അമേരിക്കന്‍ സൈനീകാക്രമണം ഉണ്ടായാല്‍ അവസാനം വരെ പ്രതിരോധിക്കുമെന്ന ക്യൂബന്‍ വിദേശകാര്യമന്ത്രി

അമേരിക്കന്‍ സൈനീകാക്രമണം ഉണ്ടായാല്‍ അവസാനം വരെ പ്രതിരോധിക്കുമെന്ന ക്യൂബന്‍ വിദേശകാര്യമന്ത്രി

ഹവാന: ക്യൂബയ്‌ക്കെതിരേ അമേരിക്കയുടെ സൈനീകാക്രമണം ഉണ്ടായാല്‍ അവസാനം വരെ പ്രതിരോധിക്കുമെന്നു ക്യൂബന്‍ വിദേശകാര്യമന്ത്രി ബ്രൂണോ റോഡ്രിഗസ്. നിലവില്‍ അമേരിക്ക ക്യൂബയ്‌ക്കെതിരേ അപകടകരമായ വഴിയിലാണു മുന്നേറുന്നത്. അത് ക്യൂബയില്‍ രക്തച്ചൊരിച്ചിലിലേക്ക് നയിക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ട്രംപ് ക്യൂബയെ ഏറ്റെടുക്കുമെന്ന തരത്തിലുള്ള പ്രസ്താവനകള്‍ തുടരുന്നതിനിടെയാണ് ക്യൂബന്‍ വിദേശകാര്യ മന്ത്രിയുടെ പ്രതികരണം.

അമേരിക്കയും ക്യൂബയും തമ്മിലുള്ള ചര്‍ച്ചകളില്‍ ഇതുവരെ ”പുരോഗതിയൊന്നും ഉണ്ടായിട്ടില്ലെന്നും അദ്ദഹേം വ്യക്തമാക്കി. ഹവാനയില്‍ എബിസി ന്യൂസിനു നല്കിയ അഭിമുഖത്തില്‍ ട്രംപിന്റെ ഭീഷണികളെ താന്‍ ”ഗൗരവമായി കാണുന്നുവെന്നും ബ്രൂണോ റോഡ്രിഗസ്, പറഞ്ഞു. സൈനിക ആക്രമണമുണ്ടായാല്‍ ക്യൂബ സ്വന്തം പ്രതിരോധാവകാശം അവസാനവരെ വിനിയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

”മാനവിക ദുരന്തത്തിനും ക്യൂബന്‍ ജനങ്ങളുടെയും യുവ അമേരിക്കക്കാരുടെയും ജീവനപായത്തിനും ഇടയാക്കുന്ന ഒരു അപകടകരമായ പാതയാണ് അമേരിക്ക തെരഞ്ഞെടുത്തിരിക്കുന്നത്,” എന്നും അദ്ദേഹം പറഞ്ഞു. അടുത്തിടെയായി ട്രംപ് ക്യൂബയുടെ രാഷ്ട്രീയ സംവിധാനം ”വിപുലമായ മാറ്റം” ആവശ്യപ്പെടുന്നുവെന്ന് ആവര്‍ത്തിച്ചിരുന്നു. മുമ്പ് ഫ്ളോറിഡയില്‍ നടത്തിയ പ്രസംഗത്തില്‍ ”ഇറാനിന് ശേഷം ക്യൂബയുടെ കാര്യമാണ് അടുത്തത്” എന്നും അമേരിക്ക ”വളരെ വേഗം ക്യൂബയെ ഏറ്റെടുക്കും” എന്നും ട്രംപ് പറഞ്ഞിരുന്നു. വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ഏബ്രഹാം ലിങ്കണ്‍ ക്യൂബന്‍ തീരത്തേക്ക് അയയ്ക്കാമെന്നും അദ്ദേഹം പരാമര്‍ശിച്ചു.

ഇതിനിടെ, ട്രംപ് ഭരണകൂടം ക്യൂബയ്ക്കെതിരെ സാമ്പത്തിക സമ്മര്‍ദം ശക്തമാക്കിയിട്ടുണ്ട്. വെനസ്വേല ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് ഹവാനയി ലേക്കുള്ള എണ്ണവിതരണം തടയുന്ന നടപടികളും പുതിയ സാമ്പത്തിക ഉപരോധങ്ങളും അമേരിക്ക നടപ്പിലാക്കി. ക്യൂബന്‍ ഭരണകൂടവുമായി ബന്ധപ്പെട്ട അഴിമതിയിലും മനുഷ്യാവകാശ ലംഘനങ്ങളിലും പങ്കുണ്ടെന്ന് ആരോപിക്കുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും പുതിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയതായി വൈറ്റ് ഹൗസ് അറിയിച്ചു.

ക്യൂബ അമേരിക്കയ്ക്ക് ദേശീയ സുരക്ഷാ ഭീഷണിയല്ലെന്നും രാജ്യത്തിന്റെ ആഭ്യന്തര രാഷ്ട്രീയ വ്യവസ്ഥ ചര്‍ച്ചാവിഷയമല്ലെന്നും ബ്രൂണോ റോഡ്രിഗസ് വ്യക്തമാക്കി. രാഷ്ട്രീയ പീഡനം, അക്രമം, സ്വാതന്ത്ര്യലോപം തുടങ്ങിയ ആരോപണങ്ങള്‍ അദ്ദേഹം തള്ളിക്കളഞ്ഞു. ഇത്തരത്തിലുള്ള ആരോപണങ്ങള്‍ സൈനിക ആക്രമണത്തിന് ന്യായീകരണമാക്കുന്നത് അന്താരാഷ്ട്ര നിയമലംഘനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Cuban Foreign Minister: Will defend to the end if US military attack occurs

Share Email
LATEST excelnclexrn
Top