സാബു മുളയാനിക്കുന്നേല്‍
ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ ക്‌നാനായ കാത്തലിക് സൊസൈറ്റി (KCS) കേരള ഹൈക്കോടതി വിധിയെ കുറിച്ച് ചര്‍ച്ചാ യോഗം സംഘടിപ്പിച്ചു ക്‌നാനായ സമൂഹത്തിന്റെ എന്‍ഡോഗമിയുടെ നിലനില്‍പ്പിനെയും ദീര്‍ഘകാലമായി പാലിച്ചുവരുന്ന പാരമ്പര്യങ്ങളെയും ബാധിക്കുന്ന കേരള ഹൈക്കോടതിയുടെ പുതിയ വിധിയെ തുടര്‍ന്നുണ്ടായ ആശങ്കകള്‍ ചര്‍ച്ച ചെയ്യുന്നതിനായിരുന്നു ഹൂസ്റ്റണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ ഈ യോഗം നടത്തിയത്.
നൂറുകണക്കിന് സമുദായാംഗങ്ങള്‍ പങ്കെടുത്ത യോഗത്തില്‍ പങ്കെടുത്തവര്‍ തുറന്ന സംവാദത്തില്‍ ഏര്‍പ്പെട്ടു. പ്രസ്തുത വിധി തങ്ങളുടെ സാംസ്‌കാരികവും മതപരവുമായ വ്യക്തിത്വത്തില്‍ ഉണ്ടാക്കുന്ന സ്വാധീനങ്ങളെക്കുറിച്ച് ഏവരും ശക്തവും സൃഷ്ടിപരവുമായ അഭിപ്രായങ്ങളും പങ്കുവച്ചു. ഹൂസ്റ്റണ്‍ കെ.സി.എസ് പ്രസിഡന്റ് സാബു മുളയാനിക്കുന്നേല്‍, എക്‌സിക്യൂട്ടീവ് ടീമിനൊപ്പം യോഗത്തിന് നേതൃത്വം നല്‍കി. സമുദായാംഗങ്ങള്‍ തങ്ങളുടെ പാരമ്പര്യവും ആചാരങ്ങളും സംരക്ഷിക്കാനുള്ള പ്രതിബദ്ധത പ്രകടിപ്പിച്ചു. ഭാവി തലമുറകള്‍ക്കായി ക്‌നാനായ മക്കളുടെ തനിമയും പാരമ്പര്യവും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഏവരും അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തവിധം ചൂണ്ടിക്കാട്ടി.
സംഘടനയുടെ അടിസ്ഥാന മൂല്യങ്ങള്‍ നിലനിര്‍ത്തുന്നതില്‍ ഹൂസ്റ്റണ്‍ കെ.സി.എസ് പ്രതിജ്ഞാബദ്ധമാണെന്ന് പ്രസിഡന്റ് സാബു മുളയാനിക്കുന്നേല്‍ ആവര്‍ത്തിച്ചു. നിയമപരവും സാമൂഹികവുമായ മാറ്റങ്ങള്‍ നേരിടുമ്പോഴും സമുദായത്തിന്റെ സാംസ്‌കാരികവും പാരമ്പര്യപരവുമായ അടിത്തറ സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതില്‍ സംഘടന ഉറച്ചുനില്‍ക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. യോഗത്തില്‍ തങ്ങളുടെ ആശങ്കയറിയിക്കുന്ന പ്രമേയം പാസാക്കുകയും ഏവരും സംയുക്ത പ്രതിജ്ഞ എടുക്കുകയും ചെയ്തു. സമൂഹത്തില്‍ തങ്ങളുടെ തനിമയും വ്യക്തിത്വവും സംരക്ഷിക്കാന്‍ ഒരു മനസോടെ മുന്നോട്ടുപോകാനുള്ള തീരുമാനം ഐക്യത്തിന്റെ ആഹ്വാനം ഉയര്‍ന്നുകേട്ട യോഗത്തില്‍ പ്രകടമായി.
Houston Knanaya Catholic Society Hosts Community Meeting on Kerala High Court Verdict













