സമാധാനം അകലയോ? വീണ്ടും പോർവിളികളുമായി ഇറാനും ട്രംപും

സമാധാനം അകലയോ? വീണ്ടും പോർവിളികളുമായി ഇറാനും ട്രംപും

ഇറാൻ – യുഎസ് വെടിനിർത്തൽ കരാർ ബുധനാഴ്ച അവസാനിക്കാനിരിക്കെ, ഇറാന് മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക് അടയ്ക്കുമെന്ന ഇറാൻ്റെ ഭീഷണി തന്നെ ഭയപ്പെടുത്തില്ല. ഹോർമുസ് അടയ്ക്കാനുള്ള ഇറാന്റെ നീക്കം യുഎസിനെ ‘ബ്ലാക്ക്‌മെയിൽ’ ചെയ്യാനുള്ള തന്ത്രമാണെന്നും അത്തരം സമ്മർദതന്ത്രങ്ങൾക്ക് വഴങ്ങില്ലെന്നും ട്രംപ് വ്യക്തമാക്കി. എന്നാൽ യുദ്ധം പൂർണമായി അവസാനിക്കുകയും ശാശ്വതമായ സമാധാനം കൈവരിക്കുകയും ചെയ്യുന്നതുവരെ ഹോർമുസ് കടലിടുക്കിൽ കർശനമായ നിരീക്ഷണവും നിയന്ത്രണവും തുടരുമെന്ന് ഇറാന്റെ പരമോന്നത ദേശീയ സുരക്ഷ കൗൺസിലും അറിയിച്ചു.

ലെബനനിലെ പത്തുദിന വെടിനിർത്തൽ നിലവിൽ വന്നതോടെ വെള്ളിയാഴ്ച തുറന്നുകൊടുത്ത ഹോർമുസ് കടലിടുക്ക് മണിക്കൂറുകൾക്കുള്ളിൽ ഇറാൻ വീണ്ടും അടക്കുകയായിരുന്നു. ഇറാൻ്റെ തുറമുഖങ്ങൾക്ക് ചുറ്റും ഏർപ്പെടുത്തിയിരിക്കുന്ന നാവിക ഉപരോധം പിൻവലിക്കാൻ യുഎസ് തയ്യാറാകാത്തതിനെ തുടർന്നായിരുന്നു ഇറാന്റെ നടപടി.

നാവിക ഉപരോധം പോലുള്ള നടപടികൾ വെടിനിർത്തൽ ലംഘനമായി കണക്കാക്കുകയും പരിമിതമായ തുറന്നുകൊടുക്കൽ പോലും തടയുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.

വെടിനിർത്തൽ കരാർ യുഎസ് ലംഘിച്ചുവെന്നും ഇറാനിലേക്കും തിരിച്ചുമുള്ള കപ്പലുകൾക്ക് പൂർണ സ്വാതന്ത്ര്യം നൽകുന്നതുവരെ ഈ സ്ഥിതി തുടരുമെന്നും ഇറാൻ വ്യക്തമാക്കി. എന്നാൽ, ഇറാനുമായുള്ള ആണവ പദ്ധതി ഉൾപ്പെടെയുള്ള കാര്യങ്ങളിൽ 100 ശതമാനം പൂർണമായ ഒരു ഉടമ്പടി ഉണ്ടാകുന്നതുവരെ ഇറാന്റെ കപ്പലുകൾക്ക് മേലുള്ള ഉപരോധം തുടരുമെന്ന് ട്രംപും അറിയിച്ചു. ഇരു വിഭാഗവും പരസ്പരം അവിശ്വാസത്തിൽ തുടരുന്ന സാഹചര്യത്തിൽ പശ്ചിമേഷ്യൻ യുദ്ധം എവിടെ എന്ന് അവസാനിക്കുമെന്ന ആശങ്കയിലാണ് ലോകം.

Share Email
Top