഭരണകൂടം സുപ്രീംകോടതിയില്‍ വാദിച്ചു. ബിഗ് ബെന്‍ഡ് മേഖലയിലെ പ്രകൃതിസൗന്ദര്യവും വന്യജീവി സമ്പത്തും സംരക്ഷിക്കണമെന്ന ആവശ്യവും അതിര്‍ത്തി സുരക്ഷ ശക്തമാക്കണമെന്ന ഭരണകൂടത്തിന്റെ നിലപാടും തമ്മിലുള്ള തര്‍ക്കം ഇതോടെ വീണ്ടും ശ്രദ്ധേയമാവുകയാണ്.
US Supreme Court Allows Trump To Resume Border Wall Construction In Texas
















