pulimoottil

ഇന്ത്യന്‍ ജനാധിപത്യത്തെ കൊല്ലുന്ന വോട്ടുകൊള്ള

ഇന്ത്യന്‍ ജനാധിപത്യത്തെ കൊല്ലുന്ന വോട്ടുകൊള്ള

ജെയിംസ് കൂടല്‍

ഴിഞ്ഞ ഇന്ത്യന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കു വേണ്ടി വന്‍ തോതില്‍ അട്ടിമറി നടന്നുവെന്നു തെളിയിക്കുന്ന, തിരഞ്ഞെടുപ്പ് കമ്മിഷന്റെ തന്നെ രേഖകള്‍ പുറത്തുവിട്ടു കൊണ്ട് കോണ്‍ഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി നടത്തിയ വെളിപ്പെടുത്തല്‍ ജനാധിപത്യത്തെ സ്നേഹിക്കുന്ന എല്ലാവരെയും ഞെട്ടിപ്പിക്കുന്നതാണ്.

നടന്നത് വോട്ടുകൊളള എന്ന് ആരോപിച്ച രാഹുല്‍ ഗാന്ധി അട്ടിമറിയുടെ കണക്കുകളും അവതരിപ്പിച്ചു. വോട്ടുകൊള്ളയിലൂടെ 33000 വോട്ടുകള്‍ക്ക് ബി.ജെ.പി വിജയിച്ച 25 ലോക്സഭാ മണ്ഡലങ്ങളുണ്ടെന്ന് രാഹുല്‍ ഗാന്ധി വെളപ്പെടുത്തി. അട്ടിമറി ഇല്ലായിരുന്നുവെങ്കില്‍ ബി.ജെ.പി ഇത്തവണ അധികാരത്തില്‍ വരില്ലായിരുന്നുവെന്ന് രാഹുല്‍ വ്യക്തമാക്കി. കര്‍ണാടകയിലെ മഹാദേവപുര മണ്ഡലത്തില്‍ നടന്ന വോട്ടെടുപ്പാണ് ഉദാഹരണമായി രാഹുല്‍ ചൂണ്ടിക്കാട്ടിയത്.

ഇലട്രോണിക് വോട്ടിംഗ് യന്ത്രം ഉപയോഗിച്ച് തുടങ്ങിയ തിരഞ്ഞെടുപ്പുകളില്‍ പലവിധ സംശയങ്ങളും നേരത്തേ ഉയര്‍ന്നിട്ടുണ്ട്. പല പരാതികളും തിരഞ്ഞെടുപ്പ് കമ്മിഷന്‍ അവഗണിക്കുകയോ തള്ളിക്കളയുകയോ ചെയ്യുകയായിരുന്നു. എന്നാല്‍, രാഹുല്‍ തെളിവുകള്‍ സഹിതം ചൂണ്ടിക്കാട്ടിയ ആരോപണങ്ങള്‍ വലിയ അട്ടിമറിയെയാണ് സൂചിപ്പിക്കുന്നത്.

ബി.ജെ.പിക്കായി തിരഞ്ഞെടുപ്പ് കമ്മിഷന്‍ നടത്തിയ ഒത്തുകളിയെപ്പറ്റി ഇന്ത്യാസഖ്യത്തിലെ പല പാര്‍ട്ടികളും പരാതികള്‍ ഉന്നയിച്ചിരുന്നു. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മുപ്പത് അംഗ സംഘത്തെ നിയോഗിച്ച് ആറ് മാസത്തോളം നടത്തിയ പഠനത്തിലാണ് രാഹുലിന്റെ ആരോപണങ്ങള്‍ക്ക് അടിസ്ഥാനമായ തെളിവുകള്‍ ശേഖരിച്ചത്. രാഹുലിന്റെ ആരോപണത്തെ പിന്തുണച്ച് ഇന്ത്യാസഖ്യത്തിലെ ഘടകകക്ഷികള്‍ എല്ലാം ഒറ്റക്കെട്ടായി രംഗത്തുവരാനുണ്ടായ കാരണം അവര്‍ക്കെല്ലാം സമാനമായ പരാതികള്‍ ഉണ്ടായിരുന്നതുകൊണ്ടാണ്. ഇതോടെ ഇന്ത്യാസഖ്യത്തിന്റെ കെട്ടുറപ്പ് കൂടുതല്‍ ശക്തമായത് കോണ്‍ഗ്രസിന് രാഷ്ട്രീയ നേട്ടം കൂടിയാണ്.
രാഹുലിന്റെ ആരോപണങ്ങള്‍ ചട്ടപ്രകാരം സ്വയം സാക്ഷ്യപ്പെടുത്തി തെളിവു നല്‍കാനാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ആവശ്യപ്പെടുന്നത്.

