കെന്നഡി സെന്‍ററിൽ ട്രംപിന്‍റെ പേര് കൂടെ ചേർക്കാനുള്ള നീക്കം; ഡെമോക്രാറ്റിക് നിയമനിർമാതാവ് കോടതിയിൽ ഹർജി നൽകി

കെന്നഡി സെന്‍ററിൽ ട്രംപിന്‍റെ പേര് കൂടെ ചേർക്കാനുള്ള നീക്കം; ഡെമോക്രാറ്റിക് നിയമനിർമാതാവ് കോടതിയിൽ ഹർജി നൽകി

വാഷിംഗ്ടൺ: അമേരിക്കയിലെ പ്രശസ്തമായ ജോൺ എഫ്. കെന്നഡി സെൻ്റർ ഫോർ ദ പെർഫോമിംഗ് ആർട്സിന്റെ പേരിനൊപ്പം പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പേര് കൂട്ടിച്ചേർക്കാനുള്ള തീരുമാനത്തിനെതിരെ ഫെഡറൽ കോടതിയിൽ ഹർജി. കെന്നഡി സെൻ്റർ ട്രസ്റ്റി ബോർഡിലെ എക്സ്-ഒഫിഷ്യോ അംഗവും ഡെമോക്രാറ്റിക് കോൺഗ്രസ് അംഗവുമായ ജോയ്‌സ് ബീറ്റിയാണ് തിങ്കളാഴ്ച വാഷിംഗ്ടൺ ഫെഡറൽ കോടതിയിൽ പരാതി സമർപ്പിച്ചത്. കോൺഗ്രസിന്റെ അംഗീകാരമില്ലാതെ സ്ഥാപനത്തിന്റെ പേര് മാറ്റുന്നത് നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണെന്നാണ് ഹർജിയിലെ ആരോപണം.

കഴിഞ്ഞ വ്യാഴാഴ്ച (ഡിസംബർ 18, 2025) നടന്ന ട്രസ്റ്റി ബോർഡ് യോഗത്തിലാണ് സ്ഥാപനത്തിന്റെ പേര് ‘ദ ഡൊണാൾഡ് ജെ. ട്രംപ് ആൻഡ് ദ ജോൺ എഫ്. കെന്നഡി മെമ്മോറിയൽ സെൻ്റർ’ എന്നാക്കി മാറ്റാൻ തീരുമാനമെടുത്തത്. ട്രംപ് തന്നെയാണ് ബോർഡിന്റെ നിലവിലെ ചെയർമാൻ. വോട്ടെടുപ്പിനിടെ വിയോജിപ്പ് പ്രകടിപ്പിക്കാൻ ശ്രമിച്ചപ്പോൾ സൂം മീറ്റിംഗിൽ തന്നെ മ്യൂട്ട് ചെയ്തുവെന്ന് ജോയ്‌സ് ബീറ്റി ആരോപിക്കുന്നു. വോട്ടെടുപ്പ് ഏകകണ്ഠമായിരുന്നുവെന്ന വൈറ്റ് ഹൗസിന്റെ വാദം തെറ്റാണെന്നും അവർ ചൂണ്ടിക്കാട്ടി.

1963-ൽ ജോൺ എഫ്. കെന്നഡിയുടെ വധത്തിന് പിന്നാലെയാണ് കോൺഗ്രസ് ഈ സ്ഥാപനത്തിന് അദ്ദേഹത്തിന്റെ പേര് നൽകിയത്. ഫെഡറൽ നിയമപ്രകാരം കോൺഗ്രസിന്റെ അനുമതിയില്ലാതെ ഇത്തരം സ്മാരകങ്ങളുടെ പേര് മാറ്റുകയോ അധിക പേരുകൾ ചേർക്കുകയോ ചെയ്യാനാവില്ലെന്ന് ഹർജിയിൽ വ്യക്തമാക്കുന്നു.
ട്രംപ് അധികാരത്തിലെത്തിയ ശേഷം കെന്നഡി സെൻ്ററിനെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് രക്ഷപ്പെടുത്തിയെന്നും അതിനാൽ അദ്ദേഹത്തിന്റെ പേര് ഉൾപ്പെടുത്തുന്നത് യോജിച്ചതാണെന്നുമാണ് വൈറ്റ് ഹൗസ് വക്താവ് കരോളിൻ ലെവിറ്റിന്റെ പ്രതികരണം.

Share Email
LATEST excelnclexrn
More Articles
Top