swayamvara
pulimoottil

മുഖംമൂടിയണിഞ്ഞ സൈനികർ ഏണിയിലൂടെ ഇന്ത്യയിലേക്കുള്ള കപ്പലിലേക്ക്, ദൃശ്യങ്ങൾ പുറത്ത് വിട്ട് ഇറാൻ

മുഖംമൂടിയണിഞ്ഞ സൈനികർ ഏണിയിലൂടെ ഇന്ത്യയിലേക്കുള്ള കപ്പലിലേക്ക്, ദൃശ്യങ്ങൾ പുറത്ത് വിട്ട് ഇറാൻ

ടെഹ്റാൻ: ഹോർമുസ് കടലിടുക്കിലൂടെ ഇന്ത്യയിലേക്ക് യാത്ര ചെയ്തുകൊണ്ടിരുന്ന കപ്പൽ ഉൾപ്പെടെ രണ്ട് ചരക്കുകപ്പലുകൾ ഇറാൻ സൈന്യം പിടിച്ചെടുത്തിരുന്നു. ദുബായിൽ നിന്ന് ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തേക്ക് വരികയായിരുന്ന ‘എപ്പാമിനോണ്ടാസ്’ (Epaminondas) കപ്പലും, പനാമയുടെ പതാകയോടുകൂടിയ ‘എംഎസ്‌സി ഫ്രാൻസെസ്ക’ (MSC Francesca) കപ്പലുമാണ് ഇറാൻ വിപ്ലവ ഗാർഡ് തടഞ്ഞത്. അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് വെടിനിർത്തൽ കാലാവധി നീട്ടിയതിനു പിന്നാലെയാണ് ഈ നീക്കങ്ങൾ നടന്നത്.

ഓപ്പറേഷന്റെ ദൃശ്യങ്ങൾ ഇറാൻ ഔദ്യോഗികമായി പുറത്തുവിട്ടിട്ടുണ്ട്. അതിവേഗ ബോട്ടുകളിൽ കപ്പലിനെ പിന്തുടരുന്നതും, മുഖംമൂടിയണിഞ്ഞ സൈനികർ ഏണിയിലൂടെ കപ്പലിലേക്ക് കയറുന്നതും വീഡിയോയിൽ കാണാം. ഇന്ത്യയിലേക്കുള്ള എപ്പാമിനോണ്ടാസ് കപ്പലിനെതിരെ ഗ്രനേഡുകൾ എറിയുകയും വെടിവെക്കുകയും ചെയ്തതിനെ തുടർന്ന് കമാൻഡ് സെന്‍ററിന് കേടുപാടുകൾ സംഭവിച്ചതായി റിപ്പോർട്ടുകളുണ്ട്. എങ്കിലും കപ്പലിലെ ജീവനക്കാർ സുരക്ഷിതരാണെന്നാണ് വിവരം. പനാമയുടെ ഫ്രാൻസെസ്ക കപ്പലിനെയും കനത്ത വെടിവെപ്പ് നേരിട്ടു.

ഈ മാസം ആദ്യം ഇറാന്റെ രണ്ട് കപ്പലുകൾ അമേരിക്കൻ സൈന്യം പിടിച്ചെടുത്തതിന്റെ മറുപടിയായാണ് ഈ നടപടി എന്നാണു വിലയിരുത്തൽ. ഇറാൻ സൈന്യം ദുർബലമാണെന്ന ട്രംപിന്റെ ആരോപണങ്ങൾക്ക് മറുപടിയായും ‘മോസ്കിറ്റോ ഫ്ലീറ്റ്’ എന്നറിയപ്പെടുന്ന അതിവേഗ ബോട്ടുകളുടെ ഈ നീക്കം കാണപ്പെടുന്നു. ഉപരോധം ലംഘിക്കുന്ന കപ്പലുകളെ തുടർന്നും തടയുമെന്നതാണ് ഇറാന്റെ നിലപാട്. ലോകത്തിലെ പ്രധാന എണ്ണ ഗതാഗത പാതയായ ഹോർമുസ് കടലിടുക്കിൽ ഉയരുന്ന സംഘർഷം ആഗോള ഊർജ്ജ വിപണിയിലും ആശങ്ക സൃഷ്ടിക്കുകയാണ്.

Share Email
LATEST excelnclexrn
More Articles
Top