കേരളത്തിലെ മുഖ്യമന്ത്രി നിർണ്ണയം ദില്ലിയിൽ ക്ലൈമാക്സിലേക്ക് കടക്കുമ്പോൾ കോൺഗ്രസിനുള്ളിൽ നാടകീയ നീക്കങ്ങളും പൊട്ടിത്തെറിയും. എഐസിസി അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയുടെ വസതിയിൽ നിർണ്ണായക യോഗം പുരോഗമിക്കവെ വി ഡി സതീശൻ, രമേശ് ചെന്നിത്തല പക്ഷങ്ങൾ കടുത്ത നിലപാടിലേക്ക് നീങ്ങുകയാണ്. മുഖ്യമന്ത്രി സ്ഥാനമല്ലാതെ മറ്റ് വിട്ടുവീഴ്ചകൾക്കൊന്നും തയ്യാറല്ലെന്ന കൃത്യമായ സന്ദേശം ഇരുവിഭാഗവും ഹൈക്കമാൻഡിനെ അറിയിച്ചു കഴിഞ്ഞു. ഹൈക്കമാൻഡ് പ്രതിനിധി കൂടിയായ കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കം നടന്നാൽ അത് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ് സൂചന.ഭൂരിപക്ഷം എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന വാദവുമായി കെ സി വേണുഗോപാൽ പക്ഷം ഉറച്ചുനിൽക്കുമ്പോൾ, മുഖ്യമന്ത്രി സ്ഥാനം ലഭിച്ചില്ലെങ്കിൽ മന്ത്രിസഭയുടെ ഭാഗമാകാനില്ലെന്ന നിലപാടിലാണ് രമേശ് ചെന്നിത്തല. സമാനമായ രീതിയിൽ വി ഡി സതീശനും വിട്ടുവീഴ്ചയില്ലാത്ത നിലപാടിലാണ്. ഘടകകക്ഷികളുടെ പിന്തുണയും പൊതുജനവികാരവും തങ്ങൾക്കൊപ്പമാണെന്ന വാദമാണ് സതീശൻ പക്ഷം പ്രധാനമായും ഉയർത്തുന്നത്. ഒരു ഘട്ടത്തിലും മുഖ്യമന്ത്രി സ്ഥാനമല്ലാത്ത മറ്റ് ഫോർമുലകൾ ചർച്ച ചെയ്യേണ്ടതില്ലെന്ന് സതീശൻ പക്ഷം വ്യക്തമാക്കിയിട്ടുണ്ട്.രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിൽ നടക്കുന്ന ചർച്ചകളിൽ കെ സി വേണുഗോപാലിന് അനുകൂലമായി തീരുമാനമുണ്ടായാൽ ദില്ലിയിൽ വെച്ച് തന്നെ പരസ്യമായ പ്രതിഷേധങ്ങളുണ്ടാകാൻ സാധ്യതയുണ്ട്. സതീശനെയും ചെന്നിത്തലയെയും ഒരേസമയം പിണക്കുന്നത് സർക്കാരിന്റെ സുഗമമായ പ്രവർത്തനത്തെ ബാധിക്കുമെന്ന ആശങ്കയും ഹൈക്കമാൻഡിനുണ്ട്. തീരുമാനം തങ്ങൾക്ക് വിപരീതമാണെങ്കിൽ രണ്ട് മുതിർന്ന നേതാക്കളും എടുക്കുന്ന നിലപാട് കോൺഗ്രസിനെ സംബന്ധിച്ച് അതീവ നിർണ്ണായകമായിരിക്കും.
Showdown in Delhi: Satheesan and Chennithala camps adopt rigid stance as Kerala CM decision nears climax













