കോക്രോച്ച് ജനതാ പാർട്ടി – ഇന്ത്യയിലെ ഡിജിറ്റൽ തലമുറയുടെ പുതിയ സമരമുറ ദിനം പ്രതി വലിയ ജനപ്രീതി നേടി വരികയാണ്.
മടിയന്മാരും, എപ്പോഴും ഓൺലൈനിൽ സമയം ചെലവഴിക്കുന്നവരും, തൊഴിലില്ലാത്തവരുമായ ജെൻ സി യുവാക്കൾക്ക് വേണ്ടിയുള്ള പാർട്ടി. ഈ വിശേഷണത്തോടെയാണ് കോക്രോച്ച് ജനതാ പാർട്ടി എന്ന സിജെപി ഇന്ത്യയിൽ പ്രചാരണം നേടുന്നത്. യുവാക്കളെ പാറ്റകളോടും പാരാന്നഭോജികളോടും ഉപമിച്ച സുപ്രീം കോടതി ചീഫ് ജസ്റ്റിസിൻ്റെ പരാമർശത്തെ അപമാനമായല്ല, ഒരു പൊളിറ്റിക്കൽ ടൂളായാണ് ജെൻസികൾ കണ്ടത്. പാറ്റ എന്നത് പ്രതിരോധത്തിന്റേയും അതിജീവനത്തിൻ്റേയും പ്രതീകമായാണ് ഇവർ കണക്കാക്കുന്നത്. ഗൌരവമേറിയ രാഷ്ട്രീയ ചർച്ചകൾക്ക് പകരം മീമുകൾ, ആക്ഷേപഹാസ്യ കമന്റുകൾ, കൊടും തമാശകൾ നിറച്ച മാനിഫെസ്റ്റോകൾ എന്നിവ മുന്നോട്ടു വച്ചാണ് സിജെപി യുവാക്കളുടെ മനം കവർന്നത്.
ഗൗരവമേറിയ രാഷ്ട്രീയ ചർച്ചകൾക്കിടയിൽ പരിഹാസത്തിലൂടെയും ആക്ഷേപഹാസ്യത്തിലൂടെയും സോഷ്യൽ മീഡിയയിൽ തുടങ്ങിയ മുന്നേറ്റം അങ്ങ് കത്തിപടർന്നു. ഇതൊരു രാഷ്ട്രീയ പാർട്ടിയായി റജിസ്റ്റർ ചെയ്തിട്ടില്ല. എന്നാൽ ഒരു സോഷ്യൽ മീഡിയ ട്രെൻഡ് എന്നതിനപ്പുറം ഇതൊരു സംഘടനയായി മാറിക്കൊണ്ടിരിക്കുകയാണ്. ജാതിയും മതവും കൊടിക്കുത്തി വാഴുന്ന ഇന്നത്തെ രാഷ്ട്രീയ ലോകത്തു നിന്നും മാറി തൊഴിൽ ഇല്ലായ്മ, നീറ്റ് ചോദ്യപേപ്പർ ചോർച്ച തുടങ്ങിയ ജനങ്ങളെ ബാധിക്കുന്ന യഥാർഥ പ്രശ്നങ്ങളാണ് ഇവർ ചർച്ച ചെയ്യുന്നത്.
വളരെ ചുരുക്കം സമയം കൊണ്ടുതന്നെ ഈ പ്രസ്ഥാനം സോഷ്യൽ മീഡിയയിൽ വെെറലായി. വെറും മൂന്ന് ദിവസം കൊണ്ട് ഒരു ലക്ഷത്തോളം ആളുകളാണ് പുതിയ പാർട്ടിയിൽ അംഗമായി. തുടർന്ന് പാർട്ടിയുടെ എക്സ് അക്കൌണ്ട് ഇന്ത്യയിൽ പൂട്ടി.
ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കകളെ തുടര്‍ന്നാണ് ആക്ഷേപഹാസ്യ പാര്‍ട്ടിയായ ‘കോക്രോച്ച് ജനതാ പാര്‍ട്ടി’ (സി ജെ പി)യുടെ എക്‌സ് അക്കൗണ്ട് ഇന്ത്യയില്‍ നിരോധിച്ചതെന്നാണ് റിപ്പോര്‍ട്ട്. അക്കൗണ്ടിലൂടെ പ്രചരിക്കുന്ന പ്രകോപനപരമായ ഉള്ളടക്കങ്ങൾ ദേശീയ സുരക്ഷയ്ക്കും രാജ്യത്തിൻ്റെ പരമാധികാരത്തിനും ഭീഷണിയായേക്കാമെന്ന ഇൻ്റലിജൻസ് ബ്യൂറോയുടെ (IB) കർശന മുന്നറിയിപ്പിന് പിന്നാലെയായിരുന്നു നടപടി.
കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം ഐടി നിയമത്തിലെ സെക്ഷൻ 69(എ) പ്രകാരമാണ് അക്കൗണ്ടിന് ഇന്ത്യയിൽ വിലക്കേർപ്പെടുത്തിയത്. രാജ്യത്തെ യുവാക്കൾക്കിടയിൽ ഈ അക്കൗണ്ടിലെ പോസ്റ്റുകൾ വൻതോതിൽ സ്വാധീനം ചെലുത്തുന്നുണ്ടെന്നും ഇത് ക്രമസമാധാന നിലയെ ബാധിക്കാമെന്നുമാണ് ഇൻ്റലിജൻസ് ഏജൻസികളുടെ വിലയിരുത്തൽ.
എക്സിൽ വിലക്ക് നേരിട്ടെങ്കിലും സിജെപിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് നിലവിൽ കോടിക്കണക്കിന് ഫോളോവേഴ്‌സുമായി സജീവമായി തുടരുകയാണ്. ഇൻസ്റ്റാഗ്രാമിൽ ഭരണകക്ഷിയായ ബിജെപിയുടെ ഔദ്യോഗിക പേജിനേക്കാൾ കൂടുതൽ ഫോളോവേഴ്‌സിനെ ഈ ആക്ഷേപഹാസ്യ പേജ് ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് സ്വന്തമാക്കിയിരുന്നു. ജനാധിപത്യ വിരുദ്ധമായ രീതിയിലാണ് തങ്ങളെ സെൻസർ ചെയ്യുന്നതെന്ന് പാർട്ടി സ്ഥാപകൻ ആരോപിച്ചു. അതേസമയം, വിലക്കിന് തൊട്ടുപിന്നാലെ ‘കോക്രോച്ച് ഈസ് ബാക്ക്’ എന്ന പേരിൽ പുതിയ എക്സ് അക്കൗണ്ട് ആരംഭിച്ച് കൂട്ടായ്മ പ്രവർത്തനം പുനരാരംഭിച്ചിട്ടുണ്ട്.
ബോസ്റ്റൺ യൂണിവേഴ്സിറ്റിയിലെ പബ്ലിക് റിലേഷൻസ് വിദ്യാർത്ഥിയായ 30കാരൻ അഭിജീത് ദിപ്കെയാണ് ഈ ഡിജിറ്റൽ പാർട്ടിയുടെ സ്ഥാപകൻ. 2020 മുതൽ 2023വരെ ആം ആദ്മി പാർട്ടിയുടെ സോഷ്യൽ മീഡിയ ടീമിൽ സജീവമായി പ്രവർത്തിച്ചിട്ടുള്ള ആളാണ് അഭിജീത്.
കഴിഞ്ഞയാഴ്ച കോടതി നടപടിക്കിടെയാണ് യുവാക്കളെ ചീഫ് ജസ്റ്റിസ് പാറ്റകളോട് ഉപമിച്ചത്. യാതൊരു തൊഴിലുമില്ലാത്ത ചില യുവാക്കളുണ്ട്. അവരിൽ ചിലർ മാദ്ധ്യമപ്രവർത്തകരും ചില സോഷ്യൽ മീഡിയ, ആർടിഐ ആക്ടിവിസ്റ്റുകളുമായി സമൂഹത്തെ ആക്രമിക്കുന്നു. ഇവർ കോക്രോച്ചുകളും പരാന്നഭോജികളുമാണ് എന്നായിരുന്നു പരാമർശം.ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വലിയ വിമർശനം ഉയർന്നിരുന്നു. തുടർന്നാണ് ‘കോക്രോച്ച് ജനതാ പാർട്ടി’ രൂപീകരിച്ചത്. എന്നാൽ തന്റെ നിരീക്ഷണങ്ങൾ ചില മാദ്ധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിച്ചതാണെന്നും ഇന്ത്യയിലെ യുവാക്കളെയാകെ ഉദ്ദേശിച്ചല്ല അങ്ങനെ പറഞ്ഞതെന്നും ചീഫ് ജസ്റ്റിസ് പിന്നീട് വിശദീകരിച്ചു.
Cockroach Janata Party – The new protest of India’s digital generation















