ഛണ്ഡീഗഡ്: ലത്തീന്‍ സഭയ്ക്ക് കീഴിലെ ജലന്ധര്‍ രൂപതയുടെ പുതിയ ബിഷപ്പായി മലയാളിയായ ഫാ. ജോസ് സെബാസ്റ്റ്യന്‍ തെക്കുംചേരിക്കുന്നേലിനെ നിയമിച്ചു. 63 കാരനായ ഫാ. ജോസ് നിലവില്‍ രൂപത അഡ്മിനിസ്‌ട്രേറ്ററാണ്. പാല രൂപതയുടെ കീഴിലുള്ള കാളകെട്ടിയില്‍ ജനിച്ച ഫാ. ജോസ് 1991 മുതല്‍ പഞ്ചാബിലെ ജലന്ധര്‍ രൂപതയിലെ വൈദികനാണ്. ജലന്ധര്‍ രൂപതയുടെ ബിഷപ്പായി നിയമിതനാകുന്ന രണ്ടാമത്തെ മലയാളിയാണ് ജോസ് സെബാസ്റ്റ്യന്‍.
പഞ്ചാബിലെ 18 ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന രൂപതയില്‍ 214 വൈദികരും 147 പള്ളികളും ഒന്നേകാല്‍ ലക്ഷം വിശ്വാസികളുമുണ്ട്. 1971-ലാണ് ജലന്ധര്‍ രൂപത സ്ഥാപിതമായത്. 2013 മുതല്‍ ഫ്രാങ്കോ മുളയ്ക്കല്‍ ആയിരുന്നു ജലന്ധര്‍ രൂപതയുടെ ആദ്യ മലയാളി ബിഷപ്പ്. കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്ത കേസില്‍ അറസ്റ്റിലാവുകയും പിന്നീട് കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയും ചെയ്തു. വത്തിക്കാന്റെ നിര്‍ദ്ദേശ പ്രകാരം അദ്ദേഹത്തിന് ബിഷപ്പ് സ്ഥാനം രാജിവെക്കേണ്ടി വന്നു. 2018 ജുണ്‍ രണ്ടിനാണ് ബിഷപ്പ് സ്ഥാനം ഫ്രാങ്കോ മുളയ്ക്കല്‍ രാജി വെച്ചത്. ഇപ്പോള്‍ ബിഷപ്പ് ഇമിരറ്റസായി തുടര്‍ന്നു വരികയാണ്.
ജലന്ധര്‍ രൂപതയുടെ കീഴില്‍ വൈദികനായിരുന്ന ഡോ. ഫ്രാങ്കോ മുളയ്ക്കലിനെ 2009-ല്‍ ആണ് ഡല്‍ഹിയില്‍ സഹായ മെത്രാനായി നിയമിച്ചത്. 2013 ല്‍ ജലന്ധര്‍ രൂപതയുടെ ബിഷപ്പായി. കുറവിലങ്ങാട്ടെ മിഷനറീസ് ഓഫ് ജീസസ് മഠത്തില്‍വെച്ച് 2014 മുതല്‍ 2016 വരെയുള്ള കാലയളവില്‍ കന്യാസ്ത്രീയെ ജലന്ധര്‍ ബിഷപ്പായ ഫ്രാങ്കോ മുളയ്ക്കല്‍ 13 തവണ പീഡിപ്പിച്ചെന്നായിരുന്നു കേസ്.
Fr. Jose Sebastian Thekkumcherikunnel appointed as the new bishop of Jalandhar