മുൻ ന്യൂയോർക്ക് മേയർ റൂഡി ജൂലിയാനിക്ക് അമേരിക്കയുടെ പരമോന്നത സിവിലിയൻ ബഹുമതി, ‘പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം’ സമ്മാനിക്കാൻ പ്രസിഡന്‍റ് ട്രംപ്

മുൻ ന്യൂയോർക്ക് മേയർ റൂഡി ജൂലിയാനിക്ക് അമേരിക്കയുടെ പരമോന്നത സിവിലിയൻ ബഹുമതി, ‘പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം’ സമ്മാനിക്കാൻ പ്രസിഡന്‍റ് ട്രംപ്

വാഷിംഗ്ടൺ: തന്‍റെ മുൻ അഭിഭാഷകനും ന്യൂയോർക്ക് സിറ്റിയുടെ മുൻ മേയറുമായ റൂഡി ജൂലിയാനിക്ക് അമേരിക്കയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ‘പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം’ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് സമ്മാനിക്കും. ചൊവ്വാഴ്ച രാവിലെ 11 മണിക്ക് വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ നടക്കുന്ന ചടങ്ങിൽ തനിക്ക് പുരസ്കാരം ലഭിക്കുമെന്ന് ജൂലിയാനി തന്നെയാണ് സ്റ്റീവ് ബാനന്റെ പോഡ്‌കാസ്റ്റിലൂടെ വെളിപ്പെടുത്തിയത്. പ്രസിഡന്‍റ് ട്രംപിൽ നിന്ന് ഈ ആദരവ് ഏറ്റുവാങ്ങാൻ സാധിക്കുന്നതിൽ താൻ അതീവ കൃതാർത്ഥനാണെന്നും അദ്ദേഹം പറഞ്ഞു.

2025 സെപ്റ്റംബറിൽ ന്യൂ ഹാംപ്‌ഷെയറിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ ജൂലിയാനിക്ക് ഗുരുതരമായി പരിക്കേറ്റതിന് ദിവസങ്ങൾക്ക് ശേഷമാണ്, അദ്ദേഹത്തിന് മെഡൽ ഓഫ് ഫ്രീഡം നൽകുമെന്ന് ട്രംപ് പ്രഖ്യാപിച്ചത്. ന്യൂയോർക്ക് സിറ്റിയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച മേയറും മഹാനായ അമേരിക്കൻ ദേശസ്നേഹിയുമാണ് 82-കാരനായ ജൂലിയാനിയെന്ന് ട്രംപ് വിശേഷിപ്പിച്ചിരുന്നു. 2001 സെപ്റ്റംബർ 11-ലെ ഭീകരാക്രമണത്തിന് പിന്നാലെ ന്യൂയോർക്കിനെ നയിച്ചതിലൂടെ ‘അമേരിക്കയുടെ മേയർ’ എന്ന വിശേഷണം നേടിയ വ്യക്തിയാണ് ജൂലിയാനി.

എന്നാൽ, 2020-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ട്രംപിന്‍റെ സ്വകാര്യ അഭിഭാഷകനായി പ്രവർത്തിച്ച ജൂലിയാനി, തിരഞ്ഞെടുപ്പിൽ വ്യാപകമായ കൃത്രിമം നടന്നുവെന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങൾ പ്രചരിപ്പിച്ചതിനെത്തുടർന്ന് വലിയ നിയമനടപടികൾ നേരിട്ടിരുന്നു. തിരഞ്ഞെടുപ്പിനെക്കുറിച്ച് വ്യാജ പ്രസ്താവനകൾ നടത്തിയതിന് ന്യൂയോർക്കിലും വാഷിംഗ്ടൺ ഡിസിയിലും അദ്ദേഹത്തിന്റെ അഭിഭാഷക ലൈസൻസ് റദ്ദാക്കിയിരുന്നു. കൂടാതെ, ജോർജിയയിലെ രണ്ട് മുൻ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ അപകീർത്തിപ്പെടുത്തിയ കേസിൽ 148 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടതിനെത്തുടർന്ന് അദ്ദേഹം പാപ്പർ ഹർജിയും ഫയൽ ചെയ്തിരുന്നു.

1945ൽ പ്രസിഡന്‍റ് ഹാരി എസ്. ട്രൂമാൻ ഏർപ്പെടുത്തിയ പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം, ട്രംപിന്റെ രണ്ടാം ഭരണകാലത്ത് ലഭിക്കുന്ന മൂന്നാമത്തെ വ്യക്തിയാണ് ജൂലിയാനി. നേരത്തെ കൊല്ലപ്പെട്ട യാഥാസ്ഥിതിക ആക്ടിവിസ്റ്റ് ചാർളി കിർക്കിനും, 9/11 ഭീകരാക്രമണത്തിൽ നിരവധി പേരെ രക്ഷപ്പെടുത്തി വീരമൃത്യു വരിച്ച വെൽസ് ക്രൗതറിനും ട്രംപ് മരണാനന്തര ബഹുമതിയായി ഈ പുരസ്കാരം നൽകിയിരുന്നു.

Share Email
LATEST excelnclexrn
More Articles
Top