മിഷിഗണിൽ പോര് മുറുകുന്നു; ബാലറ്റുകൾ വിട്ടുകൊടുക്കില്ലെന്ന് അറ്റോർണി ജനറൽ, ട്രംപ് ഭരണകൂടത്തിന്റെ നീക്കത്തിന് തിരിച്ചടി

മിഷിഗണിൽ പോര് മുറുകുന്നു; ബാലറ്റുകൾ വിട്ടുകൊടുക്കില്ലെന്ന് അറ്റോർണി ജനറൽ, ട്രംപ് ഭരണകൂടത്തിന്റെ നീക്കത്തിന് തിരിച്ചടി

ന്യൂയോര്‍ക്ക്: ഡെട്രോയിറ്റ് മേഖലയിലെ വോട്ടിംഗ് സാമഗ്രികളും ബാലറ്റുകളും വിട്ടുകിട്ടണമെന്ന യുഎസ് നീതിന്യായ വകുപ്പിന്റെ ആവശ്യം മിഷിഗൺ അറ്റോർണി ജനറൽ ഡാന നെസ്സൽ തള്ളി. 2020-ലെ തിരഞ്ഞെടുപ്പിൽ താൻ വിജയിച്ചുവെന്ന ഡോണാൾഡ് ട്രംപിന്റെ വ്യാജ അവകാശവാദങ്ങൾക്ക് പിന്നാലെ, മിഷിഗണിലെ തിരഞ്ഞെടുപ്പ് നടപടികളിൽ അന്വേഷണം നടത്താനുള്ള നീക്കത്തിനാണ് ഇതോടെ കടുത്ത തിരിച്ചടി ലഭിച്ചിരിക്കുന്നത്.

മിഷിഗണിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള വെയ്ൻ കൗണ്ടിയിലെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയ്ക്കാണ് നീതിന്യായ വകുപ്പിലെ സിവിൽ റൈറ്റ്‌സ് അസിസ്റ്റന്റ് അറ്റോർണി ജനറൽ ഹർമീത് ധില്ലൺ കത്തയച്ചത്. 2024-ലെ തിരഞ്ഞെടുപ്പിലെ എല്ലാ ബാലറ്റുകളും രസീതുകളും കവറുകളും രണ്ടാഴ്ചയ്ക്കകം കൈമാറണമെന്നായിരുന്നു കത്തിലെ ആവശ്യം. വെയ്ൻ കൗണ്ടിയുടെ കഴിഞ്ഞകാല ചരിത്രം പരിശോധിക്കുമ്പോൾ ബാലറ്റുകളുടെ നിയമസാധുത ഉറപ്പാക്കേണ്ടതുണ്ടെന്നാണ് ഫെഡറൽ പ്രോസിക്യൂട്ടർമാരുടെ വാദം.

എന്നാൽ, ട്രംപിന്റെയും അനുയായികളുടെയും വ്യാപകമായ വോട്ട് തട്ടിപ്പ് ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് അറ്റോർണി ജനറൽ ഡാന നെസ്സൽ തിരിച്ചടിച്ചു. മിഷിഗണിലെ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ഇടപെടാനുള്ള ഏതൊരു നീക്കത്തെയും പ്രതിരോധിക്കാൻ സംസ്ഥാന നേതൃത്വം സജ്ജമാണെന്നും അവർ മുന്നറിയിപ്പ് നൽകി. തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ലക്ഷ്യമിട്ടുള്ള കേന്ദ്ര ഭരണകൂടത്തിന്റെ നീക്കങ്ങൾക്കെതിരെ ശക്തമായ നിലപാടാണ് മിഷിഗൺ സർക്കാർ സ്വീകരിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ ഈ വിഷയം കോടതിയിലേക്കും വലിയ രാഷ്ട്രീയ തർക്കങ്ങളിലേക്കും നീങ്ങുമെന്നാണ് സൂചന.

Share Email
Top