ട്രംപിനെ ഞങ്ങള്‍ കൊല്ലും’; ടെഹ്റാനില്‍ കൂറ്റന്‍ ചിത്രങ്ങള്‍ സ്ഥാപിച്ച് ഇറാന്‍

ട്രംപിനെ ഞങ്ങള്‍ കൊല്ലും’; ടെഹ്റാനില്‍ കൂറ്റന്‍ ചിത്രങ്ങള്‍ സ്ഥാപിച്ച് ഇറാന്‍

ടെഹ്‌റാന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വധിക്കുമെന്ന് പരസ്യമായി ഭീഷണിപ്പെടുത്തുന്ന കൂറ്റന്‍ കട്ടൗട്ടറുകള്‍ സ്ഥാപിച്ച് ഇറാന്‍. തലസ്ഥാനമായ ടെഹ്റാനിലെ തിരക്കേറിയ എന്‍ഖിലാബ് സ്‌ക്വയറിലാണ് ട്രംപിനെതിരായ ഭീഷണി സന്ദേശങ്ങളടങ്ങിയ കൂറ്റന്‍ ബോര്‍ഡും ബാനറുകളും പ്രത്യക്ഷപ്പെട്ടത്. അമേരിക്കന്‍ പ്രസിഡന്റിനെതിരായ ഇറാന്റെ ഔദ്യോഗിക പ്രതികരണങ്ങള്‍ കൂടുതല്‍ കടുത്ത തലത്തിലേക്ക് നീങ്ങുന്നതിന്റെ സൂചനയായാണ് സംഭവം വിലയിരുത്തപ്പെടുന്നത്. അഴികള്‍ക്ക് പിന്നില്‍ തലകുനിച്ചുനില്‍ക്കുന്ന ട്രംപിന്റെ ചിത്രത്തോടൊപ്പം ‘ഞങ്ങള്‍ ട്രംപിനെ കൊല്ലും’ എന്ന ഭീഷണി സന്ദേശവും ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മറ്റൊരു കൂറ്റന്‍ ബോര്‍ഡില്‍ ട്രംപിനൊപ്പം അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ്, പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ്, ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു എന്നിവരുടെ ചിത്രങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. രക്തം പുരണ്ട മുഖങ്ങളും കീറിപ്പറിഞ്ഞ വസ്ത്രങ്ങളുമുള്ള രീതിയിലാണ് ചിത്രീകരണം. പശ്ചാത്തലത്തില്‍ അമേരിക്കയുടെയും ഇസ്രയേലിന്റെയും പഴകിയ ദേശീയ പതാകകളും കാണാം. അമേരിക്കയ്ക്കും ഇസ്രയേലിനുമെതിരായ ഇറാന്റെ കടുത്ത നിലപാടാണ് ഇത്തരം പ്രചാരണങ്ങളിലൂടെ പ്രകടമാകുന്നത്.

പരസ്യബോര്‍ഡുകള്‍ സ്ഥാപിച്ച എന്‍ഖിലാബ് സ്‌ക്വയറില്‍ നിരവധി ആളുകള്‍ ഒത്തുകൂടുകയും ചുവന്ന പതാകകള്‍ വീശുകയും ചെയ്തു. ‘രക്തം ചിന്തപ്പെടും’ എന്ന സന്ദേശമുള്ള ബാനറുകളും പ്രതിഷേധക്കാര്‍ ഉയര്‍ത്തി. ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ വധത്തിന് പ്രതികാരം ചെയ്യണമെന്ന മുദ്രാവാക്യങ്ങളും ജനക്കൂട്ടം മുഴക്കി.

ഫെബ്രുവരി 28-ന് ആരംഭിച്ച അമേരിക്ക-ഇസ്രയേല്‍ ആക്രമണത്തിനിടെയാണ് ഖമനയി കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെ ഇറാനില്‍ അമേരിക്കയ്ക്കും ഇസ്രയേലിനുമെതിരായ പ്രതികാര വികാരം ശക്തമായിരുന്നു. പരമോന്നത നേതാവിന്റെ വധത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യവും പ്രതിഷേധങ്ങളില്‍ ഉയര്‍ന്നു.

അതേസമയം, ട്രംപിനെതിരായ പരസ്യ വധഭീഷണി അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പുതിയ ആശങ്കകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. ടെഹ്റാനിലെ പ്രധാന പൊതുസ്ഥലത്ത് ഔദ്യോഗിക പ്രചാരണത്തിന്റെ ഭാഗമായി ഇത്തരം സന്ദേശങ്ങള്‍ പ്രത്യക്ഷപ്പെട്ടത് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിലെ കടുത്ത പ്രതിസന്ധി വീണ്ടും ചര്‍ച്ചയാക്കുകയാണ്.

‘We will kill Trump’: Iran puts up massive images in Tehran

Share Email
LATEST excelnclexrn
More Articles
Top