രാഹുല്‍ ഗാന്ധി ഇന്ത്യയുടെ പ്രതിപക്ഷ നേതാവാണ്. ഭരണഘടനാ പദവി തന്നെയാണ് പ്രതിപക്ഷ നേതാവിന്റേതും. അങ്ങനെയുള്ളയാള്‍ തിരഞ്ഞെടുപ്പ് അട്ടിമറിയെപ്പറ്റിയുള്ള തെളിവുകള്‍ ജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കുകയാണുണ്ടായത്. ഇന്ത്യന്‍ ഭരണഘടനയും ദേശീയതയ്ക്കും മുറിവേറ്റതിനെപ്പറ്റിയാണ് അദ്ദേഹം സംസാരിച്ചത്. കമ്മിഷനു മുന്നില്‍ പോയി തെളിവുകള്‍ സാക്ഷ്യപ്പെടുത്തി നല്‍കണമെന്ന് ആജ്ഞാപിക്കുന്നത് വിരട്ടലാണ്. അതിനു വഴങ്ങുന്നയാളല്ല രാഹുല്‍ ഗാന്ധി.

ഡ്യൂപ്ളിക്കേറ്റ് വിലാസക്കാരും വ്യാജ വോട്ടര്‍മാരും ഒരു വീട്ടില്‍ കൂട്ടമായി പാര്‍ക്കുന്ന വോട്ടര്‍മാരുമൊക്കെയാണ് ബി.ജെ.പിയുടെ വിജയത്തിന്റെ കാരണക്കാരെന്ന് തെളിവുകള്‍ നിരത്തി പറഞ്ഞയാളെ വേട്ടയാടാന്‍ അനുവദിച്ചുകൂടാ. രാഹുല്‍ ഉന്നയിച്ച ആരോപണങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നു. അതേപ്പറ്റി അന്വേഷിച്ച് തിരഞ്ഞെടുപ്പിന്റെ സുതാര്യത തെളിയിക്കേണ്ടതിന്റെ ഉത്തരവാദിത്തം തിരഞ്ഞെടുപ്പ് കമ്മിഷനാണ്. വെല്ലുവിളി തുടരുന്ന തിരഞ്ഞെടുപ്പ് കമ്മിഷന്‍ രാഹുലിന് ഇപ്പോള്‍ നോട്ടീസ് അയച്ചിരിക്കുകയാണ്.

അമേരിക്കയെപ്പോലെ ലോകത്ത് ജനാധിപത്യത്തിന് പ്രഥമ സ്ഥാനം നല്‍കുന്ന രാജ്യമാണ് ഇന്ത്യ. അവിടെ തിരഞ്ഞെടുപ്പ് നടത്താന്‍ നിയോഗിക്കപ്പെടുന്ന ഭരണഘടനാ സ്ഥാപനം ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും ചട്ടുകമായി അധ:പതിക്കാന്‍ പാടില്ല. അങ്ങനെ സംഭവിച്ചാല്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മരണമണിയാകും.

Vote-rigging is killing Indian democracy

Share Email
LATEST excelnclexrn
More Articles
Top