വാഷിംഗ്ടൺ: പേർഷ്യൻ ഗൾഫിലെ അമേരിക്കൻ സൈനിക താവളങ്ങളെ ലക്ഷ്യമാക്കി ഇറാൻ നടത്തിയ ആക്രമണങ്ങൾ പുറത്തുവന്ന വിവരങ്ങളേക്കാൾ കൂടുതൽ ഗുരുതരമാണെന്ന് റിപ്പോർട്ടുകൾ. മേഖലയിലെ യുഎസ് താവളങ്ങൾക്കും സൈനിക ഉപകരണങ്ങൾക്കും വലിയ നാശനഷ്ടമുണ്ടായതായും ഇവ പുനഃസ്ഥാപിക്കാൻ ബില്യൺ കണക്കിന് ഡോളർ ചെലവാകുമെന്നും ഉന്നത യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എൻബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു. ഫെബ്രുവരി 28ന് യുദ്ധം ആരംഭിച്ചതിന് ശേഷം ഏഴ് രാജ്യങ്ങളിലായി സ്ഥിതി ചെയ്യുന്ന യുഎസ് സൈനിക കേന്ദ്രങ്ങൾ ഇറാൻ ലക്ഷ്യമിട്ടിരുന്നു.
സൈനിക സംഭരണശാലകൾ, കമാൻഡ് സെന്‍ററുകൾ, വിമാന ഹാങ്ങറുകൾ, സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ സംവിധാനങ്ങൾ എന്നിവയ്ക്ക് ആക്രമണത്തിൽ ഗണ്യമായ കേടുപാടുകൾ സംഭവിച്ചു. റൺവേകൾ, റഡാർ സംവിധാനങ്ങൾ, അത്യാധുനിക യുദ്ധവിമാനങ്ങൾ എന്നിവയും തകർന്നതായി റിപ്പോർട്ടുണ്ട്. ശക്തമായ വ്യോമ പ്രതിരോധ സംവിധാനങ്ങൾ മറികടന്ന് ഇറാന്റെ പഴയ എഫ്-5 യുദ്ധവിമാനം പോലും ആക്രമണം നടത്തിയതിൽ പെന്റഗൺ അതിശയിച്ചിരിക്കുകയാണ്. ഇതുവരെ നാശനഷ്ടങ്ങളുടെ കൃത്യമായ വിവരങ്ങൾ പുറത്തുവിടാൻ യുഎസ് പ്രതിരോധ വകുപ്പ് തയ്യാറായിട്ടില്ല.
വിവരങ്ങൾ പുറത്തുവിടുന്നതിലെ ഈ അസ്പഷ്ടതയിൽ റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങൾ കടുത്ത വിമർശനം ഉയർത്തുന്നു. സഭയിൽ റെക്കോർഡ് ബജറ്റ് ആവശ്യപ്പെടുന്ന പെന്റഗൺ യഥാർത്ഥ സ്ഥിതിഗതികൾ മറച്ചുവെക്കുകയാണെന്ന് അവർ ആരോപിക്കുന്നു. യുദ്ധത്തിന്റെ ആദ്യ ആഴ്ചയിൽ തന്നെ സൈനിക നടപടികൾക്കായി 11 ബില്യൺ ഡോളറിലധികം ചെലവഴിച്ചിട്ടുണ്ടെന്നാണ് വിവരം. ഇറാന്റെ ഈ പ്രത്യാക്രമണം അമേരിക്കൻ സൈനിക ബജറ്റിന് വലിയ സമ്മർദ്ദം സൃഷ്ടിച്ചിരിക്കുകയാണ്.
2026 സാമ്പത്തിക വർഷത്തിനായി അനുവദിച്ച 838.5 ബില്യൺ ഡോളറിന് പുറമെ, ഇറാനുമായി ബന്ധപ്പെട്ട സൈനിക പ്രവർത്തനങ്ങൾക്ക് 200 ബില്യൺ ഡോളർ കൂടി പെന്റഗൺ ആവശ്യപ്പെടാൻ സാധ്യതയുണ്ട്. യുദ്ധത്തിന് മുൻപ് തന്നെ പ്രതിരോധ ബജറ്റിൽ 50 ശതമാനം വർധനവ് വരുത്തി 1.5 ട്രില്യൺ ഡോളർ വേണമെന്ന് ട്രംപ് ആവശ്യപ്പെട്ടിരുന്നു. താവളങ്ങൾക്ക് ഉണ്ടായ വൻ നാശനഷ്ടം കൂടി കണക്കിലെടുക്കുമ്പോൾ അമേരിക്കയുടെ സാമ്പത്തിക ബാധ്യത ഇനിയും ഉയരുമെന്നാണ് വിലയിരുത്തൽ.














