മെക്‌സികോ: മെക്‌സിക്കോയില്‍ സൈന്യവും സായുധ സംഘവുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ വഴിയാത്രക്കാരനായ അമേരിക്കന്‍ പൗരന്‍ വെടിയേറ്റു മരിച്ചു. കാലിഫോര്‍ണിയ സ്വദേശിയായ 31 കാരനാണ് കൊല്ലപ്പെട്ടത്. ആറുപേര്‍ക്ക് പരിക്കേറ്റതായി മെക്‌സിക്കന്‍ അധികൃതര്‍ അറിയിച്ചു.സാന്‍ജോസ് ഡെല്‍ കാബോ നഗരത്തിനു സമീപമാണ് ഏറ്റുമുട്ടലുണ്ടായത്. സംഭവത്തില്‍ രണ്ടു സൈനീകര്‍ക്കും നാല് സാധാരണ പൗരന്‍മാര്‍ക്കും പരിക്കേറ്റതായി അധികൃതര്‍ അറിയിച്ചു. വിനോദസഞ്ചാര കേന്ദ്രമായ കോസ്റ്റ ഡൊറാഡയില്‍ സൈന്യവും സായുധ സംഘവും തമ്മില്‍ ശനിയാഴ്ച്ച രാത്രിയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത് .ഞായറാഴ്ച്ച പുലര്‍ച്ചെ വരെ വെടിവെയ്പ് തുടര്‍ന്നു.
സംഭവസ്ഥലത്ത് മിനിസ്റ്ററി ഓഫ് നാഷ്ണല്‍ ഡിഫന്‍സിലെ രണ്ട് സൈനികരെ വെടിയേറ്റ നിലയില്‍ കണ്ടെത്തി. 20 വയസുള്ള ഒരു സൈനികന് ഗുരുതരമായി പരിക്കേറ്റു. 25 വയസുകാരനായ മറ്റൊരു സൈനീകനും പരിക്കേറ്റു. ഇരുവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെടിവെയ്പിനിടെ അഞ്ച് സാധാരണ പൗരന്മാരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തി.
പരിക്കേറ്റവരില്‍ വെടിയേറ്റ 14 കാരനും കാലിന് ഗുരുതര പരിക്കേറ്റ 65 വയസുള്ള സ്ത്രീയും ഉള്‍പ്പെടുന്നു. കൂടാതെ 35 വയസുള്ള ഒരാളും 43 വയസുള്ള ഒരു സ്ത്രീയും പരിക്കുകളോടെ ചികിത്സയിലാണ്.
ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തു നിന്നും ഉയര്‍ന്ന ശേഷിയുള്ള തോക്കുകള്‍, റൈഫിളില്‍ ഘടിപ്പിച്ച നിലയില്‍ ഉണ്ടായിരുന്ന ഗ്രനേഡ് ലോഞ്ചര്‍ ഉള്‍പ്പെടെയുള്ളവ പിടിച്ചെടുത്തു.
വെടിവെപ്പുമായി ബന്ധപ്പെട്ട് കൊലപാതകത്തിനും ഗുരുതര കൊലപാതകശ്രമത്തിനും കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി സ്റ്റേറ്റ് അറ്റോര്‍ണി ജനറലിന്റെ ഓഫീസ് അറിയിച്ചു.
എന്നാല്‍ ഏറ്റുമുട്ടല്‍ എങ്ങനെ ആരംഭിച്ചുവെന്നതിനെക്കുറിച്ചോ വെടിവെപ്പില്‍ പങ്കെടുത്തതായി സംശയിക്കുന്നവരെക്കുറിച്ചോ അധികൃതര്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
US citizen killed in clash between army and armed group in tourist town in Mexico















