ഇറാൻ സമാധാന ചർച്ചകൾക്കായി വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് പാകിസ്ഥാനിലേക്ക്

ഇറാൻ സമാധാന ചർച്ചകൾക്കായി വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് പാകിസ്ഥാനിലേക്ക്

വാഷിംഗ്ടൺ: ഇറാനുമായുള്ള രണ്ടാം ഘട്ട സമാധാന ചർച്ചകളിൽ പങ്കെടുക്കുന്നതിനായി അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് ചൊവ്വാഴ്ച വാഷിംഗ്ടണിൽ നിന്ന് പാകിസ്ഥാനിലേക്ക് തിരിക്കും. ബുധനാഴ്ച ഇസ്ലാമാബാദിൽ വെച്ചാണ് ഇറാനിയൻ പ്രതിനിധികളുമായുള്ള നിർണ്ണായക കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. നയതന്ത്ര വൃത്തങ്ങളെ ഉദ്ധരിച്ച് സിഎൻഎൻ ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.

അമേരിക്കയും ഇറാനും തമ്മിൽ നിലനിൽക്കുന്ന രൂക്ഷമായ വാക്പോരുകൾക്കിടയിലും സമാധാന ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകാനാണ് വൈസ് പ്രസിഡന്റിന്റെ ഈ യാത്ര. എന്നാൽ മേഖലയിലെ സാഹചര്യം ഇപ്പോഴും സങ്കീർണ്ണമാണെന്നും ചർച്ചകളുടെ അന്തിമരൂപം സാഹചര്യങ്ങൾക്കനുസരിച്ച് മാറാമെന്നും ഉദ്യോഗസ്ഥർ സൂചിപ്പിക്കുന്നു. ചർച്ചകളുടെ കൃത്യമായ സമയക്രമത്തെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം നൽകാൻ വൈറ്റ് ഹൗസ് തയ്യാറായിട്ടില്ലെങ്കിലും പ്രതിനിധി സംഘം ഉടൻ യാത്ര തിരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, അമേരിക്കൻ സംഘം പാകിസ്ഥാനിലേക്ക് പുറപ്പെട്ടുവെന്നും തിങ്കളാഴ്ച രാത്രിയോടെ അവർ അവിടെ എത്തുമെന്നും പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രാവിലെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. എന്നാൽ ട്രംപിന്റെ ഈ പ്രസ്താവന അല്പം നേരത്തെയായിപ്പോയെന്നും വാൻസിന്റെ യാത്ര ചൊവ്വാഴ്ച മാത്രമേ ഉണ്ടാകൂ എന്നുമാണ് നിലവിലെ സൂചനകൾ. ബുധനാഴ്ച വൈകുന്നേരത്തോടെ വെടിനിർത്തൽ കാലാവധി അവസാനിക്കാനിരിക്കെ, പാകിസ്ഥാനിൽ നടക്കുന്ന ഈ ചർച്ചകൾ യുദ്ധം പൂർണ്ണമായും അവസാനിപ്പിക്കുന്നതിൽ അതിനിർണ്ണായകമാകും. ഇറാന്റെ ആണവ ശേഖരം കൈമാറുന്നതും ഹോർമുസ് കടലിടുക്കിന്റെ സുരക്ഷയും ഈ ചർച്ചകളിലെ പ്രധാന അജണ്ടകളായിരിക്കും.

Share Email
Top