സംസ്ഥാന ബജറ്റിലെ വീര്യം കുറഞ്ഞ മദ്യത്തിനുള്ള നികുതിയിളവിലും ധാതുമണൽ സംസ്കരണത്തിലെ സ്വകാര്യ പങ്കാളിത്തത്തിലും മുഖ്യമന്ത്രി വി.ഡി. സതീശന് കടുത്ത മുന്നറിയിപ്പുമായി എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. പാർട്ടിക്ക് ദേശീയ തലത്തിലും സംസ്ഥാന തലത്തിലുമുള്ള നയങ്ങൾക്ക് അനുസൃതമായി മാത്രമേ സർക്കാരിന് മുന്നോട്ട് പോകാനാകൂ എന്ന് അദ്ദേഹം വ്യക്തമാki. ബജറ്റ് പ്രഖ്യാപനങ്ങളുമായി ബന്ധപ്പെട്ട് ജനങ്ങൾക്കുള്ള ആശങ്കകൾ ദൂരീകരിക്കേണ്ട ഉത്തരവാദിത്തം സർക്കാരിനുണ്ടെന്നും നയപരമായ എല്ലാ കാര്യങ്ങളും പാർട്ടി വേദികളിൽ കൃത്യമായി ചർച്ച ചെയ്യുമെന്നും കെ.സി. വേണുഗോപാൽ ഓർമ്മിപ്പിച്ചു.
ധാതുമണൽ ഖനനം പോലുള്ള അതീവ ഗൗരവമുള്ള വിഷയങ്ങളിൽ തീരദേശത്തെ മത്സ്യത്തൊഴിലാളികളുമായി ഉൾപ്പെടെ വിശദമായ ചർച്ചകൾ നടത്തിയ ശേഷമേ അന്തിമ തീരുമാനമെടുക്കാവൂ എന്ന് ആലപ്പുഴ എം.പി. കൂടിയായ കെ.സി. വേണുഗോപാൽ ആവശ്യപ്പെട്ടു. ബജറ്റിലെ ഈ രണ്ട് വിവാദ നിർദ്ദേശങ്ങളും അടിയന്തരമായി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ കഴിഞ്ഞദിവസം മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാർട്ടി ദേശീയ നേതൃത്വത്തിൽ നിന്നും സർക്കാരിന് മേൽ സമ്മർദ്ദം ശക്തമാകുന്നത്.
അതേസമയം, മുൻകൂട്ടിയുള്ള കൂടിയാലോചനകളില്ലാതെ വീര്യം കുറഞ്ഞ മദ്യത്തിന് കുറഞ്ഞ നികുതി നിശ്ചയിച്ചതിലുള്ള ശക്തമായ അതൃപ്തി എക്സൈസ് മന്ത്രി എം. ലിജു പ്രകടിപ്പിച്ചിട്ടുണ്ട്. വിഷയത്തിൽ എക്സൈസ് വകുപ്പിന്റെ നിലപാട് ഔദ്യോഗികമായി അറിയിക്കാൻ മന്ത്രി ഉടൻ തന്നെ മുഖ്യമന്ത്രിയെ നേരിട്ട് കാണും. നികുതി നിശ്ചയിക്കുന്നത് ധനവകുപ്പിന്റെ അധികാരപരിധിയിൽ വരുന്ന കാര്യമാണെന്ന നിലപാടിലാണ് നിലവിൽ ധനമന്ത്രിയെങ്കിലും, പാർട്ടിക്കുള്ളിൽ നിന്നും ഘടകകക്ഷികളിൽ നിന്നും ഒപ്പം എ.ഐ.സി.സി. നേതൃത്വത്തിൽ നിന്നും കടുത്ത എതിർപ്പ് ഉയർന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി തീരുമാനത്തിൽ ഉറച്ചുനിൽക്കുമോ അതോ പിൻവലിയുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.














