മുസ്‌ലിം വിരുദ്ധ പ്രക്ഷോഭത്തിനിടെ സൊഹ്‌റാൻ മംദാനിയുടെ വീടിന് നേരെ ആക്രമണം; മൂന്ന് പേർ അറസ്റ്റിൽ

മുസ്‌ലിം വിരുദ്ധ പ്രക്ഷോഭത്തിനിടെ സൊഹ്‌റാൻ മംദാനിയുടെ വീടിന് നേരെ ആക്രമണം; മൂന്ന് പേർ അറസ്റ്റിൽ

ന്യൂയോർക്ക്: ന്യൂയോർക്ക് സിറ്റി മേയർ സൊഹ്‌റാൻ മംദാനിയുടെ ഔദ്യോഗിക വസതിയായ ഗ്രേസി മാൻഷന് മുന്നിൽ നടന്ന പ്രതിഷേധത്തിനിടെ സ്ഫോടക വസ്തുക്കൾ എറിഞ്ഞു. മുസ്‌ലിം വിരുദ്ധ പ്രക്ഷോഭത്തിനിടെയുണ്ടായ അനിഷ്ട സംഭവങ്ങളെത്തുടർന്ന് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. നട്ടുകൾ, ബോൾട്ടുകൾ, സ്ക്രൂകൾ എന്നിവ അടങ്ങിയ സ്ഫോടക വസ്തുക്കളാണ് വസതിക്ക് നേരെ എറിഞ്ഞത്. ഇവ യഥാർത്ഥ സ്ഫോടക വസ്തുക്കളാണോ അതോ വ്യാജമാണോ എന്ന് പോലീസ് പരിശോധിച്ചു വരികയാണ്. സംഭവസമയത്ത് മംദാനി വസതിയിൽ ഉണ്ടായിരുന്നില്ല.

തീവ്ര വലതുപക്ഷ നേതാവ് ജെയ്‌ക്ക് ലാങ്ങിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പൊതുയിടങ്ങളിലെ മുസ്‌ലിം പ്രാർത്ഥനകൾക്കെതിരെ പ്രതിഷേധവുമായി മംദാനിയുടെ വസതിക്ക് മുന്നിലെത്തിയത്. ഏകദേശം ഇരുപതോളം പേർ പ്രക്ഷോഭത്തിൽ പങ്കെടുത്തു. എന്നാൽ, സ്ഫോടക വസ്തു എറിഞ്ഞത് ഈ പ്രക്ഷോഭകരല്ലെന്നും, ഇവർക്കെതിരെ എത്തിയ മറ്റൊരു സംഘത്തിലെ വ്യക്തിയാണെന്നും പോലീസ് വ്യക്തമാക്കി. സ്ഫോടക വസ്തു എറിഞ്ഞതിന് പിന്നാലെ പ്രക്ഷോഭകർക്കിടയിൽ സംഘർഷമുണ്ടാവുകയും കുരുമുളക് സ്പ്രേ പ്രയോഗിക്കുകയും ചെയ്തു.

ക്യാപിറ്റൽ ഹിൽ കലാപക്കേസിൽ പ്രതിയായിരുന്ന ജെയ്‌ക്ക് ലാങ്, ട്രംപ് അധികാരമേറ്റതിന് പിന്നാലെ ലഭിച്ച ഇളവിലൂടെയാണ് ജയിലിന് പുറത്തിറങ്ങിയത്. നിലവിൽ ഫ്ലോറിഡയിൽ നിന്ന് സെനറ്റിലേക്ക് മത്സരിക്കാൻ തയ്യാറെടുക്കുന്ന ലാങ്, രാഷ്ട്രീയ നേട്ടങ്ങൾക്കും ജനശ്രദ്ധയ്ക്കുമായാണ് ഇത്തരം പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. സൊഹ്‌റാൻ മംദാനിയുടെ വസതിക്ക് മുന്നിലെ ആക്രമണത്തെത്തുടർന്ന് പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.


Share Email
LATEST excelnclexrn
Top