ജറുസലേം: ഇരുരാജ്യങ്ങളും തമ്മിൽ അതിശക്തമായ മിസൈലാക്രമണങ്ങൾ നടത്തിയ ശേഷം ആദ്യമായി ഔദ്യോഗിക പ്രതികരണവുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രംഗത്ത്. ഇറാനെതിരെയുള്ള ആക്രമണങ്ങൾ ഇസ്രായേൽ താൽക്കാലികമായി നിർത്തിവെച്ചതായി വ്യക്തമാക്കിയ അദ്ദേഹം, എന്നാൽ ഇതൊരു ഔദ്യോഗിക വെടിനിർത്തലല്ലെന്ന സൂചനയാണ് നൽകിയത്. ടെഹ്റാനിലെ ഭീകര ഭരണകൂടത്തിന് നേരെ ഇസ്രായേൽ ശക്തമായ തിരിച്ചടി നൽകിയതിനെ തുടർന്ന് അവർ തങ്ങൾക്ക് നേരെയുള്ള ആക്രമണം നിർത്തിയെന്നും, അതുകൊണ്ടാണ് ഇപ്പോൾ ഇരുപക്ഷത്തുനിന്നും തീ ഒടുങ്ങിയിരിക്കുന്നതെന്നും തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ നെതന്യാഹു പറഞ്ഞു.
എന്നാൽ ഇറാൻ വീണ്ടുമൊരു തെറ്റ് ചെയ്യാൻ തുനിഞ്ഞാൽ അതിശക്തമായ ഭാഷയിലായിരിക്കും ഇസ്രായേലിന്റെ മറുപടിയെന്നും അദ്ദേഹം കടുത്ത മുന്നറിയിപ്പ് നൽകി. ലെബനനിലെ സംഘർഷത്തെ ഇറാന്റെ തിരിച്ചടിയുമായി ബന്ധിപ്പിച്ചുകൊണ്ട് ഒരു പുതിയ സമവാക്യം സൃഷ്ടിക്കാനാണ് ടെഹ്റാൻ ശ്രമിച്ചതെന്ന് നെതന്യാഹു കുറ്റപ്പെടുത്തി. ലെബനൻ മണ്ണിൽ നിന്നും ഇറാനിൽ നിന്നും ഇസ്രായേലിന് നേരെ ഒരേസമയം ആക്രമണം നടത്താമെന്നും എന്നാൽ തങ്ങൾ പ്രതികരിക്കില്ലെന്നുമാണ് അവർ കരുതിയത്.
എന്നാൽ തന്റെ ഭരണത്തിൻ കീഴിൽ അത് ഒരിക്കലും സംഭവിക്കില്ലെന്നും ശത്രുക്കൾക്കെതിരെ ആഞ്ഞടിക്കാനുള്ള ഇസ്രായേലിന്റെ അവകാശത്തിൽ താൻ ഉറച്ചുനിൽക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ഇറാനെതിരെ ഉടനടി തിരിച്ചടി നൽകരുതെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നെതന്യാഹുവിനോട് ആവശ്യപ്പെട്ടിരുന്നതായും കഴിഞ്ഞ 24 മണിക്കൂറിനിടെ ഇരുനേതാക്കളും രണ്ട് തവണ ഫോണിൽ സംസാരിച്ചതായും യുഎസ്-ഇസ്രായേൽ വൃത്തങ്ങളെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു.













