രഹസ്യാന്വേഷണ വിവരങ്ങള്‍ പങ്കുവെയ്ക്കല്‍ പരിമിതപ്പെടുത്താന്‍ വൈറ്റ് ഹൗസ്

രഹസ്യാന്വേഷണ വിവരങ്ങള്‍ പങ്കുവെയ്ക്കല്‍ പരിമിതപ്പെടുത്താന്‍ വൈറ്റ് ഹൗസ്

വാഷിംഗ്ടണ്‍: ഇറാന്‍ ആണവകേന്ദ്രങ്ങള്‍ക്കു മേല്‍ അമേരിക്ക നടത്തിയ ആക്രമമം സംബന്ധിച്ചുള്ള ഇന്റലിജന്‍സ് വിവരങ്ങള്‍ ചോര്‍ന്ന പശ്ചാത്തലത്തില്‍ രഹസ്യാന്വേഷണ വിവരങ്ങള്‍ യുഎസ് കോണ്‍ഗ്രസില്‍ പങ്കു വെയ്ക്കുന്നത് പരിമിതപ്പെടുത്താന്‍ വൈറ്റ് ഹൗസ് തീരുമാനം.

ട്രംപ് ഭരണകൂടത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തന്നെ ഇക്കാര്യം സ്ഥിരീകരിച്ചു. വിവരങ്ങള്‍ ചോരുന്നത് രാജ്യസുരക്ഷയ്ക്ക് ഭീഷണിയെന്നാണ് വൈറ്റ് ഹൗസ് നിലപാട്. എന്നാല്‍ രാജ്യവുമായി ബന്ധപ്പെട്ടുള്ള സുപ്രധാന വിവരങ്ങള്‍ യുഎസ് കോണ്‍ഗ്രസിനെ അറിയിക്കാതിരിക്കുന്നത് ഭരണഘടനാ ചുമതലകളുടെ ലംഘനമെന്നാണ് കോണ്‍ഗ്രസിലെ മുതിര്‍ന്ന അംഗങ്ങള്‍ വിമര്‍ശനം മുന്നോട്ടു വെയ്ക്കുന്നത്. ഇറാന്‍ ആണവ കേന്ദ്രങ്ങള്‍ക്കു നേരെ നടത്തിയ ആക്രമണം അവരുടെ പ്രവര്‍ത്തനങ്ങളെ മൂന്നു മാസം പിന്നോട്ട് അടിപ്പിക്കുന്നതിനു മാത്രമേ ഇടയാക്കിയുള്ളു എന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചോര്‍ന്നത് പ്രസിഡന്റ് ട്രംപിനും ഭരണ കൂടത്തിനും നാണക്കേടായിരുന്നു. ഇതിനു പിന്നാലെയാണ് ഇന്റലിജന്‍സ് വിവരങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ക്ക് നീക്കം.

ഇറാന്റെ ആണവ പദ്ധതികളെ പൂര്‍ണമായി തകര്‍ത്തു എന്നായിരുന്നു ആദ്യ പ്രചാരണം. ഇന്റലിജന്‍സ് റിപ്പോര്‍ട്ട് വന്നതോടെ ആ പ്രചാരണങ്ങള്‍ അസ്ഥാനത്തായി. ഇത് ട്രംപ് ഭരണകൂടത്തിന് വന്‍ ക്ഷീണമാണ് ഉണ്ടാക്കിയത്. കോണ്‍ഗ്രസില്‍ വിവരങ്ങള്‍ പങ്കുവെയ്ക്കുന്നതിനു ഇനി മുതല്‍ കാപ്‌നെറ്റ് എന്ന സംവിധാനം വഴി കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നു വൈറ്റ് ഹൗസ് അറിയിച്ചു.

ഇറാന്‍ വിവരങ്ങള്‍ ചോര്‍ന്നത് കോണ്‍ഗ്രസില്‍ നിന്നാണോ എന്ന്് സ്പീക്കര്‍ മൈക്ക് ജോണ്‍സണ്‍ സംശയം പ്രകടിപ്പിച്ചെങ്കിലും, ഇതുവരെ അത് സ്ഥിരീകരിച്ചിട്ടില്ല.

White House to limit intelligence sharing
Share Email
Top