അട്ടക്കുളങ്ങര സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു വീണു; സ്കൂൾ വിട്ട ശേഷമായതിനാൽ വൻ ദുരന്തം ഒഴിവായി

അട്ടക്കുളങ്ങര സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു വീണു; സ്കൂൾ വിട്ട ശേഷമായതിനാൽ വൻ ദുരന്തം ഒഴിവായി

തിരുവനന്തപുരം: തലസ്ഥാനത്തെ അട്ടക്കുളങ്ങര ഗവൺമെന്റ് സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു വീണു. വൈകിട്ട് 5.30ഓടെയുണ്ടായ അപകടത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സ്കൂൾ പ്രവർത്തന സമയം അവസാനിച്ചതിന് ശേഷമാണ് സംഭവം നടന്നതെന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. സ്കൂൾ പരിസരത്ത് പ്രവർത്തിച്ചിരുന്ന സർവശിക്ഷ അഭിയാൻ ഓഫീസിന്റെ കെട്ടിടമാണ് തകർന്നത്.

ഓടിട്ട മേൽക്കൂരയുള്ള പഴക്കമേറിയ കെട്ടിടം പൂർണമായും നിലംപൊത്തുകയായിരുന്നു. ഏകദേശം 30 ജീവനക്കാർ ജോലി ചെയ്യുന്ന ഓഫീസാണിത്. അപകടസമയത്ത് കെട്ടിടത്തിനുള്ളിലോ സ്കൂൾ പരിസരത്തോ ജീവനക്കാരോ വിദ്യാർഥികളോ ഉണ്ടായിരുന്നില്ല. എല്ലാവരും മടങ്ങിയ ശേഷമാണ് മേൽക്കൂര തകർന്നു വീണത്. അതിനാൽ വലിയ അപകടം ഒഴിവാകുകയായിരുന്നു.

സംഭവവിവരം അറിഞ്ഞെത്തിയ അധികൃതർ സ്ഥലത്ത് പരിശോധന നടത്തി. കെട്ടിടം തകർന്നതിന്റെ കാരണം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചു. അതേസമയം, തകർന്ന കെട്ടിടത്തിന് ആവശ്യമായ ലൈസൻസ് ഉണ്ടായിരുന്നില്ലെന്ന് ടൗൺ പ്ലാനിങ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പാറ്റൂർ രാധാകൃഷ്ണൻ ആരോപിച്ചു. വിഷയത്തിൽ ഉത്തരവാദിത്തം നിശ്ചയിച്ച് തുടർനടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Share Email
LATEST excelnclexrn
More Articles
Top