ദോഹ: കുവൈറ്റിനും ബഹ്‌റൈനും നേരെ ഉണ്ടായ സൈനിക ആക്രമണങ്ങളെ ശക്തമായ ഭാഷയിൽ അപലപിച്ച് ഗൾഫ് സഹകരണ കൗൺസിൽ ജനറൽ സെക്രട്ടറി ജാസിം മുഹമ്മദ് അൽ ബുദൈവി. മേഖലയിൽ സമാധാനവും സുരക്ഷയും പുനഃസ്ഥാപിക്കുന്നതിനും നിലവിലെ പ്രതിസന്ധികൾ പരിഹരിക്കുന്നതിനുമായി അന്താരാഷ്ട്ര തലത്തിലും പ്രാദേശിക തലത്തിലും നടന്നുപോകുന്ന വലിയ ശ്രമങ്ങളെ അട്ടിമറിക്കുന്നതാണ് ഈ ആക്രമണങ്ങളെന്ന് അദ്ദേഹം വ്യക്തമാക്കി.
“വഞ്ചനാപരമായ ഇത്തരം ആക്രമണങ്ങൾ ബഹ്‌റൈനിലെയും കുവൈറ്റിലെയും പൗരന്മാരുടെയും അവിടുത്തെ താമസക്കാരുടെയും സുരക്ഷയ്ക്കും സ്ഥിരതയ്ക്കും നേരിട്ടുള്ള ഭീഷണിയാണ്. ഇത് അന്താരാഷ്ട്ര നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിന്റെയും നഗ്നമായ ലംഘനമാണ്,” എന്ന് ഔദ്യോഗിക പ്രസ്താവനയിലൂടെ അദ്ദേഹം ചൂണ്ടിക്കാട്ടി.
തങ്ങളുടെ പരമാധികാരം സംരക്ഷിക്കുന്നതിനും അതിർത്തികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി കുവൈറ്റും ബഹ്‌റൈനും സ്വീകരിക്കുന്ന എല്ലാത്തരം ശക്തമായ നടപടികൾക്കും ജി.സി.സിയുടെ പൂർണ്ണ പിന്തുണയും ഐക്യദാർഢ്യവും അദ്ദേഹം ആവർത്തിച്ചു വ്യക്തമാക്കി. ഗൾഫ് മേഖലയിലെ സമാധാന അന്തരീക്ഷം തകർക്കാനുള്ള നീക്കങ്ങൾക്കെതിരെ ഒന്നിച്ച് നിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















