.ജനീവ: വർഷങ്ങൾ നീണ്ട ആഭ്യന്തര യുദ്ധത്തിൽ നിന്ന് സിറിയ കരകയറാൻ ശ്രമിക്കവേ, ഇസ്രായേൽ നടത്തുന്ന തുടർച്ചയായ ആക്രമണങ്ങൾ രാജ്യത്തിന്റെ സുസ്ഥിരതയെയും പുനരുദ്ധാരണ പ്രവർത്തനങ്ങളെയും തകർക്കുകയാണെന്ന് സിറിയൻ സ്ഥാനപതി ഇബ്രാഹിം ഒലാബി ഐക്യരാഷ്ട്രസഭയിൽ ആരോപിച്ചു. ഐക്യരാഷ്ട്ര സുരക്ഷാ കൗൺസിലിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്രായേലിന്റെ ബോംബാക്രമണങ്ങളും കടന്നുകയറ്റങ്ങളും സിറിയയുടെ സമാധാനാന്തരീക്ഷത്തിന് പ്രധാന തടസ്സമായി മാറിയിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സിറിയയുടെ പുരോഗതിയെക്കുറിച്ചുള്ള ഓരോ ചർച്ചകൾക്കിടയിലും ഇസ്രായേൽ പുതിയ ആക്രമണങ്ങൾ അഴിച്ചുവിടുകയാണെന്ന് ഒലാബി കുറ്റപ്പെടുത്തി. സാധാരണക്കാരുടെ സംരക്ഷണത്തെക്കുറിച്ച് സംസാരിക്കുമ്പോൾ ഇസ്രായേൽ ജനതയുടെ ഉപജീവനമാർഗങ്ങളെ ലക്ഷ്യം വയ്ക്കുന്നു. സിറിയയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിലെ ഏറ്റവും വലിയ വിഘാതം ഇസ്രായേലിന്റെ ഇത്തരം ആക്രമണോത്സുകമായ നടപടികളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിപരീതങ്ങളിലൂടെയാണ് കാര്യങ്ങൾ തിരിച്ചറിയപ്പെടുന്നത് എന്ന അറബിയിലെ പ്രയോഗം ഇസ്രായേലിന്റെ കാര്യത്തിൽ അന്വർത്ഥമാണെന്നും അദ്ദേഹം പരിഹസിച്ചു.
അമേരിക്കയുടെ മധ്യസ്ഥതയിൽ നടക്കുന്ന നയതന്ത്ര ശ്രമങ്ങളോട് സിറിയ പൂർണ്ണമായും സഹകരിക്കുന്നുണ്ടെന്ന് സ്ഥാനപതി വ്യക്തമാക്കി. അന്താരാഷ്ട്ര നിയമങ്ങളും 1974-ലെ ഉടമ്പടിയും പാലിച്ച് മുന്നോട്ട് പോകാനാണ് സിറിയ ആഗ്രഹിക്കുന്നത്. എന്നാൽ സിറിയ സമാധാനത്തിന്റെ പാത സ്വീകരിക്കുമ്പോഴെല്ലാം ഇസ്രായേൽ അത് ലംഘിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. നയതന്ത്ര ശ്രമങ്ങളോടും ഉടമ്പടികളോടും സിറിയ പ്രതിബദ്ധത പുലർത്തുമ്പോഴും ഇസ്രായേൽ ആക്രമണങ്ങൾ തുടരുന്ന സാഹചര്യത്തിൽ, ഈ വൈരുദ്ധ്യങ്ങൾക്കും വ്യക്തമായ നിയമലംഘനങ്ങൾക്കും എതിരെ ലോകം എന്ത് നടപടിയെടുക്കും എന്നാണ് സിറിയൻ ജനത ചോദിക്കുന്നതെന്നും ഇബ്രാഹിം ഒലാബി പ്രസംഗത്തിൽ ഉന്നയിച്ചു.













