ശത്രുവിനെ അവസാന ശ്വാസം വരെ നേരിടും; സൈനികർ സജ്ജമെന്ന് ഇറാൻ സൈനിക മേധാവി, വിട്ടുവീഴ്ചയില്ലാത്ത പ്രതിരോധം തുടരും

ശത്രുവിനെ അവസാന ശ്വാസം വരെ നേരിടും; സൈനികർ സജ്ജമെന്ന് ഇറാൻ സൈനിക മേധാവി, വിട്ടുവീഴ്ചയില്ലാത്ത പ്രതിരോധം തുടരും

ടെഹ്‌റാൻ: രാജ്യത്തിന്റെ സ്വതന്ത്ര്യവും അഖണ്ഡതയും സംരക്ഷിക്കാൻ ഇറാൻ സൈന്യം സജ്ജമാണെന്നും ശത്രുവിനെ അവസാന ശ്വാസം വരെ നേരിടുമെന്നും ഇറാൻ സൈനിക മേധാവി അമീർ ഹാതമി പ്രഖ്യാപിച്ചു. കര, വായു, കടൽ അതിർത്തികളിൽ സുരക്ഷ ഉറപ്പാക്കുന്നതിനായി വിട്ടുവീഴ്ചയില്ലാത്ത പ്രതിരോധം തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി.

മറ്റ് സൈനിക വിഭാഗങ്ങളുമായി ചേർന്ന് ഏത് സാഹചര്യത്തെയും നേരിടാൻ സൈന്യം സുസജ്ജമാണെന്നും സൈനിക ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും ഹാതമി പറഞ്ഞു. ത്യാഗമനോഭാവത്തോടെയും പോരാട്ടവീര്യത്തോടെയുമാണ് ഇറാൻ സൈനികർ നിലകൊള്ളുന്നത്. തങ്ങളുടെ ദൗത്യത്തിൽ നിന്ന് പിന്നോട്ട് പോകില്ലെന്ന് ഓരോ സൈനികനും ഉറപ്പുനൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“ഞങ്ങളുടെ സൈനികർ തോക്കിന്റെ ട്രിഗറിൽ വിരലമർത്തി ഏത് ഏറ്റുമുട്ടലിനും തയ്യാറായി നിൽക്കുകയാണ്. രാജ്യത്തിനായി ജീവൻ ബലി നൽകാനും ശത്രുക്കളെ തുരത്താനും അവർക്ക് മടിയുണ്ടാകില്ല,” ഹാതമി പറഞ്ഞു. അമേരിക്കയുമായുള്ള സമാധാന ചർച്ചകൾ പുരോഗമിക്കുന്നതിനിടയിലും തങ്ങളുടെ സൈനിക കരുത്ത് വിളിച്ചോതുന്ന പ്രസ്താവനയാണ് ഇറാൻ സൈനിക മേധാവിയിൽ നിന്ന് ഉണ്ടായിരിക്കുന്നത്. ചർച്ചകൾ പരാജയപ്പെട്ടാൽ കടുത്ത തിരിച്ചടി നൽകുമെന്ന സൂചനയാണ് ഇതിലൂടെ ഇറാൻ നൽകുന്നത്.

Share Email
LATEST
More Articles
Top