വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്കിന്മേൽ അമേരിക്ക ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം പിൻവലിക്കാതെ നേരിട്ടുള്ള ചർച്ചകൾക്കില്ലെന്ന് ഇറാൻ നിലപാട് വ്യക്തമാക്കിയതോടെ, പാകിസ്ഥാനിൽ നടക്കാനിരുന്ന രണ്ടാം വട്ട സമാധാന ചർച്ചകൾ അനിശ്ചിതത്വത്തിലായി. ഒരു അന്തിമ കരാറിൽ എത്താതെ ഹോർമുസ് ജലപാത തുറന്നുകൊടുക്കില്ലെന്ന കർക്കശ നിലപാടിലാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇതോടെ പശ്ചിമേഷ്യയിലെ സംഘർഷം പരിഹരിക്കാനുള്ള നയതന്ത്ര നീക്കങ്ങൾ വലിയ പ്രതിസന്ധിയിലായിരിക്കുകയാണ്.ആദ്യഘട്ടത്തിൽ ചർച്ചകൾക്കായി പ്രതിനിധി സംഘത്തെ അയക്കാമെന്ന് ഇറാൻ രഹസ്യ സൂചന നൽകിയിരുന്നു. അമേരിക്കൻ സംഘത്തെ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് തന്നെ നയിക്കുകയാണെങ്കിൽ, ഇറാന്റെ ഭാഗത്തുനിന്ന് പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ് ചർച്ചകളിൽ പങ്കെടുക്കുമെന്നും അവർ അറിയിച്ചിരുന്നു.
എന്നാൽ, തങ്ങളുടെ തുറമുഖങ്ങൾക്ക് മേലുള്ള അമേരിക്കൻ ഉപരോധം നീക്കിയാൽ മാത്രമേ ചർച്ചാ മേശയിലേക്ക് മടങ്ങൂ എന്ന പുതിയ നിബന്ധന ഇറാൻ മുന്നോട്ടുവെച്ചതാണ് നിലവിലെ തടസ്സത്തിന് കാരണം.ചൊവ്വാഴ്ച രാവിലെ സിഎൻബിസിക്ക് നൽകിയ അഭിമുഖത്തിൽ ട്രംപ് തന്റെ നിലപാട് ആവർത്തിച്ചു. “ഒരു അന്തിമ കരാർ ഉണ്ടാകുന്നത് വരെ ഞങ്ങൾ ഈ പാത തുറക്കില്ല,” ട്രംപ് വ്യക്തമാക്കി.
കടലിടുക്ക് തുറക്കണമെന്ന് ഇറാൻ വാശിപിടിക്കുന്നുണ്ടെങ്കിലും, കരാറില്ലാതെ അതിന് തയ്യാറല്ലെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. ഇതേത്തുടർന്ന് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, പ്രതിനിധികളായ സ്റ്റീവ് വിറ്റ്‌കോഫ്, ജാരെദ് കുഷ്നർ എന്നിവരടങ്ങുന്ന അമേരിക്കൻ സംഘം ഇതുവരെ പാകിസ്ഥാനിലേക്ക് തിരിക്കാൻ തയ്യാറായിട്ടില്ല.













