പോപ്പ് ലിയോ പതിനാലാമൻ ജനിച്ചുവളർന്ന വീട് വാങ്ങാനൊരുങ്ങി ജന്മനാടായ ഡോൾട്ടൺ ഗ്രാമ അധികൃതർ. ജൂലൈ 1-ന് നടന്ന പ്രത്യേക ബോർഡ് മീറ്റിങ്ങിലാണ് തീരുമാനം.റോബർട്ട് ഫ്രാൻസിസ് പ്രിവോസ്റ്റ് എന്ന പോപ്പ് ലിയോ പതിനാലാമൻ ഇക്കഴിഞ്ഞ മേയിലാണ് പോപ്പായി തിരഞ്ഞെടുക്കപ്പെട്ടത്. 1955-ൽ ചിക്കാഗോയിൽ ജനിച്ച ഇദ്ദേഹം, വില്ലനോവയിൽ നിന്ന് ഗണിതശാസ്ത്രത്തിൽ ബിരുദവും ചിക്കാഗോയിലെ കാത്തലിക് തിയോളജിക്കൽ യൂണിയനിൽ നിന്ന് തിയോളജിയിൽ ഡിപ്ലോമയും നേടിയിട്ടുണ്ട്.
അമേരിക്കയിലെ ഇല്ലിനോയിസ് സ്റ്റേറ്റിലെ ഡോൾട്ടൺ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന അദ്ദേഹത്തിൻറെ കുടുംബ വീടായ ചെറിയ ഇരുനില വീട്, പോപ്പിന്റെ തിരഞ്ഞെടുപ്പിനു ശേഷം ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. 1949-ലാണ് പോപ്പിൻ്റെ മാതാപിതാക്കൾ ഈ വീട് വാങ്ങിയത്. ചിക്കാഗോയിൽ നിന്ന് 20 മൈൽ (ഏകദേശം 32 കിലോമീറ്റർ) അകലെയാണ് ഡോൾട്ടൺ ഗ്രാമം.
‘ഒരു അപൂർവ അവസരം’ എന്നാണ് ഡോൾട്ടൺ മേയർ ജേസൺ ഹൗസ് ഇതിനെ വിശേഷിപ്പിച്ചത്. മൈക്കൽ ജാക്സൺ, മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ എന്നിവരുടെ വീടുകൾ ചരിത്ര സ്മാരകങ്ങളായപ്പോഴുണ്ടായ സാമ്പത്തിക നേട്ടങ്ങൾ ബോർഡ് അംഗങ്ങൾ ഉദാഹരണമായി കാണുന്നുണ്ട്. എന്നാൽ വീടിൻ്റെ ഉടമയുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
വീടിന്റെ പരിസരത്തെ റോഡുകൾ നന്നാക്കുമെന്നും, വിനോദസഞ്ചാരികളുടെ വരവ് ഗ്രാമത്തിന്റെ പുനരുജ്ജീവനത്തിന് കാരണമാകുമെന്നുമാണ് കരുതുന്നത്. എന്നാൽ ചൊവ്വാഴ്ച നടന്ന യോഗത്തിൽ, പോപ്പ് ലിയോ പതിനാലാമന്റെ ബാല്യകാല വീട് വാങ്ങുന്നതിൽ ഗ്രാമവാസികളിൽ ചിലർ ആശങ്ക പ്രകടിപ്പിച്ചു. സാമ്പത്തിക ബുദ്ധിമുട്ടിലായ ഗ്രാമത്തിന് വീട് വാങ്ങുന്നതും അതുമായി ബന്ധപ്പെട്ട പരിപാലനവും അധികബാധ്യത ആകുമോയെന്നാണ് പ്രദേശവാസികളുടെ ആശങ്ക.
3.65 മില്യൺ ഡോളറിന്റെ കടബാധ്യത നിലവിൽ ഗ്രാമത്തിനുണ്ട്. മുൻ മേയർ ടിഫനി ഹെന്യാർഡിന്റെ സാമ്പത്തിക ദുരുപയോഗം, അഴിമതി, സംസ്ഥാനത്തെ നിയമങ്ങൾ പാലിക്കാതെ ചെലവുകളുടെയും മറ്റ് രേഖകളുടെയും വിവരങ്ങൾ വെളിപ്പെടുത്താതിരുന്നത് എന്നിവയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഡോൾട്ടനെ ദേശീയ ശ്രദ്ധയിലേക്ക് കൊണ്ടുവന്നിരുന്നു.
Pope Leo XIV’s birthplace to be preserved as a monument