തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ആരോഗ്യമേഖലയിലെ സങ്കീർണവും ഗുരുതരവുമായ പ്രശ്‌നങ്ങൾ പഠിക്കാനും ദീർഘകാലാടിസ്ഥാനത്തിലുള്ള പരിഹാരമാർഗങ്ങൾ നിർദേശിക്കാനും യുഡിഎഫ് ഹെൽത്ത് കമ്മീഷൻ രൂപീകരിച്ചു.
ആഗോള ആരോഗ്യ വിദഗ്ധനായ ഡോ. എസ്.എസ്. ലാൽ അധ്യക്ഷനായ അഞ്ചംഗ സമിതിയെയാണ് പ്രഖ്യാപിച്ചത്.
ലോകാരോഗ്യ സംഘടനയുൾപ്പെടെ വിവിധ യുഎൻ പ്രസ്ഥാനങ്ങളിലും സമാന അന്താരാഷ്ട്ര പ്രസ്ഥാനങ്ങളിലും ഉന്നത നേതൃസ്ഥാനങ്ങൾ വഹിച്ചിട്ടുള്ളയാളാണ് ഡോ. ലാൽ. അദ്ദേഹം ആഗോള ആരോഗ്യ പ്രസ്ഥാനത്തിന്റെ ഏഷ്യാ പസഫിക് ഡയറക്ടറും പൊതുജനാരോഗ്യ പ്രൊഫസറും യുഎൻ കൺസൾട്ടന്റുമാണ്.
മൂന്ന് മാസത്തിനുള്ളിൽ സമിതി പ്രാഥമിക റിപ്പോർട്ടും ആറ് മാസത്തിനുള്ളിൽ സമ്പൂർണ്ണ റിപ്പോർട്ടും സമർപ്പിക്കും. പൊതുജനങ്ങളെയും സർക്കാർ ആശുപത്രി ജീവനക്കാരെയും സർക്കാരിതര ആരോഗ്യപ്രവർത്തകരെയും പൊതുജനാരോഗ്യ സ്ഥാപനങ്ങളിലെ വിദഗ്ധരെയും ആരോഗ്യവുമായി നേരിട്ട് ബന്ധപ്പെട്ട ഇതര സ്ഥാപനങ്ങളിലെ വിദഗ്ധരെയും നേരിൽക്കണ്ട് വിശദമായ തെളിവ് ശേഖരണം നടത്തിയ ശേഷമായിരിക്കും റിപ്പോർട്ട് തയ്യാറാക്കുക. യുഡിഎഫ് നിർദേശിക്കാൻ പദ്ധതിയിടുന്ന ബദൽ ആരോഗ്യനയത്തിന് മുന്നോടിയായിരിക്കും ഈ കമ്മീഷൻ റിപ്പോർട്ട്.
കമ്മീഷൻ അംഗങ്ങൾ:
- ഡോ. ശ്രീജിത് എൻ. കുമാർ: ‘ശരിയായ ജീവിതശൈലി’ രംഗത്തെ വിദഗ്ധനും പ്രചാരകനും ദേശീയ ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ ഉപദേഷ്ടാവും.
- ഡോ. രാജൻ ജോസഫ് മാഞ്ഞൂരാൻ: പുഷ്പഗിരി മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പൽ.
- ഡോ. പി.എൻ. അജിത: പ്രശസ്ത ഗൈനക്കോളജിസ്റ്റ്.
- ഡോ. ഒ.ടി. മുഹമ്മദ് ബഷീർ: കോഴിക്കോട് മെഡിക്കൽ കോളേജിലെ റിട്ടയേർഡ് സിവിൽ സർജൻ.
UDF forms Health Commission headed by Dr. S.S. Lal to study issues in the state’s health sector