ലണ്ടൻ/വാഷിംഗ്ടൺ: ഈ ആഴ്ച നടക്കാനിരിക്കുന്ന ചാൾസ് രാജാവിന്‍റെ അമേരിക്കൻ സന്ദർശനത്തിന് മുന്നോടിയായി സുരക്ഷാ ക്രമീകരണങ്ങൾ പുനഃപരിശോധിക്കാൻ യുഎസും യുകെയും തീരുമാനിച്ചു. കഴിഞ്ഞ ദിവസം വാഷിംഗ്ടൺ ഡിസിയിലുണ്ടായ വെടിവെപ്പിന്‍റെ പശ്ചാത്തലത്തിലാണ് നടപടി. സുരക്ഷാ പദ്ധതികളെക്കുറിച്ച് ഇരുരാജ്യങ്ങളും ഇന്ന് വിശദമായ ചർച്ചകൾ നടത്തുമെന്ന് ബക്കിംഗ്ഹാം കൊട്ടാരം അറിയിച്ചതായി ബ്രിട്ടനിലെ പിഎ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
അമേരിക്കയിലുണ്ടായ സംഭവവികാസങ്ങൾ ചാൾസ് രാജാവ് സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. പ്രസിഡന്‍റ് ഡോണൾഡ് ട്രംപും പ്രഥമ വനിതയും മറ്റ് അതിഥികളും സുരക്ഷിതരാണെന്ന വാർത്തയിൽ അദ്ദേഹം ആശ്വാസം പ്രകടിപ്പിച്ചതായി കൊട്ടാരം വക്താവ് അറിയിച്ചു. ശനിയാഴ്ച വൈകുന്നേരമുണ്ടായ അനിഷ്ട സംഭവങ്ങൾ രാജാവിന്റെ സന്ദർശന പരിപാടികളെ എപ്രകാരം ബാധിക്കുമെന്ന കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടാകും.
അതേസമയം, സംഭവത്തിന് പിന്നാലെ ചാൾസ് രാജാവും കാമില രാജ്ഞിയും പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെയും മെലാനിയ ട്രംപിനെയും വ്യക്തിപരമായി ബന്ധപ്പെട്ട് ക്ഷേമമന്വേഷിച്ചതായാണ് വിവരം. രാജാവിന്‍റെ സന്ദർശനത്തിന് മുന്നോടിയായി വാഷിംഗ്ടണിൽ സുരക്ഷ അതീവ കർശനമാക്കിയിരിക്കുകയാണ്. വരും മണിക്കൂറുകളിൽ പുറത്തുവരുന്ന സുരക്ഷാ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലായിരിക്കും സന്ദർശനത്തിന്റെ തുടർന്നുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുക.













