pulimoottil

അയോധ്യ സംഭാവന തട്ടിപ്പ്: വിഎച്ച്പി നേതാവ് ചമ്പത് റായിക്കെതിരെ കേസെടുക്കുമെന്ന് സൂചന; അന്വേഷണം ശക്തമാക്കി പ്രത്യേക സംഘം

അയോധ്യ സംഭാവന തട്ടിപ്പ്: വിഎച്ച്പി നേതാവ് ചമ്പത് റായിക്കെതിരെ കേസെടുക്കുമെന്ന് സൂചന; അന്വേഷണം ശക്തമാക്കി പ്രത്യേക സംഘം
Share Email

അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പ് വിവാദത്തിൽ വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) ഉപാധ്യക്ഷനും ക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറിയുമായ ചമ്പത് റായിക്കെതിരെ പോലീസ് കേസെടുത്തേക്കും. കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ചമ്പത് റായി ഉൾപ്പെടെയുള്ള പ്രമുഖർക്കെതിരെ നടപടി സ്വീകരിക്കാന്‍ അധികൃതർ ഒരുങ്ങുന്നത്. ട്രസ്റ്റ് അംഗമായ ഡോ. അനിൽ മിശ്രയും നിലവിൽ അന്വേഷണ ഏജന്‍സിയുടെ നിരീക്ഷണത്തിലാണ്. കൂടുതൽ ഡിജിറ്റൽ, ശാസ്ത്രീയ തെളിവുകൾ ലഭിക്കുന്നതിനനുസരിച്ച് ഇവർക്കെതിരെ അന്വേഷണ സംഘം തുടര്‍ നടപടികള്‍ സ്വീകരിക്കും. സംഭാവന കൊള്ളയെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് റിപ്പോർട്ട് തേടിയതിനെ തുടർന്ന് ഉത്തർപ്രദേശ് സർക്കാർ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പ്രധാനമന്ത്രിയുടെ ഓഫീസിന് (പിഎംഒ) കൈമാറിയിട്ടുണ്ട്. വിവാദങ്ങൾ കനത്തതോടെ അയോധ്യ ക്ഷേത്രത്തിന്റെ ഭരണ ചുമതല താല്ക്കാലികമായി ജില്ലാ മജിസ്‌ട്രേറ്റിന് കൈമാറി.

തട്ടിപ്പുമായി ബന്ധപ്പെട്ട് കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) വീണ്ടും അയോധ്യയിലെത്തി തെളിവെടുപ്പ് ആരംഭിച്ചു. ക്ഷേത്രത്തിലേക്ക് വഴിപാടായി ലഭിച്ച 60 കിലോ വെള്ളിക്കട്ടിയടക്കം കാണാതായ സംഭവത്തിൽ പരാതി ഉന്നയിച്ച പ്രമുഖ വ്യവസായികളുടെ മൊഴി എസ്ഐടി രേഖപ്പെടുത്തും. ഇന്ത്യൻ ബുള്യൻ ആന്റ് ജുവലേഴ്സ് അസോസിയേഷൻ രാജ്യമെമ്പാടുമുള്ള വ്യാപാരികളിൽ നിന്ന് ശേഖരിച്ച് പ്രാണപ്രതിഷ്ഠാ ചടങ്ങിൽ സമർപ്പിച്ച 60 കിലോയുടെ വെള്ളിക്കട്ടിയാണ് കാണാതായത്. ഇതിന്റെ പേരിൽ ട്രസ്റ്റിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അസോസിയേഷന്‍ അധ്യക്ഷന്‍ അനുരാഗ് രസ്തോഗി വ്യക്തമാക്കിയിരുന്നു. ഇതിന് പുറമെ മൂന്ന് കിലോ വരുന്ന വെള്ളി മാലയും പാദുകങ്ങളും സമർപ്പിച്ച മുംബൈ വ്യവസായി അനിൽ വിശ്വകർമ്മ, രണ്ട് കോടി രൂപയുടെ വെള്ളി നൽകിയ കാസിൽ ഗ്രൂപ്പ് ചെയർമാൻ ഡോ. രാജു മാൻവാനി എന്നിവരുടെ മൊഴികളും പ്രത്യേക സംഘം രേഖപ്പെടുത്തുന്നുണ്ട്.

വഴിപാടുകൾ സ്വീകരിച്ച ശേഷം ഇവർക്ക് രസീതുകളോ കൃത്യമായ വിവരങ്ങളോ നൽകാൻ ട്രസ്റ്റ് ഭാരവാഹികൾ തയ്യാറായിരുന്നില്ല. തട്ടിപ്പിൽ കടുത്ത ആരോപണം നേരിടുന്ന ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായിയെ വിഎച്ച്പി നേതാക്കൾ തന്നെ ഇപ്പോൾ തള്ളിപ്പറഞ്ഞിരിക്കുകയാണ്. അതിനിടെ, ചമ്പത് റായിയോട് അടുത്ത ബന്ധം പുലർത്തുന്ന ചില ക്ഷേത്ര ജീവനക്കാരുടെ വീടുകളിൽ നടത്തിയ പരിശോധനയിൽ വൻതോതിൽ സ്വർണ്ണ, വെള്ളി ആഭരണങ്ങൾ കണ്ടെത്തിയതായി പ്രത്യേക അന്വേഷണ സംഘത്തിന്റെ പ്രാഥമിക റിപ്പോർട്ടിൽ സൂചനയുണ്ട്. ഇതോടെ വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റിലേക്ക് നീങ്ങാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

Share Email
LATEST excelnclexrn
More Articles
Top