ഷെയിന്‍ നിഗത്തിന്റെ ബിഗ് ബഡ്ജറ്റ് ചിത്രമായി ഓണത്തിന് ‘ബള്‍ട്ടി’ ഒരുങ്ങുന്നു; ടൈറ്റില്‍ ഗ്ലിംപ്‌സ് പുറത്ത്

ഷെയിന്‍ നിഗത്തിന്റെ ബിഗ് ബഡ്ജറ്റ് ചിത്രമായി ഓണത്തിന് ‘ബള്‍ട്ടി’ ഒരുങ്ങുന്നു; ടൈറ്റില്‍ ഗ്ലിംപ്‌സ് പുറത്ത്

വാശിയേറിയ ഒരു കബഡി മത്സരത്തിന്റെ ചടുലതയും ആകാംക്ഷയും ഉള്‍ക്കൊള്ളിച്ചു ഷെയിന്‍ നിഗം നായകനായെത്തുന്ന ‘ബള്‍ട്ടി’യുടെ ഒഫീഷ്യല്‍ ടൈറ്റില്‍ ഗ്ലിംപ്‌സ് പുറത്തിറങ്ങി. ഇന്നോളം കാണാത്ത വേഷപ്പകര്‍ച്ചയില്‍ രൗദ്രഭാവത്തോടെ, ഉദയന്‍ എന്ന നായകകഥാപാത്രമായാണ് സിനിമയുടേതായി പുറത്തിറങ്ങിയിരിക്കുന്ന ആദ്യ വീഡിയോയില്‍ ഷെയിന്‍ നിഗം പ്രത്യക്ഷപ്പെടുന്നത്. എസ്.ടി.കെ ഫ്രെയിംസ്, ബിനു ജോര്‍ജ്ജ് അലക്‌സാണ്ടര്‍ പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ സന്തോഷ് ടി കുരുവിള, ബിനു ജോര്‍ജ്ജ് അലക്‌സാണ്ടര്‍ എന്നിവര്‍ നിര്‍മ്മിച്ച്, നവാഗതനായ ഉണ്ണി ശിവലിംഗം സംവിധാനം ചെയ്യുന്നതാണ് ഈ സ്‌പോര്‍ട്‌സ് ആക്ഷന്‍ ചിത്രം.

കുത്ത് പാട്ടിന്റെ അകമ്പടിയോടെ പുറത്തിറങ്ങിയ ഗ്ലിംപ്സിന് വലിയ ജനസമ്മിതിയാണ് സോഷ്യല്‍ മീഡിയയില്‍ നിമിഷ നേരം കൊണ്ട് ലഭിച്ചിരിക്കുന്നത്. ഓണത്തിന് പുറത്തിറങ്ങുന്ന ഈ ആഘോഷചിത്രം ഷെയിന്‍ നിഗത്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്. കേരള തമിഴ്‌നാട് അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന ഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍ അരങ്ങേറുന്ന ഒരു കഥയാണ് ചിത്രം പറയുന്നത്. തമിഴും മലയാളവും ഇടകലര്‍ന്ന പ്രദേശത്തെ ഒരു പറ്റം ചെറുപ്പക്കാരുടെ കഥയില്‍ കബഡിയും സൗഹൃദവും പ്രണയവും സംഘര്‍ഷവും പശ്ചാത്തലമായി വരുന്നുണ്ട്.

‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിന്റെ വന്‍ വിജയത്തിന് ശേഷം സന്തോഷ് ടി കുരുവിള നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ് ബള്‍ട്ടി. ഉണ്ണി ശിവലിംഗം സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമായ ‘ബള്‍ട്ടി’യില്‍ ഷെയ്ന്‍ നിഗത്തോടൊപ്പം മലയാളത്തിലെയും തമിഴിലെയും മുന്‍നിര അഭിനേതാക്കളും പ്രഗത്ഭരായ സാങ്കേതിക വിദഗ്ദരും പങ്കുചേരുന്നു. സംഗീതത്തിനും ആക്ഷനും ഏറെ പ്രാധാന്യമുള്ള ഈ ചിത്രം ഓണത്തിന് തിയേറ്ററുകളിലെത്തും. ചിത്രത്തിലെ സുപ്രധാന താരങ്ങളെയും സാങ്കേതിക വിദഗ്ദരെയും വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കുന്നതാണ്.

Share Email
LATEST
Top