തെലങ്കാനയിലെ മന്ത്രിയെ മറ്റൊരു മന്ത്രി ‘ജീവന് വിലയില്ലാത്ത എരുമ’ എന്ന് ആക്ഷേപിച്ചു

തെലങ്കാനയിലെ  മന്ത്രിയെ മറ്റൊരു മന്ത്രി  ‘ജീവന് വിലയില്ലാത്ത എരുമ’ എന്ന് ആക്ഷേപിച്ചു
Share Email

ഹൈദരാബാദ്∙ മന്ത്രിസഭയിലെ അംഗത്തെ ജാതീയമായി അധിക്ഷേപിച്ച് തെലങ്കാനയിലെ മറ്റൊരു മന്ത്രി. പിന്നാക്ക വിഭാഗ ക്ഷേമ കാബിനറ്റ് മന്ത്രി പൊന്നം പ്രഭാകരനാണ് ന്യൂനപക്ഷ വകുപ്പ് മന്ത്രിയായ അഡ്‌ലൂരി ലക്ഷ്മണനെ ‘ജീവന് വിലയില്ലാത്ത എരുമ’ എന്നുവിളിച്ച് അധിക്ഷേപിച്ചത്. ജൂബിലി ഹിൽസ് ഉപതിരഞ്ഞെടുപ്പിൻ്റെ പ്രചാരണ പരിപാടിക്കിടെ മന്ത്രി നടത്തിയ അപകീർത്തികരമായ പരാമർശം വലിയ സംഘർഷത്തിന് കാരണമായി. സംഭവത്തിന്റെ വിഡിയോ ദൃശ്യം പുറത്തുവന്നിട്ടുണ്ട്. എന്നാൽ തൻ്റെ വാക്കുകൾ പ്രതിപക്ഷ പാർട്ടികൾ വളച്ചൊടിച്ചതാണെന്നാണ് പൊന്നം പ്രഭാകറിന്റെ പക്ഷം.

ലക്ഷ്മണൻ തിരഞ്ഞെടുപ്പ് പരിപാടിയിൽ എത്താൻ വൈകിയതിനെ തുടർന്നായിരുന്നു മന്ത്രിയുടെ പരാമർശം. മൈക്രോഫോൺ ലൈവായിരുന്നതുകൊണ്ട് അത് റെക്കോർഡ് ചെയ്യപ്പെടുകയും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.

‘‘വ്യക്തിപരമായി മന്ത്രിക്ക് എന്നെ അധിക്ഷേപിക്കാം, പക്ഷേ എൻ്റെ ജാതി പറഞ്ഞ് അധിക്ഷേപിക്കുന്നത് ശരിയല്ല. ഒരു ക്യാബിനറ്റ് സഹപ്രവർത്തകന് പാർശ്വവത്കരിക്കപ്പെട്ട ഒരു വിഭാഗത്തിൽ നിന്നുള്ള സഹമന്ത്രിയെ എങ്ങനെ പരസ്യമായി ഇകഴ്ത്താൻ കഴിയും? പാർശ്വവൽക്കരിക്കപ്പെട്ട എന്റെ സമൂഹത്തിനെതിരായ ആക്ഷേപമാണ് ഈ പരാമർശം. ആഴത്തിലുള്ള വേദനയുണ്ട്. പൊന്നം പ്രഭാകർ മാപ്പ് പറയണം. ക്ഷമാപണം ഉണ്ടായില്ലെങ്കിൽ പരാതിയുമായി മുന്നോട്ട് പോവും. താനും തൻ്റെ ജാതിയിൽ നിന്നുള്ള പ്രതിനിധികളും ചേർന്ന് മല്ലികാർജുൻ ഖാർഗെ ഉൾപ്പെടെയുള്ള അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി (എഐസിസി) നേതൃത്വത്തിന് പരാതി നൽകും’’ – ലക്ഷ്മൺ പ്രതികരിച്ചു.

Telangana’s Backward Classes Minister humiliated another minister

Share Email
Top