ഇറാൻ ആണവായുധങ്ങൾ നിർമ്മിക്കില്ലെന്ന് സമ്മതിച്ചതായും ഇതുമായി ബന്ധപ്പെട്ട് ഇറാന്റെ പരമോന്നത നേതാവ് അമേരിക്കയുമായി നേരിട്ട് ചർച്ചകൾ നടത്തുന്നുണ്ടെന്നുമുള്ള വമ്പൻ അവകാശവാദവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്ത്. ആണവ പദ്ധതികളെച്ചൊല്ലിയുള്ള തർക്കങ്ങളെ തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള സമാധാന ചർച്ചകൾ വഴിമുട്ടുകയും പശ്ചിമേഷ്യ വീണ്ടും കടുത്ത യുദ്ധഭീതിയിലാകുകയും ചെയ്ത സാഹചര്യത്തിലാണ് നയതന്ത്രതലത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ചേക്കാവുന്ന ട്രംപിന്റെ ഈ വെളിപ്പെടുത്തൽ. അനിശ്ചിതാവസ്ഥകൾക്കിടയിലും ഇരുപക്ഷവും തമ്മിലുള്ള ചർച്ചകൾ സജീവമാണെന്ന സൂചനയാണ് ട്രംപിന്റെ വാക്കുകൾ നൽകുന്നത്.
എന്നാൽ ട്രംപിന്റെ ഈ സമാധാനപരമായ അവകാശവാദങ്ങൾക്കിടയിലും ഗൾഫ് മേഖലയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക സംഘർഷം അതിവേഗം പടരുകയാണ്. അമേരിക്കൻ നീക്കങ്ങൾക്ക് തിരിച്ചടിയായി ഇറാൻ നടത്തിയ രൂക്ഷമായ ആക്രമണത്തിൽ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഒന്നാം ടെർമിനലിന് സാരമായ നാശനഷ്ടമുണ്ടായി. ആക്രമണത്തിൽ ഒരു ഇന്ത്യൻ സ്വദേശി കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി കുവൈത്ത് സ്ഥിരീകരിച്ചു. കൂടാതെ ബഹറൈനിലെ അമേരിക്കയുടെ അഞ്ചാം കപ്പൽപ്പടയ്ക്ക് നേരെയും ഇറാൻ ആക്രമണം നടത്തിയതായി റിപ്പോർട്ടുകളുണ്ട്. ഇറാന്റെ എണ്ണക്കപ്പലും ഖഷേം ദ്വീപിലെ ടെലി കമ്മ്യൂണിക്കേഷൻ ടവറും അമേരിക്ക തകർത്തതിന് പിന്നാലെയാണ് ഇറാൻ ഈ ശക്തമായ തിരിച്ചടി നൽകിയത്.
പെട്ടെന്നുണ്ടായ സൈനിക നീക്കങ്ങൾ മേഖലയിലെ വിമാനഗതാഗതത്തെ പൂർണ്ണമായി താറുമാറാക്കിയിട്ടുണ്ട്. കുവൈത്തിലേക്കും ബഹറൈനിലേക്കുമുള്ള വിമാനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് വഴിതിരിച്ചുവിട്ടു. കോഴിക്കോട്ട് നിന്ന് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ഉൾപ്പെടെയുള്ളവ ഇത്തരത്തിൽ തിരിച്ചുവിട്ടവയിൽ പെടുന്നു. കുവൈത്ത് വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തെ ജി.സി.സി. രാജ്യങ്ങളും അഞ്ചാം കപ്പൽപ്പടയ്ക്ക് നേരെയുള്ള നീക്കത്തെ അമേരിക്കയും അതീവ ഗൗരവത്തോടെയാണ് കാണുന്നത്. കുറച്ചുനാളത്തെ സമാധാനത്തിന് ശേഷം ഗൾഫ് മേഖല വീണ്ടും യുദ്ധക്കളമാകുന്നതോടെ പ്രവാസികൾ ഉൾപ്പെടെയുള്ള ജനങ്ങൾ വലിയ ആശങ്കയിലാണ്.















