ഓസ്‌ട്രേലിയൻ എയർലൈൻ കമ്പനിയായ ക്വാണ്ടസ് നേരിട്ട സൈബർ ആക്രമണത്തിൽ ലക്ഷക്കണക്കിന് ഉപഭോക്താക്കളുടെ സ്വകാര്യവിവരങ്ങൾ അപകടത്തിൽപ്പെട്ടതായി സ്ഥിരീകരിച്ചു. ജൂൺ 30-ന് നടന്ന ആക്രമണത്തിൽ, വിദേശ കോൾ സെന്ററിനായി ഉപയോഗിച്ചിരുന്ന മൂന്നാം കക്ഷിയുമായി ബന്ധപ്പെട്ട ഐ.ടി. സംവിധാനത്തിലേക്കാണ് ഹാക്കർമാർ പ്രവേശിച്ചത്.
ഫോറൻസിക് പരിശോധനാ റിപ്പോർട്ടുകൾ പ്രകാരം, ആകെ 5.7 ദശലക്ഷം ഉപഭോക്താക്കളുടെ ഡാറ്റ അക്രമത്തിൽ ചോർന്നതായി വ്യക്തമായി.
ഇതിൽ 2.8 ദശലക്ഷം പേരുടെ ഇമെയിൽ വിലാസം, ഫ്രിക്വന്റ് ഫ്‌ലൈയർ നമ്പർ ഉൾപ്പെടുന്നു.
1.2 ദശലക്ഷം പേരുടെ ഇമെയിൽ വിലാസം മാത്രമാണ് ഉണ്ടായിരുന്നത്. 1.7 ദശലക്ഷം ഉപഭോക്താക്കളുടെ വിലാസം, ജനനത്തീയതി, ഫോൺ നമ്പർ, ഭക്ഷണ താല്പര്യങ്ങൾ പോലുള്ള കൂടുതൽ വ്യക്തിഗത വിവരങ്ങളും ആ ശൃംഖലയിലുണ്ടായിരുന്നുവെന്ന് ക്വാണ്ടസ് വ്യക്തമാക്കിയിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് ഓസ്‌ട്രേലിയൻ സൈബർ സുരക്ഷാ സെന്ററും, ഫെഡറൽ പൊലീസും, ദേശീയ സൈബർ സുരക്ഷാ കോർഡിനേറ്ററും ക്വാണ്ടസുമായി നിരന്തരമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്.
ഉപഭോക്താക്കൾക്ക് ക്വാണ്ടസ് സന്ദേശം നൽകുന്നത് പോലെയുള്ള ഇമെയിലുകൾ, ഫോൺ കോളുകൾ, മെസേജുകൾ എന്നിവയ്‌ക്കുമുന്നിൽ ജാഗ്രത പാലിക്കണമെന്ന് കമ്പനി മുന്നറിയിപ്പ് നൽകി. ചോർത്തപ്പെട്ട വ്യക്തിഗത വിവരങ്ങൾ ഇതുവരെ ഓൺലൈനിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ലെന്നും കമ്പനി വിദഗ്ധ സംഘങ്ങളുമായി ചേർന്ന് നിരീക്ഷണം തുടർന്നുകൊണ്ടിരിക്കുന്നതായും വ്യക്തമാക്കിയിട്ടുണ്ട്.
Qantas reports data breach affecting 5.7 million people; customers advised to remain vigilant














