വാഷിംഗ്ടൺ: ഇറാനിയൻ തുറമുഖങ്ങൾ ലക്ഷ്യമാക്കി അമേരിക്ക ഏർപ്പെടുത്തിയിരിക്കുന്ന നാവിക ഉപരോധം കൂടുതൽ ശക്തമാക്കുന്നതായും ഇത് ആഗോളതലത്തിലേക്ക് വ്യാപിപ്പിക്കുന്നതായും അമേരിക്കൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ഒരു കപ്പലിനും യുഎസ് നാവികസേനയുടെ അനുമതിയില്ലാതെ ലോകത്തെവിടെയും സഞ്ചരിക്കാൻ സാധിക്കില്ലെന്ന കർശന നിലപാടാണ് അദ്ദേഹം വ്യക്തമാക്കിയത്.
ഉപരോധം കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി വരും ദിവസങ്ങളിൽ കൂടുതൽ യുദ്ധവിമാനവാഹിനി കപ്പലുകൾ മേഖലയിൽ വിന്യസിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്തോ-പസഫിക് മേഖലയിൽ നിന്ന് ഈ ആഴ്ച രണ്ട് കപ്പലുകൾ പിടിച്ചെടുത്തത് ഉപരോധത്തിന്റെ വിജയമായാണ് ഹെഗ്‌സെത്ത് വിശേഷിപ്പിച്ചത്. ഉപരോധം നിലവിൽ വരുന്നതിന് തൊട്ടുമുൻപ് ഇറാനിയൻ തുറമുഖങ്ങളിൽ നിന്ന് പുറപ്പെട്ട കപ്പലുകളാണ് ഇവയെന്നും രക്ഷപ്പെട്ടുവെന്ന് കരുതിയവർക്ക് തെറ്റിയെന്നും അദ്ദേഹം പരിഹസിച്ചു.നിയമവിരുദ്ധമായി നീങ്ങുന്ന ഇത്തരം കപ്പലുകൾ പിടിച്ചെടുക്കുന്നത് തുടരുമെന്നും ഹെഗ്‌സെത്ത് മുന്നറിയിപ്പ് നൽകി.
ഇറാനുമായുള്ള വ്യാപാരബന്ധം തടയുന്നതിനും ആഗോളതലത്തിൽ ഇറാനെ ഒറ്റപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ള നീക്കങ്ങളാണ് അമേരിക്കൻ സൈന്യത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ അതീവ ഗൗരവത്തോടെയാണ് അന്താരാഷ്ട്ര സമൂഹം നിരീക്ഷിക്കുന്നത്. അമേരിക്കയുടെ ഈ കർശന നിലപാട് വരും ദിവസങ്ങളിൽ കൂടുതൽ നയതന്ത്ര സംഘർഷങ്ങൾക്ക് കാരണമായേക്കാം.















