വാഷിംഗ്ടണ്‍: അമേരിക്കയിലെ ഇടക്കാല തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് വിജയം ഉറപ്പാക്കാന്‍ രാജ്യവ്യാപകമായി തിരഞ്ഞെടുപ്പ് റാലികളും പ്രസംഗങ്ങളുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. രാഷ്ട്രീയ ജീവിതത്തിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോഴും തന്റെ ജനപിന്തുണയാണ് പാര്‍ട്ടിയുടെ പ്രധാന കരുത്തെന്ന വിശ്വാസത്തിലാണ് ട്രംപ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പര്യടനം നടത്തി സ്വന്തം അനുയായികളെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമാക്കുകയും ഡെമോക്രാറ്റുകള്‍ക്ക് കോണ്‍ഗ്രസില്‍ ഭൂരിപക്ഷം ലഭിക്കുന്നത് തടയുകയുമാണ് ലക്ഷ്യം. 80 വയസ്സുകാരനായ ട്രംപ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളായ സംസ്ഥാനങ്ങളില്‍ ഏകദേശം ഒരു മാസമായി പ്രചാരണം നടത്തിവരികയാണ്. ഈ വാരാന്ത്യത്തില്‍ അയോവയിലും കന്‍സസിലും നടത്താനിരുന്ന റാലികള്‍ ആദ്യം ഓണ്‍ലൈന്‍ പരിപാടികളാക്കി മാറ്റിയെങ്കിലും പിന്നീട് തീരുമാനം തിരുത്തി ഞായറാഴ്ച നേരിട്ട് റാലികളില്‍ പങ്കെടുക്കുകയായിരുന്നു.
നിലവിലെ അഭിപ്രായ സര്‍വേകള്‍ പ്രകാരം ജനപ്രതിനിധിസഭയില്‍ ഭൂരിപക്ഷം നേടാന്‍ ആവശ്യമായ മൂന്ന് സീറ്റുകള്‍ ഡെമോക്രാ റ്റുകള്‍ക്ക് ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. സെനറ്റിലും ഏഴ് സീറ്റുകളില്‍ കടുത്ത മത്സരമാണ് നടക്കുന്നത്. അതേസമയം, റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ചില നേതാക്കള്‍ സ്വകാര്യ സര്‍വേകളുടെ അടിസ്ഥാനത്തില്‍ സെനറ്റിലെ പോരാട്ടം ഇപ്പോഴും പ്രവചനാതീതമാണെന്നും പാര്‍ട്ടിക്ക് ഭൂരിപക്ഷം നിലനിര്‍ത്താന്‍ സാധ്യതയുണ്ടെന്നും കരുതുന്നു. അയോവ, കന്‍സസ്, നെബ്രാസ്ക തുടങ്ങിയ സംസ്ഥാനങ്ങളിലെ സീറ്റുകള്‍ നിലനിര്‍ത്തുന്നതിനൊപ്പം മെയ്നിലും വിജയം നേടാനാകുമെന്നാണ് അവരുടെ പ്രതീക്ഷ. അയോവയിലെ ഡ്യൂബുക്കില് ഞായറാഴ്ച നടന്ന റാലിയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രചാരണത്തിനായി യാത്ര ചെയ്യുന്നത് എളുപ്പമല്ലെന്ന് ട്രംപ് പറഞ്ഞു. അമേരിക്കയെ വെറുക്കുന്ന കമ്മ്യൂണിസ്റ്റുകളും ജിഹാദികളും കോണ്‍ഗ്രസിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നത് തടയാനാണ് താന്‍ ഈ പരിശ്രമം നടത്തുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.
എന്നാല്‍ ട്രംപിന്റെ റാലികള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഗുണകരമാകുമോ അതോ തിരിച്ചടിയാകുമോ എന്ന കാര്യത്തില്‍ ആശങ്ക നിലനില്ക്കുന്നു. ട്രംപിന്റെ കുറഞ്ഞ ജനപ്രീതി പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് സാധ്യതകളെ ബാധിക്കുന്നുവെന്നാണ് വിലയിരുത്തല്‍. ജീവിതച്ചെലവ് കുറയ്ക്കുമെന്ന വാഗ്ദാനം പാലിക്കാത്തതും വിദേശയുദ്ധങ്ങളില്‍ നിന്ന് അമേരിക്കയെ അകറ്റിനിര്‍ത്താന്‍ കഴിയാത്തതും ജനങ്ങളില്‍ അതൃപ്തി സൃഷ്ടിച്ചിട്ടുണ്ട്. അടുത്തകാലത്തെ പ്രസംഗങ്ങളില്‍ സാമ്പത്തിക വിഷയങ്ങളില്‍നിന്ന് മാറി പുരുഷ സ്ഥാനാര്‍ഥികളുടെ ശരീരഘടനയെക്കുറിച്ചും മറ്റ് വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ചും ട്രംപ് നടത്തിയ പരാമര്‍ശങ്ങളും വിവാദമായിട്ടുണ്ട്. ഒഹായോയിലെ റിപ്പബ്ലിക്കന്‍ സെനറ്റര്‍ ജോണ്‍ ഹസ്റ്റഡിന്റെ കായികക്ഷമതയെയും ശരീരഘടനയെയും കുറിച്ചുള്ള ട്രംപിന്റെ പരാമര്‍ശങ്ങളും മിഷിഗണിലെ റാലിയില്‍ ഗായിക നിക്കി മിനാജിന്റെ ശരീരത്തെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങളും ഡെമോക്രാറ്റുകള്‍ പ്രചാരണ വിഷയമാക്കിയിട്ടുണ്ട്. അതേസമയം, സോഷ്യല്‍ സെക്യൂരിറ്റി ആനുകൂല്യങ്ങള്‍ക്കും അധികസമയ ജോലിക്കുമുള്ള നികുതിയിളവുകള്‍, വ്യവസായ നിക്ഷേപങ്ങള്‍, നിര്‍മാണമേഖലയിലെ വളര്‍ച്ച തുടങ്ങിയ സാമ്പത്തിക വാഗ്ദാനങ്ങളും ട്രംപ് പ്രസംഗങ്ങളില്‍ ഉന്നയിക്കുന്നുണ്ട്.
