സൈനികരെയോ സാധാരണ ഇറാൻ പൗരന്മാരെയോ ലക്ഷ്യമിട്ടിട്ടില്ല; തിരിച്ചടിക്കുകയാണെങ്കിൽ ശക്തമായി നേരിടുമെന്ന് യുഎസ്

സൈനികരെയോ സാധാരണ ഇറാൻ പൗരന്മാരെയോ ലക്ഷ്യമിട്ടിട്ടില്ല; തിരിച്ചടിക്കുകയാണെങ്കിൽ ശക്തമായി നേരിടുമെന്ന് യുഎസ്

വാഷിംഗ്ടൺ: ഇറാനെതിരായ ആക്രമണം ഭരണമാറ്റം ലക്ഷ്യമിട്ടല്ലെന്ന് അമേരിക്കൻ പ്രതിരോധ സെക്രട്ടറി വ്യക്തമാക്കി. ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളിൽ വൻ നാശനഷ്ടങ്ങളുണ്ടായെന്നും എന്നാൽ സൈനികരെയോ സാധാരണ ഇറാൻ പൗരന്മാരെയോ ലക്ഷ്യമിട്ടിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. ഇറാൻ തിരിച്ചടിക്കുകയാണെങ്കിൽ ശക്തമായി നേരിടുമെന്നും അമേരിക്കൻ പ്രതിരോധ സെക്രട്ടറി മുന്നറിയിപ്പ് നൽകി. 

ഇറാനിലെ മൂന്ന് ആണവകേന്ദ്രങ്ങളില്‍ അമേരിക്കയുടെ മിന്നലാക്രമണം. ദൗത്യം വിജയമെന്ന് വിശദീകരിച്ച ഡോണള്‍ഡ്  ട്രംപ് പൊടുന്നനെയുളള നീക്കത്തിന്‍റെ കാരണം വിശദീകരിച്ചില്ല. ആക്രമണം സ്ഥിരീകരിച്ച ഇറാന്‍ ആണവോര്‍ജ ഏജന്‍സി ആണവച്ചോര്‍ച്ചയുണ്ടായിട്ടില്ലെന്ന് വ്യക്തമാക്കി. 

നതാന്‍സ്, ഫോര്‍ദോ, ഇസ്ഫഹാന്‍ എന്നീ ആണവകേന്ദ്രങ്ങളിലേക്ക് അപ്രതീക്ഷിതമായിരുന്നു അമേരിക്കയുടെ ആക്രമണം. പസഫിക്കിലെ ഗുവാം ഐലന്‍ഡില്‍ നിന്ന് അമേരിക്കന്‍ ബി 2  വിമാനങ്ങള്‍ റഡാറുകളെ വെട്ടിച്ച് പറന്നു. അന്‍പതിനായിരം അടി ഉയരത്തില്‍ നിന്ന് ആണവകേന്ദ്രങ്ങള്‍ ഉന്നമിട്ട് കനത്ത പ്രഹരശേഷിയുള്ള ആറ്  ബങ്കര്‍ ബസ്റ്റര്‍ ബോംബുകളിട്ടു.  യുദ്ധവിമാനങ്ങളില്‍ മടങ്ങിയതിന് പിന്നാലെ ദൗത്യം വിജയകരമെന്ന് വിശദീകരിച്ച ട്രംപ്, തല്‍ക്കാലം നിര്‍ത്തുന്നുവെന്നും ഇറാന്‍ സമാധാനത്തിന് തയാറാകണമെന്നും ആവശ്യപ്പെട്ടു. 

അമേരിക്കന്‍ ആക്രമണത്തിന് കനത്ത തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്സ്. മേഖലയിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ അമേരിക്കയുടെ ദൗര്‍ബല്യമെന്ന് പറഞ്ഞ ഇറാന്‍, അമേരിക്കന്‍ ആക്രമണത്തില്‍ ഫോര്‍ദോ ആണവകേന്ദ്രത്തിന് നാശമുണ്ടായില്ലെന്നും അവകാശപ്പെട്ടു. റഷ്യന്‍ ഇടപെടല്‍ തേടി ഇറാന്‍ വിദേശകാര്യമന്ത്രി മോസ്കോയിലേക്ക് തിരിച്ചു.

US says no Iranian soldiers or civilians targeted; will respond forcefully if retaliated

Share Email
Top