ന്യൂഡല്‍ഹി: കഴിഞ്ഞ മാസം ആദ്യം ഇറാനില്‍ കാണാതായ മൂന്ന് ഇന്ത്യക്കാരെ മോചിപ്പിച്ചു. പഞ്ചാബ് സ്വദേശികളായ മൂന്നുപേരുടെ മോചനമാണ് സ്ഥിരീകരിച്ചത്. ഇവരെ തട്ടിക്കൊണ്ടുപോയെന്ന ബന്ധുക്കളുടെ പരാതിയില്‍ വിദേശ കാര്യ മന്ത്രാലയം ഉള്‍പ്പെടെ ഇടപെട്ടതിന് പിന്നാലെയാണ് ഇന്ത്യയിലെ ഇറാന്‍ എംബസി മോചന വിവരം പുറത്തുവിട്ടത്. ടെഹ്റാന്‍ പൊലീസാണ് മൂന്ന് പേരെ മോചിപ്പിച്ചതെന്നാണ് വിശദീകരണം. ഇവര്‍ എവിടെയാണ്, ആരാണ് ഇവരെ തട്ടിക്കൊണ്ട് പോയത് തുടങ്ങിയ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
പഞ്ചാബിലെ സംഗ്രൂര്‍ സ്വദേശി ഹുഷന്‍പ്രീത് സിംഗ്, ഹോഷിയാര്‍പൂര്‍ സ്വദേശി അമൃത്പാല്‍ സിംഗ്, എസ്ബിഎസ് നഗര്‍ ജസ്പാല്‍ സിംഗ് എന്നിവരെ കാണാനില്ലെന്ന് കാണിച്ച് കുടുംബം പഞ്ചാബ് പൊലീസിനെ സമീപിച്ചതോടെയാണ് തട്ടിക്കൊണ്ട് പോകല്‍ പുറംലോകം അറിയുന്നത്. മേയ് ഒന്നിന് ടെഹ്റാനില്‍ എത്തിയ ഇവരെ തട്ടിക്കൊണ്ടുപോയെന്നാണ് വിവരം. പഞ്ചാബിലെ ഒരു ഏജന്റ് വഴിയാണ് ഈ മൂന്ന് പേരും ദുബായ്-ഇറാന്‍ വഴി ഓസ്ട്രേലിയക്ക് പുറപ്പെട്ടത്. ഇറാനില്‍ ഇവര്‍ക്ക് താമസസൗകര്യം ഒരുക്കാമെന്ന് ഏജന്റ് ഉറപ്പ് നല്‍കിയിരുന്നതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ മേയ് ഒന്നിന്ഇറാനില്‍ വന്നിറങ്ങിയതിന് തൊട്ടുപിന്നാലെ ഇവരെ കാണതായെന്നായിരുന്നു പരാതി.