ഒഹായോയില്ട്രംപിന് നിലവില്‍ സംസ്ഥാനത്ത് ജനപിന്തുണയില്‍ ഇടിവുണ്ടെന്നാണ് സര്‍വേകള്‍ സൂചിപ്പിക്കുന്നത്. ഒക്ടോബറില്‍ നടത്തിയ മാരിസ്റ്റ് സര്‍വേയില്‍ 43 ശതമാനം പേര് മാത്രമാണ് ട്രംപിന്റെ ഭരണത്തെ അനുകൂലിച്ചത്. 55 ശതമാനം പേര് എതിര്‍പ്പ് രേഖപ്പെടുത്തി. പല സംസ്ഥാനങ്ങളിലും ട്രംപിന്റെ അംഗീകാരനിരക്ക് താഴ്ന്നത് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥികള്‍ക്ക് വെല്ലുവിളിയാണെന്ന് പേര് വെളിപ്പെടുത്താത്ത പാര്‍ട്ടി നേതാവ് സമ്മതിച്ചു. തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തില്‍ കുറഞ്ഞ നികുതി ഉള്‍പ്പെടെയുള്ള പാര്‍ട്ടിയുടെ നയങ്ങള്‍ വോട്ടര്‍മാരെ ഓര്‍മിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജീവിതച്ചെലവ് സംബന്ധിച്ച വിഷയത്തില്‍ ട്രംപിന്റെ നിലപാടുകളിലും വ്യക്തതക്കുറവുണ്ട്. ആദ്യം ഈ വിഷയം വ്യാജപ്രചാരണമാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം പിന്നീട് തന്റെ ഭരണകൂടം പുരോഗതി കൈവരിച്ചെന്ന് അവകാശപ്പെടുകയും ഉയര്‍ന്ന പണപ്പെരുപ്പത്തിന് മുന്‍ പ്രസിഡന്റ് ജോ ബൈഡനെ കുറ്റപ്പെടുത്തുകയും ചെയ്തു. ഇറാനുമായുള്ള യുദ്ധത്തെത്തുടര്‍ന്ന് ഇന്ധനവില ഉയര്‍ന്നതും അമേരിക്കന്‍ കുടുംബങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് വര്‍ധിപ്പിക്കുന്നുണ്ട്.
2015 ല്‍ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള ആദ്യ പ്രചാരണത്തിനിടെയാണ് ട്രംപ് തന്റെ പ്രസിദ്ധമായ തിരഞ്ഞെടുപ്പ് റാലികള്‍ക്ക് തുടക്കമിട്ടത്. തൊഴിലാളിവര്‍ഗ വോട്ടര്‍മാരെ ലക്ഷ്യമിട്ട് നടത്തിയ ആവേശകരമായ പ്രസംഗങ്ങള്‍ അദ്ദേഹത്തെ വൈറ്റ് ഹൗസിലെത്തിക്കുന്നതില് നിര്‍ണായകമായി. 2024ലെ തിരഞ്ഞെടുപ്പിലും റാലികളിലൂടെ ഡെമോക്രാറ്റുകളെ വിമര്‍ശിക്കുകയും ഇന്ധനവില കുറയ്ക്കുമെന്നും വിദേശയുദ്ധങ്ങളില്‍ നിന്ന് അമേരിക്കയെ മാറ്റിനിര്‍ത്തുമെന്നും വാഗ്ദാനം ചെയ്യുകയും ചെയ്തു. എന്നാല്‍ ഇത്തവണ പ്രസംഗങ്ങളിലെ വിവാദ പരാമര്‍ശങ്ങളാണ് പലപ്പോഴും വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്.
Will Trump’s rallies and speeches lay the foundation for the Republican Party’s victory in the midterm elections? Leadership hopeful



















