കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ പേരിൽ വ്യാജ കത്ത് നിർമ്മിച്ച കേസുമായി ബന്ധപ്പെട്ട് കെ സുധാകരന്റെ സഹോദരി പുത്രൻ അജിത് കുമാറിനെ സൈബർ പോലീസ് ചോദ്യം ചെയ്തു. കേസിൽ നേരത്തെ അറസ്റ്റിലായ പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അജിത് കുമാറിനെ ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തിയത്. കണ്ണൂർ ലോക്സഭാ സീറ്റ് നിഷേധിക്കപ്പെട്ടതിന് പിന്നാലെ കോൺഗ്രസിനുള്ളിൽ ഉടലെടുത്ത തർക്കങ്ങളുടെ തുടർച്ചയായാണ് വ്യാജ കത്ത് പ്രചരിച്ചതെന്നാണ് പോലീസ് വിലയിരുത്തൽ.
കെ സുധാകരന് കണ്ണൂരിൽ ജയസാധ്യതയില്ലെന്ന് ചൂണ്ടിക്കാട്ടി സണ്ണി ജോസഫ് എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് കത്തയച്ചു എന്ന രീതിയിലായിരുന്നു പ്രചരണം നടന്നത്. സുധാകരനെ രാഷ്ട്രീയമായി ഒതുക്കാൻ ലക്ഷ്യമിട്ടാണ് ഇത്തരമൊരു നീക്കം നടന്നതെന്ന് ആരോപണമുയർന്നിരുന്നു. സണ്ണി ജോസഫ് നേരിട്ട് നൽകിയ പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മുൻ കോൺഗ്രസ് പ്രവർത്തകരായ അബ്ദുൽ ഖാദർ, കെ ജെ ജോസഫ് എന്നിവരെ പോലീസ് പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയത്.
പാർട്ടിക്കുള്ളിലെ ആഭ്യന്തര കലഹങ്ങളാണ് വ്യാജ കത്തിന് പിന്നിലെന്ന നിഗമനത്തിലാണ് സൈബർ വിംഗ്. പിടിയിലായ പ്രതികൾക്ക് അജിത് കുമാറുമായി അടുത്ത ബന്ധമുണ്ടെന്ന സൂചനയെ തുടർന്നാണ് വിശദമായ മൊഴിയെടുത്തത്. സംഭവത്തിൽ കൂടുതൽ ഉന്നതർക്ക് പങ്കുണ്ടോ എന്നും ഡിജിറ്റൽ തെളിവുകൾ കേന്ദ്രീകരിച്ച് പോലീസ് പരിശോധിച്ചുവരികയാണ്.















