ന്യൂയോർക്ക്: ചൊവ്വയിൽ ഛിന്നഗ്രഹം പതിച്ചതിനെത്തുടർന്നുണ്ടായ ആഘാതത്തിൽ ഉപരിതലത്തിൽനിന്ന് വേർപെട്ട് ഭൂമിയിൽ പതിച്ച ഒരു ഉൽക്കാശില ലേലത്തിന് ഒരുങ്ങുന്നു. ഭൂമിയിൽ ഇതുവരെ കണ്ടെത്തിയിട്ടുള്ളതിൽവെച്ച് ഏറ്റവും വലിയ ചൊവ്വയുടെ ഉൽക്കാശിലയാണിത്. ഈ മാസം അവസാനം ന്യൂയോർക്കിലാണ് ലേലം നടക്കുക. NWA 16788 എന്ന് പേരുനൽകിയിട്ടുള്ള ഈ അസാധാരണ ശിലയ്ക്ക് 24.67 കിലോഗ്രാം ഭാരമുണ്ട്. 2023 നവംബറിൽ നൈജറിലെ അഗാഡെസ് മേഖലയിൽനിന്നാണ് ഇത് കണ്ടെടുത്തത്. ഏകദേശം 4 മില്യൺ യുഎസ് ഡോളർ (ഏകദേശം 34 കോടിയിലധികം രൂപ) വരെ ഇതിന് മൂല്യം കണക്കാക്കുന്നു.
2021-ൽ മാലിയിൽനിന്ന് കണ്ടെത്തിയ ചൊവ്വയുടെ ഉൽക്കാശിലയായ ടാഡെന്നി 002-നെക്കാൾ ഏകദേശം 70 ശതമാനം വലുതാണിത്. ഭൂമിയിൽ തിരിച്ചറിഞ്ഞിട്ടുള്ള 77,000 ഉൽക്കാശിലകളിൽ ഏകദേശം 400 എണ്ണം മാത്രമാണ് ചൊവ്വയുടെ ഉൽക്കാശിലയാണെന്ന് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. ഇത് ചൊവ്വയുടെ ഉൽക്കാശിലകളുടെ അപൂർവതയും പ്രാധാന്യവും വ്യക്തമാക്കുന്നു. ഉൽക്കാശിലയുടെ ചൊവ്വയിൽനിന്നുള്ള ഉത്ഭവം ശാസ്ത്രീയ വിശകലനത്തിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്. ഷാങ്ഹായ് അസ്‌ട്രോണമി മ്യൂസിയം ഒരു ചെറിയ സാമ്പിളിൽനിന്ന് ഇതിന്റെ തനിമ സ്ഥിരീകരിച്ചു. കാലാവസ്ഥയുടെ സ്വാധീനം കാരണം ഇതിന് വളരെ കുറഞ്ഞ തോതിലുള്ള മാറ്റം മാത്രമേ സംഭവിച്ചിട്ടുള്ളൂ എന്നും കണ്ടെത്തി. സമീപകാലത്താണ് ശില ഭൂമിയിൽ പതിച്ചത് എന്നതിന്റെ സൂചനയാണിതെന്നും ശാസ്ത്രജ്ഞർ പറയുന്നു.
ചൊവ്വയുടെ സവിശേഷമായ ചുവപ്പുകലർന്ന തവിട്ടുനിറമുള്ളതാണ് ഇതിന്റെ ഉപരിതലം. ചൊവ്വയുടെ മാഗ്മയുടെ സാവധാനത്തിലുള്ള തണുക്കലിൽനിന്നാണ് NWA 16788 രൂപപ്പെട്ടതെന്നും പ്രധാനമായും പൈറോക്‌സീൻ, മാസ്‌കെലിനൈറ്റ്, ഒലിവൈൻ എന്നിവയാൽ നിർമ്മിതമാണെന്നും വിദഗ്ദ്ധർ കരുതുന്നു. ചൊവ്വയിൽ ഒരു വലിയ ഛിന്നഗ്രഹ ആഘാതം ഉണ്ടായതോടെയാണ് ഇതിന്റെ ഭൂമിയിലേക്കുള്ള യാത്ര ആരംഭിച്ചതെന്ന് വിദഗ്ദ്ധർ പറയുന്നു. ഛിന്നഗ്രഹ ആഘാതം ശിലയെ ബഹിരാകാശത്തേക്ക് തെറിപ്പിച്ചു. ഏകദേശം 14 കോടി മൈൽ ദൂരം സഞ്ചരിച്ചതിന് ശേഷം ഇത് ഒടുവിൽ സഹാറാ മരുഭൂമിയിൽ പതിച്ചുവെന്നും ശാസ്ത്രജ്ഞർ പറയുന്നു.
ജൂലൈ 16-ന് നടത്താൻ നിശ്ചയിച്ചിരിക്കുന്ന ലേലം ശാസ്ത്ര സമൂഹത്തിൽ സംവാദങ്ങൾക്ക് തുടക്കമിട്ടിട്ടുണ്ട്. ഇത്തരം അപൂർവ വസ്തുക്കൾ പൊതുജനങ്ങൾക്ക് പഠനത്തിനും ആസ്വാദനത്തിനുമായി ഒരു മ്യൂസിയത്തിൽ സൂക്ഷിക്കണം എന്നാണ് പലരും ആവശ്യപ്പെടുന്നത്. എന്നാൽ, ഉൽക്കാശില ഒരു സ്വകാര്യ ശേഖരത്തിൽ എത്തിയാലും കാര്യമായ ശാസ്ത്രീയ ഗവേഷണം എപ്പോഴും നടത്താൻ കഴിയുമെന്ന് ഒരു വിഭാഗം ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു.
25 kg Martian meteorite up for auction